ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേക്കെതിരെ സ്വന്തം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാളി. പ്രധാനമന്ത്രിയുടെ പാര്‍ട്ടി എംപിമാര്‍ മൂന്നോട്ട് വച്ച അവിശ്വാസ പ്രമേയത്തിന് 117നെതിരെ 200 വോട്ടുകള്‍ നേടിയാണ് മേ നേതൃപദം അരക്കിട്ടുറപ്പിച്ചത്.
തെരേസയുടെ ഭാവി തുലാസിലാക്കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന അവിശ്വാസ പ്രമേയത്തില്‍ 200 വോട്ടുകളാണ് അവർ അനുകൂലമായി നേടിയത്.
170ലേറ എംപിമാര്‍ നേരത്തെ തെരേസാ മേയെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെരേസാ മേയ്ക്ക് അധികാരത്തില്‍ തുടരാന്‍ 159 വോട്ടുകള്‍ മാത്രം മതിയായിരുന്നിടത്താണ് 200 വോട്ടുകള്‍ നേടിയത്. അവിശ്വാസ പ്രമേയത്തെ 63 ശതമാനം വോട്ടുകള്‍ നേടി അതിജീവിച്ചതോടെ ഒരു വര്‍ഷത്തേക്ക് ഇനി മേയുടെ നേതൃമാറ്റം ആവശ്യപ്പെടാന്‍ ആര്‍ക്കും കഴിയില്ല.
ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി തെരേസാ മേ ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ചാണു തര്‍ക്കം. കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മെച്ചപ്പെട്ട കരാറാണിതെന്ന മേയുടെ വാദം അവരുടെ പാര്‍ട്ടിയിലെ പല എംപിമാരും അംഗീകരിക്കുന്നില്ല.
പരാജയഭീതി മണത്ത പ്രധാനമന്ത്രി ബ്രെക്‌സിറ്റ് കരാറിന്മേല്‍ നടത്താനിരുന്ന വോട്ടിംഗ് ഉപേക്ഷിച്ചു. ജനുവരി 21നു മുമ്പ് വീണ്ടും വോട്ടെടുപ്പു നടത്തുമെന്നും അതിനുമുമ്പ് കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ടോറി പാര്‍ട്ടിയിലെ 48 എംപിമാര്‍ ചേര്‍ന്ന് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്.