ബീജി൦ഗ്: ഒരു നിമിഷം പോലും ഇടവേളയില്ലാതെ 24 മണിക്കൂറും വാര്‍ത്ത വായിക്കുന്ന അവതാരകരെ രംഗത്തിറക്കി ചൈന. ഒരു മനുഷ്യന്‍ എങ്ങനെ ഇത്രയും നേരം വാര്‍ത്താ വായിക്കു൦ എന്നാണോ?
എന്നാല്‍, ഇത് മനുഷ്യനല്ല. യാതൊരു പരാതികളുമില്ലാതെ സ്വിച്ചിട്ട പോലെ വാര്‍ത്ത അവതരിപ്പിക്കുന്ന യന്ത്രമനുഷ്യരെയാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.
ചൈനയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് റോബോട്ടുകളെ വാര്‍ത്താ അവതരണത്തിനായി രംഗത്തിറക്കിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ടുകളെ സിന്‍ഹുവയും ചൈനീസ് സെര്‍ച്ച് എന്‍ജിനായ സോഹുവും ചേര്‍ന്നാണ് വികസിപ്പിച്ചത്.
പ്രൊഫഷണല്‍ വാര്‍ത്താ അവതാരകനെ പോലെ കൃത്യതയോടെ വാര്‍ത്ത വായിക്കുന്ന ഈ റോബോട്ടുകള്‍ കാഴ്ചയിലും മനുഷ്യരെപ്പോലുണ്ടാകും.
യഥാര്‍ത്ഥ വാര്‍ത്താ അവതാരകന്‍റെ ശബ്ദവും ഭാവവും അനുകരിച്ചാവും ഈ യന്ത്രമനുഷ്യരുടെ വായന. ഷാ൦ഗ് ഷാവോയെന്ന വാര്‍ത്താ അവതാരകന്‍റെ രൂപത്തിലും ശബ്ദത്തിലുമാണ് റോബോട്ടിനെ സിന്‍ഹുവ രംഗത്തിറക്കിയത്.
ഷാ൦ഗിന്‍റെ ചുണ്ടിന്‍റെ ചലനങ്ങള്‍, മുഖഭാവങ്ങള്‍, സംസാര രീതി എന്നിവ മനസ്സിലാക്കിയാണ് റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത്.
എന്‍റെ മുന്നിലെത്തുന്ന വാര്‍ത്തകള്‍ വിശ്രമമില്ലാത ഞാന്‍ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുമെന്ന ആമുഖത്തോടെ ഇംഗ്ലീഷിലാണ് വാര്‍ത്ത തുടങ്ങിയത്.
നിലവില്‍ ഇംഗ്ലീഷില്‍ വാര്‍ത്ത വായിക്കുന്ന അവതാരകനാണുള്ളതെന്നും ചൈനീസ് ഭാഷയില്‍ വാര്‍ത്ത വായിക്കുന്ന അവതാരകന്‍റെ പണിപ്പുരയിലാണെന്നും സിന്‍ഹുവ വ്യക്തമാക്കി.
എന്നാല്‍, റോബോട്ടിന്‍റെ ശബ്ദവും വാര്‍ത്താ അവതരണവും അത്ര സുഖകരമല്ലെന്നാണ് കേട്ടവര്‍ പറയുന്നത്.