നേപ്പാള്‍ ഭരണ കക്ഷിയില്‍ ഭിന്നത തുടരുന്നു;നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതൃയോഗം വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി!

നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതൃയോഗം വെള്ളിയാഴ്ച്ച ചേരുന്നതിനായി മാറ്റി.

Last Updated : Jul 8, 2020, 03:12 PM IST
നേപ്പാള്‍ ഭരണ കക്ഷിയില്‍ ഭിന്നത തുടരുന്നു;നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതൃയോഗം വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി!

കാഠ്മണ്ഡു:നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതൃയോഗം വെള്ളിയാഴ്ച്ച ചേരുന്നതിനായി മാറ്റി.

നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ ഭൂരിപക്ഷം അംഗങ്ങളും പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെയ്ക്കണം എന്ന നിലപാടിലാണ്.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ പികെ ധഹലും മാധവ് കുമാര്‍ നേപ്പാളും പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

നേരത്തെ ചൈനീസ് അംബാസഡര്‍ ഭരണകക്ഷിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നെന്ന് റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു.

ചൈനയുടെ നയതന്ത്ര പ്രതിനിധി നേപ്പാളിലെ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രിയുടെ രാജി ഒഴിവാക്കാന്‍ ശ്രമം നടത്തുന്നെന്നാണ് വിവരം.
ചൈനീസ് അംബാസഡര്‍ ഹു യാംഗി യാണ് നേപ്പാളിലെ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തിയത്.

ഇക്കാര്യം പുറത്ത് വന്നതോടെ ചൈനയുടെ ഇടപെടല്‍ രാജ്യത്തിനകത്ത് വേണ്ട എന്ന വികാരം ഭരണകക്ഷിയിലെ തന്നെ ചില അംഗങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ അപക്വമായ വിദേശനയമാണ് ഒലിയുടെതെന്ന വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു.

ചൈനയുടെ നയതന്ത്ര കാര്യാലയമാണ്‌ നേപ്പാള്‍ പ്രധാനമന്ത്രിയെ സ്വാധീനിക്കുന്നത് എന്ന ആരോപണം ശക്തമാണ്.

തന്‍റെ രാജിക്ക് ഭരണകക്ഷിയില്‍ നിന്ന് സമ്മര്‍ദം ഉയര്‍ന്നതിന് പിന്നാലെ ഒലി തനിക്കെതിരെ ഗൂഡാലോചന നടക്കുകയാണ്,ഇന്ത്യന്‍ എംബസിയാണ് 
അതിന്‍റെ പിന്നില്‍ എന്നും ആരോപണം ഉന്നയിച്ചിരുന്നു.എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ 
നേതാക്കള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപെടുകയും ചെയ്തു.പലതവണ പികെ ധഹലും ഒലിയും മാധവ് കുമാര്‍ നേപ്പാളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും 
രാജി എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകുന്നതിന് നേതാക്കള്‍ തയ്യാറായില്ല,രാജി ആവശ്യം അംഗീകരിക്കുന്നതിന് ഒലിയും തയ്യാറായില്ല.

Also Read:നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധി;പ്രധാനമന്ത്രി ഒലിയെ കടന്നാക്രമിച്ച് പ്രതിപക്ഷം;പക്വതയില്ലാത്ത വിദേശനയമെന്ന് വിമര്‍ശനം!

നേപ്പാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ പിളര്‍ത്തി അധികാരത്തില്‍ തുടരുന്നതിനാണ് ഒലിയുടെ ശ്രമം .അതേസമയം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 
ചൈനയ്ക്കെതിരെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

ചൈന തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.എന്തായാലും വെള്ളിയാഴ്ച്ച ഭരണകക്ഷിയുടെ നേതൃയോഗം 
ചേരുകയാണെങ്കില്‍ ഒലിക്കെതിരെയുള്ള നിലപാട് എതിര്‍പക്ഷം ആവര്‍ത്തിക്കുമെന്നാണ് വിവരം.

Trending News