കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിൽ'കഴിഞ്ഞ ദിവസം ഉണ്ടായ ചാവേർ ആക്രമണം നടത്തിയത് മലയാളി ഐഎസ് ഭീകരരെന്ന് റിപ്പോർട്ട്. കാസർഗോഡ് സ്വദേശിയായ ഇജാസ് ആണ് ആക്രമണം നടത്തിയതെന്നാണ് ഇന്റലിജൻസ് ഏജൻസികൾ അറിയിച്ചത്. ഇയാളുടെ'ഭാര്യ റാഹില ഇപ്പോൾ അഫ്ഗാൻ ഏജൻസികളുടെ കസ്റ്റഡിയിലാണ്.
ഞായറാഴ്ച വൈകുന്നേരത്തോടെ നടന്ന ആക്രമണത്തിൽ 10 ഭീകരർ ഉൾപ്പെടെ 29 പേരാണ് മരിച്ചത്. 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജലാലാബാദ് ജയിലിന് മുന്നിൽ ഒരു കാർ പൊട്ടിത്തെറിച്ചാണ് ആക്രമണങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ ഭീകരർ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
Also read: നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് അഫ്ഗാൻ പ്രസിഡന്റ്
അഫ്ഗാനിസ്ഥാനെ നടുക്കിയ ആക്രമണങ്ങളിൽ ഒന്നായിരുന്ന ഈ ആക്രമണത്തിന് നേതൃത്വം നൽകിയത് മലയാളിയാണ് എന്നാണ് ഇപ്പോൾ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാനിൽ നിന്നും റോയുടെ സന്ദേശം ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇജാസ് കൊല്ലപ്പെട്ടുവെന്നാണ് നേരത്തെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്ന വിവരം. എന്നാൽ ഇപ്പോൾ ഈ നടന്ന ആക്രമണത്തിന് പിന്നിൽ ഇജാസ് ആണെന്നാണ് റോയുടെ സംശയം. ഞായറാഴ്ച നടന്ന ആക്രമണത്തിൽ 30 ഐഎസ് ഭീകരരാണ് പങ്കെടുത്തത്. ജയിലിലെ ആയിരത്തോളം ഐഎസ് ഭീകരരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ആക്രമണം.
കാസർഗോഡ് നിന്നും നിരവധിപേർ ഐഎസിൽ ചേരാൻ പോകുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. അതിന്റെ പിന്നിൽ ഇജാസ് ആണെന്നാണ് സംശയം.