King Charles III Coronation: കിരീടം ചൂടി രാജപദവിയേറ്റ് ചാള്‍സ് മൂന്നാമന്‍; ബ്രിട്ടനിത് ചരിത്രമുഹൂര്‍ത്തം

Charles III is crowned king in britain : ചാരനിറമുള്ള ആറ് വിന്‍ഡ്‌സര്‍ കുതിരകള്‍ വലിക്കുന്ന 'ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ച്' എന്ന സ്വര്‍ണത്തേരിലാണ് രാജകീയമായയാത്ര. 

Written by - Zee Malayalam News Desk | Last Updated : May 6, 2023, 06:35 PM IST
  • 4000ത്തില്‍ പരം അതിഥികളെയാണ് ബക്കിങാമിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
  • സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഈ കിരീടത്തിന് ഏകദേശം 2.2 കിലോഗ്രാം ഭാരമുണ്ട്.
  • കിരീടം എലിസബത്ത് രാജ്ഞിയുടെ അപൂര്‍വ്വമായ ആഭരണ ശേഖരത്തില്‍ നിന്നുള്ള വജ്രങ്ങള്‍ കൊണ്ട് അലങ്കരിക്കും.
King Charles III Coronation: കിരീടം ചൂടി രാജപദവിയേറ്റ് ചാള്‍സ് മൂന്നാമന്‍; ബ്രിട്ടനിത് ചരിത്രമുഹൂര്‍ത്തം

ലണ്ടന്‍: ബ്രിട്ടന്റെ രാജാവായി കിരീടം ചൂടി ചാള്‍സ് മൂന്നാമന്‍.  പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയും ആഘോഷങ്ങളോടെയുമാണ് ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകള്‍ പൂര്‍ത്തിയായത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തിലാണ് ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകള്‍ നടന്നത്. വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ഇതിനൊപ്പം കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും നടന്നു. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഇപ്പോഴും ലണ്ടനില്‍ നടന്നു കൊണ്ടിരിക്കുകയാണ്. 

1937 ന് ശേഷം ഒരു രാജ്ഞിയുടെ കിരീടധാരണം രാജാവിനൊപ്പം നടക്കുന്നത് ആദ്യമായാണ്. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ്  മൂത്തമകന്‍ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ രാജാവാകുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 1953 ലായിരുന്നു എലിസബത്ത് രാജ്ഞി കിരീടം ചൂടിയത്. ആ ചടങ്ങ് നേരില്‍ കണ്ടവരില്‍ ഭൂരിഭാഗം പേരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നതും ചാള്‍സ് മൂന്നാമന്‍ ഇപ്പോള്‍ കിരീടം ചൂടുന്നതിന്റെ പ്രത്യേകതയാണ്. 

ALSO READ: ജിപിഎസ് നോക്കി കാറോടിച്ചാൽ ചിലപ്പോൾ ദേ ഇങ്ങനിരിക്കും!!! വീഡിയോ

കിരീടധാരണത്തിന്റെ ചടങ്ങുകള്‍ ഇങ്ങനെ 

ഘോഷയാത്രയോടു കൂടി ബക്കിങാം കൊട്ടാരത്തില്‍ നിന്നാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ചടങ്ങുകള്‍ നടക്കുന്നത് മധ്യ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ആബെയില്‍ വെച്ചാണ്. അവിടേക്കുള്ള രണ്ടു കിലോ മീറ്ററോളം ദൂരം ചാള്‍സ് മൂന്നാമനും കാമില രാജ്ഞിയും അകമ്പടിയോടെ സഞ്ചരിക്കും. വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ വെച്ച് കിരീടം ധരിക്കുന്ന നാല്‍പതാം പരമാധികാരിയായിരിക്കും ചാള്‍സ് മൂന്നാമന്‍ രാജാവ്. ചാള്‍സ് മൂന്നാമനൊപ്പം തന്നെ 
രാജ്ഞി കാമിലയും കിരീടം ധരിക്കും.

1066 മുതല്‍  ബ്രിട്ടനില്‍ നടന്ന എല്ലാ കിരീടധാരണത്തിനും സാക്ഷിയാണ് വെസ്റ്റ്മിനിസ്റ്റര്‍ ആബെ. വില്യം ദി കോണ്‍ക്വറര്‍ ആണ് അവിടെ നിന്നും കിരീടം ചൂടിയ ആദ്യത്തെ രാജാവ്. ഈ ഘോഷയാത്ര കാണുന്നതിനായി പൊതുജനങ്ങള്‍ക്ക് ബക്കിങാം കൊട്ടാരത്തില്‍ നിന്ന് വെസ്റ്റ്മിനിസ്റ്റര്‍ ആബെയിലേക്കുള്ള രണ്ട് ഇടങ്ങളിലായി സൗകര്യമുണ്ട്. ഇവിടെ ആളുകള്‍ നിറയുന്നതോടെ അവിടെയെത്താന്‍ കഴിയാത്തവര്‍ക്ക് കാണുന്നതിനു വേണ്ടി ഹൈഡ് പാര്‍ക്ക്, ഗ്രീന്‍ പാര്‍ക്ക്, സെന്റ് ജെയിംസ് പാര്‍ക്ക് എന്നിവിടങ്ങളില്‍ സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്. അവിടെ നിന്ന് ചടങ്ങുകള്‍ തത്സമയം കാണാന്‍ കഴിയും.

4000ത്തില്‍ പരം അതിഥികളെയാണ് ബക്കിങാമിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ചാരനിറമുള്ള ആറ് വിന്‍ഡ്‌സര്‍ കുതിരകള്‍ വലിക്കുന്ന 'ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ച്' എന്ന സ്വര്‍ണത്തേരിലാണ് രാജകീയമായയാത്ര ഉണ്ടാവുക. രാജാവിനെ അനുഗമിച്ച് കാലാള്‍പ്പടയും അംഗരക്ഷകരും ഉണ്ടാകും. 1762-ലാണ് സ്വര്‍ണത്തേര് ആദ്യമായി ചടങ്ങുകളില്‍ ഉപയോഗിച്ച് തുടങ്ങിയത്.  203 രാജ്യങ്ങളില്‍ നിന്നുള്ള 2200 ഓളം ആളുകള്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ നടക്കുന്ന ചടങ്ങിന്റെ ഭാഗമാകും. 1661ല്‍ നിര്‍മിച്ച 'സെയ്ന്റ് എഡ്വേഡ് ക്രൗണ്‍' കിരീടധാരണത്തിന്റെ ഭാഗമായി ധരിക്കും.

സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഈ കിരീടത്തിന് ഏകദേശം 2.2 കിലോഗ്രാം ഭാരമുണ്ട്. ചാള്‍സ് രണ്ടാമന്‍ രാജാവ് മുതല്‍ എല്ലാ ബ്രിട്ടീഷ് ചക്രവര്‍ത്തിമാരും ഈ കിരീടമാണ് ധരിച്ചുകൊണ്ടിരിക്കുന്നത്. ക്വീന്‍ കണ്‍സോര്‍ട്ട് കാമില രാജ്ഞിയുടെ കിരീടധാരണത്തിലൂടെ ഒരു മനോഹരമായ മുഹൂര്‍ത്തത്തിന് കൂടെയാണ് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്നത്. കാരണം പതിനെട്ടാം നൂറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് രാജാവിന്റെ ഭാര്യ രാജ്ഞിയുടെ കിരീടം വീണ്ടും ധരിക്കുന്നത്. കിരീടം എലിസബത്ത് രാജ്ഞിയുടെ അപൂര്‍വ്വമായ ആഭരണ ശേഖരത്തില്‍ നിന്നുള്ള വജ്രങ്ങള്‍ കൊണ്ട് അലങ്കരിക്കും. 

1300-ല്‍ നിര്‍മിച്ച സിംഹാസനമാണ് ചടങ്ങില്‍ ഉപയോഗിക്കുന്നത്. ഇത് എഡ്വേഡ് രാജാവിന്റെ കിരീടധാരണത്തിനു വേണ്ടിയായിരുന്നു നിര്‍മ്മിച്ചത്. 'സ്റ്റോണ്‍ ഓഫ് ഡെസ്റ്റിനി' അഥവാ 'വിധിയുടെ കല്ല്' എന്ന കല്ലുപതിച്ച ഈ സിംഹാസനം ഓക്കുതടികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍ച്ച് ബിഷപ്പും അടുത്ത കിരീടാവകാശിയും രാജകുടുംബത്തിലെ മറ്റ് സമപ്രായക്കാരും പ്രഭുക്കളും ചേര്‍ന്ന് കിരീടം ധരിച്ച് വീണ്ടും സിംഹാസനത്തിലേക്ക് നീങ്ങുന്ന രാജാവിനെ അനുഗമിക്കും. രാജാവിന് വിധേയത്വം പ്രഖ്യാപിച്ചുകൊണ്ട് അവര്‍ പ്രതിജ്ഞ ചെയ്യും.

ചരിത്രത്തിലാദ്യമായി ചാള്‍സിന്റെ ചടങ്ങില്‍ ചില സവിശേഷതകളുമുണ്ട്. സമപ്രായക്കാര്‍ക്കുപകരം, നേരിട്ടും അല്ലാതെയും ചടങ്ങ് വീക്ഷിക്കുന്ന എല്ലാ ജനങ്ങളെയും രാജാവിനെ അംഗീകരിച്ചുകൊണ്ട് പ്രതിജ്ഞചെയ്യാന്‍ ആര്‍ച്ച്ബിഷപ്പ് ക്ഷണിക്കുമെന്നതാണ് ആ സുപ്രധാനമായ സവിശേഷത. അതിനു പുറമേ അടുത്ത കിരീടാവകാശിയായി വില്യം മാത്രമായിരിക്കും പ്രതിജ്ഞാചടങ്ങില്‍ സന്നിഹിതരാവുക. ഹാരിയുണ്ടാകില്ല. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ചാള്‍സ് രാജാവും കാമിലാ രാജ്ഞിയും ഘോഷയാത്രയുടെ അകമ്പടിയോടെ സ്വര്‍ണത്തേരില്‍ തിരിച്ച് ബക്കിങാം കൊട്ടാരത്തിലേക്ക് മടങ്ങും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News