ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും മോശം -ഐഎംഎഫ്

ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ മോശമാണെന്ന് ഇന്ത്യന്‍ മോണിറ്ററി ഫണ്ട്.   

Last Updated : Sep 13, 2019, 11:39 AM IST
ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും മോശം -ഐഎംഎഫ്

വാഷി൦ഗ്ടണ്‍: ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ മോശമാണെന്ന് ഇന്ത്യന്‍ മോണിറ്ററി ഫണ്ട്.   

കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും പാരിസ്ഥിതിക കാരണങ്ങളുമാണ് രാജ്യത്തിന്‍റെ വളര്‍ച്ചയെ കാര്യമായി ബാധിച്ചതെന്ന് ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് വ്യക്തമാക്കുന്നു.

മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഐഎംഎഫ് വക്താവ് ഗെറി റൈസാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതികരിച്ചത്.

ബാങ്കിംഗ് മേഖലയിലെ മോശം വളര്‍ച്ചയും ഇതിന് കാരണമായി ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നുണ്ട്.

കോര്‍പ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണ സംവിധാനത്തിലെ അനിശ്ചിതത്വങ്ങളും ബാങ്കിംഗ് ഇതര സ്ഥാപനങ്ങളുടെ മോശം പ്രവര്‍ത്തനവുമാണ് തിരിച്ചടിയുണ്ടാക്കുന്നതെന്നാണ് ഐഎംഎഫിന്‍റെ നിലപാട്. 

പുതിയ കണക്കുകള്‍ വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഗെറി റൈസ് പറഞ്ഞു.

ഏപ്രില്‍-ജൂണ്‍ പാദത്തിലെ വളര്‍ച്ച ഏഴു വര്‍ഷത്തെ താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലെത്തി. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ എട്ടുശതമാനമായിരുന്നു വളര്‍ച്ച.

രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാ അനുമാനത്തില്‍ 0.3 ശതമാനം കുറവും ഐഎംഎഫ് വരുത്തി. 2019-20 സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനമായും കുറച്ചു. 

2020 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്‍റെ അനുമാനം. 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.  

നിര്‍മാണമേഖലയിലെ തളര്‍ച്ചയും കാര്‍ഷിക വിഭവങ്ങളുടെ ലഭ്യതക്കുറവുമാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് പ്രധാനകാരണമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന കാര്യം സര്‍ക്കാരും അംഗീകരിച്ചതാണ്. ഇതിന്‍റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ധനവകുപ്പ് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. 

എന്നാല്‍ ഇതിന് ശേഷവും ഓഹരി വിപണിയില്‍നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുകയായിരുന്നു. ബാങ്കി൦ഗ് രംഗത്തെ പരിഷ്‌ക്കാരമായിരുന്നു പിന്നീട് പ്രഖ്യാപിച്ചത്.  ഇതൊടൊപ്പം പലിശ നിരക്കുകളിലും ബാങ്കുകള്‍ കുറവ് വരുത്തിയിരുന്നു.

ഇരുപതു വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് ഓട്ടോ മൊബൈല്‍ രംഗം. ഓണ്‍ ലൈന്‍ ടാക്‌സികളെ യുവാക്കളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതാണ് ഓട്ടോ മൊബൈല്‍ രംഗത്തെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമന്‍റെ ഇതേക്കുറിച്ചുള്ള പ്രതികരണം.

Trending News