കൊളറാഡോ: പടിഞ്ഞാറെ അമേരിക്കയിലെ കൊളറാഡോയിൽ ആലിപ്പഴം വീണ് പതിനാല് പേർക്ക് പരിക്ക്.
കൊളറാഡോയിലെ ചീയേൻ മൗണ്ടൻ മൃഗശാലയിലാണ് ശക്തമായ കാറ്റോടുകൂടി ആലിപ്പഴം വീണത്. സംഭവത്തിൽ മൃഗശാലയിലെ രണ്ട് മൃഗങ്ങൾ ചത്തതായി മൃഗശാല മാർക്കറ്റിംഗ് മാനേജർ ജെന്നി കൊച് പറഞ്ഞു.
ബേസ്ബോള്‍ വലുപ്പത്തിലാണ് ആലിപ്പഴം വീണത്. നാലുവയസുകാരിയായ ഡെയ്സി എന്നാ മുസ്കോവി താറാവും, 13 വയസുള്ള മൊട്സ്വാരി എന്ന കേപ് വള്ച്ചറുമാണ് ആലിപ്പഴം വീണ് ചത്തത്.
മൃഗശാല സന്ദർശിക്കുന്നതിനായി എത്തിയ 3,400ത്തോളം ആളുകളെ അടുത്തുള്ള ഹൈസ്കൂളിലേക്ക് മാറ്റി പാർപ്പിക്കുകയും സാരമായി പരുക്കേറ്റ ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരുക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രദേശത്തെ 2000ഓളം ആളുകളെ ആലിപ്പഴം വീഴ്ച്ച ദുരിതത്തിലാക്കിയതായും 400ഓളം വാഹനങ്ങൾ തകർന്നതായും കൊളറാഡോ സ്പ്രിംഗ്സ് ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
Practically every car in the Cheyenne Mountain Zoo parking lot is missing a window of some kind following yesterday’s hail storm. pic.twitter.com/prMYjAuiqU
— Evan Kruegel (@EvanKruegel) August 7, 2018
ആലിപ്പഴം വീഴ്ച്ചയ്ക്കൊപ്പം കനത്ത മഴയിലും മണ്ണിനടിച്ചലിലും മാനിറ്റോ സ്പ്രിംഗ്സിന്റെ പടിഞ്ഞാറൻ യുഎസ് ഹൈവേ 24 അടച്ചു പൂട്ടിയതായി കൊളറാഡോ സ്പ്രിംഗ്സ് ഗസറ്റ് റിപ്പോർട്ട് ചെയ്തു.
സ്ഥലത്തെ പ്രധാന ഹോട്ടലായ ബ്രാഡ്മൂർ ഹോട്ടൽ ആൻഡ് റിസോർട്ടിലെ സന്ദർശകർക്കും ജീവക്കാർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച്ച മുതൽ മൃഗശാല അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.