ഇസ്ലാമാബാദ്: അറസ്റ്റു ചെയ്ത മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്ന്് പാകിസ്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ഇമ്രാനെ അറസ്റ്റ് ചെയ്ത നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയോടാണ് നിര്‍ദ്ദേശിച്ചത്. അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഇമ്രാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഇമ്രാനെ അറസ്റ്റ് ചെയ്ത കേസില്‍ ഇന്ന് വിധി പ്രസ്താവിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബന്‍ഡിയാല്‍ വ്യക്തമാക്കി.
കോടതി വളപ്പില്‍ നൂറോളം സൈനികര്‍ നിയമവിരുദ്ധമായി കടന്നുകയറിയാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. ഇത് കോടതി അലക്ഷ്യമാണെന്നും സൈനികര്‍ വളരെ മോശമായാണ് ഇമ്രാനോട് പെരുമാറിയതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇസ്ലാമാബാദ് ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി ഇമ്രാന്‍ സമീപിച്ചിട്ടുണ്ടെന്ന കാര്യം അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇമ്രാന്‍ ഖാനെ കോടതിവളപ്പില്‍നിന്ന് അറസ്റ്റ് ചെയ്ത നടപടിയില്‍ സുപ്രീം കോടതി അതൃപ്തി അറിയിച്ചു.
വ്യാഴാഴ്ചയാണ് അഴിമതി കേസില്‍ ഇമ്രാന്‍ ഖാനെ അതിര്‍ത്തി രക്ഷാ സേനയായ പാക് റേഞ്ചേഴ്സ് ഇസ്ലാമാബാദ് ഹൈക്കോടതി വളപ്പില്‍നിന്നും അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ മാലിക് റിയാസ് എന്ന വസ്തുക്കച്ചവടക്കാരനില്‍ നിന്ന് ഭൂമി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...