റഷ്യയും യുക്രൈനും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, റഷ്യയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന സാധാരണക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച തുടങ്ങിയ ആക്രമണത്തിൽ 240 പേർക്ക് പരിക്കേറ്റതായാണ് യുഎൻ റിപ്പോർട്ട് ചെയ്യുന്നത്. അതിൽ 64 പേർ കൊല്ലപ്പെട്ടു. അതേസമയം പരിക്കേറ്റവരുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും എണ്ണം ഇനിയും വർധിക്കുമെന്ന് യുഎൻ വ്യക്തമാക്കി.
അതിനിടെ സുമി ഒബ്ലാസ്റ്റിലെ ഒഖ്തിർക്കയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഏഴ് വയസുകാരി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതായി ഗവർണർ ദിമിത്രി ഷിവിറ്റ്സ്കി പറഞ്ഞു, ദി കൈവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
അതിനിടെ യുക്രൈനിൽ നിന്നും പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ യുക്രൈൻ സൈന്യം ഭീഷണിപ്പെടുത്തുകയാണ്. വിദ്യാർഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയും ലാത്തിച്ചാർജ് നടത്തിയും തിരികെ പോകാൻ നിർബന്ധിക്കുകയാണ് യുക്രൈൻ സൈന്യം. മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി വഴിയാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. കിലോമീറ്ററുകളോളം നടന്നാണ് ഇവർ അതിർത്തിയിൽ എത്തുന്നത്. ഇവിടെ നിന്നും മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ സൈന്യം മർദിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്ത് വിട്ടിരുന്നു.
യുക്രൈനെതിരെ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കീവിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപത്തെ പ്രദേശമായ വാസിൽകീവിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തി. ഇതേ തുടർന്ന് പ്രദേശത്ത് വൻ തീപിടിത്തം ഉണ്ടായി. യുക്രൈനെ നാല് ദിശയിൽ നിന്നും വളഞ്ഞ് ശക്തമായി ആക്രമിക്കാനാണ് റഷ്യ സൈനികർക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...