വിവാഹ ദിവസം വരന്‍റെ കല്ലറയിലേക്ക് പോകേണ്ടി വന്ന പെണ്‍കുട്ടിയുടെ കഥ!

സെപ്റ്റംബര്‍ 29നായിരുന്നു ജെസിക്കയുടെയും പരേതനായ കെന്‍റലിന്‍റെയും വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചിരുന്നത്. 

Sneha Aniyan | Updated: Oct 10, 2018, 05:37 PM IST
വിവാഹ ദിവസം വരന്‍റെ  കല്ലറയിലേക്ക് പോകേണ്ടി വന്ന പെണ്‍കുട്ടിയുടെ കഥ!

വിവാഹം നിശ്ചയിച്ചിരുന്ന ദിവസം വിവാഹ വസ്ത്രമണിഞ്ഞ്‌ അവള്‍ പോയത് കല്ലറയിലേക്കായിരുന്നു. 

പൂര്‍വ്വികരുടെ കല്ലറയില്‍ പൂ വെച്ച് പ്രാര്‍ഥിക്കാനായിരുന്നില്ല ആ യാത്ര. പകരം മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയ തന്‍റെ പ്രിയതമനെ സാങ്കല്‍പിക വിവാഹത്തിലൂടെ സ്വന്തമാക്കാന്‍. 

സെപ്റ്റംബര്‍ 29നായിരുന്നു ജെസിക്കയുടെയും പരേതനായ കെന്‍റലിന്‍റെയും വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചിരുന്നത്. 

എന്നാല്‍,  അഗ്‌നിശമനസേനയില്‍ വോളണ്ടിയറായി ജോലി ചെയ്തിരുന്ന കെന്‍റല്‍ പത്ത് മാസങ്ങള്‍ക്ക് മുന്‍പുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. 

എന്നാല്‍, തന്‍റെ പ്രിയപ്പെട്ടവനെ ഉപേക്ഷിച്ചു പോവാനോ വിവാഹം മുടക്കാനോ ജെസിക്ക തയാറായില്ല. അവളുടെ ഈ തീരുമാനത്തിന് ബന്ധുക്കളും സുഹൃത്തുക്കളും പൂര്‍ണ പിന്തുണയാണ് നല്‍കിയത്. 

ഇരുവരുടെയും വിവാഹം തീരുമാനിച്ച ദിവസം കെന്‍റല്‍ ആഗ്രഹിച്ചതുപോലെ വെളുത്ത നിറത്തിലുള്ള വിവാഹവസ്ത്രമണിഞ്ഞ്, കൈയില്‍ മഞ്ഞയും വെള്ളയും നിറങ്ങളുള്ള പൂക്കളുമേന്തി ജെസികയെത്തി.

വരന്‍റെ അഭാവത്തില്‍ ചടങ്ങുകള്‍ നടത്താനും ഫോട്ടോഷൂട്ട്‌ നടത്താനും കെന്‍റല്‍ ഉപയോഗിച്ചിരുന്ന യൂണിഫോം, ഹെല്‍മറ്റ്, ബൂട്ട്‌സ് എന്നിവയെല്ലാം കെന്‍റലിന്‍റെ മാതാപിതാക്കള്‍ തായാറാക്കി വച്ചിരുന്നു. 

വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങി പ്രിയപ്പെട്ടവന്‍റെ കല്ലറയ്ക്കു മുമ്പില്‍ നിറകണ്ണുകളോടെ മുട്ടുകുത്തി കുമ്പിട്ടു നില്‍ക്കുന്ന ജെസിക്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.