Video: കുഞ്ഞുമായി കാളപ്പോര്: വീഡിയോ വൈറല്‍, യുവാവിന് രൂക്ഷ വിമര്‍ശനം

കാളപ്പോര് എന്ന അപകടം പിടിച്ച വിനോദത്തിലേക്ക് ഒന്നുമറിയാത്ത കുഞ്ഞിനെ ഉള്‍പ്പെടുത്തിയാല്‍ എന്തായിരിക്കും അവസ്ഥ?

Last Updated : Jul 10, 2018, 12:05 PM IST
Video: കുഞ്ഞുമായി കാളപ്പോര്: വീഡിയോ വൈറല്‍, യുവാവിന് രൂക്ഷ വിമര്‍ശനം

പോര്‍ച്ചുഗല്‍: കാളപ്പോര് എന്ന അപകടം പിടിച്ച വിനോദം ഏറെ ആസ്വദിക്കുന്നവരാണ് സ്‌പെയിനിലും പോര്‍ച്ചുഗലിലുമുള്ളവര്‍. എന്നാല്‍, ആ വിനോദത്തിലേക്ക് ഒന്നുമറിയാത്ത കുഞ്ഞിനെ ഉള്‍പ്പെടുത്തിയാല്‍ എന്തായിരിക്കും അവസ്ഥ?

കഴിഞ്ഞ ദിവസം പോര്‍ച്ചുഗലിലെ ടെര്‍സെറിയ ദ്വീപില്‍ നടന്ന ഒരു കാളപ്പോരിലാണ് സംഭവം. സാന്താക്രൂസ് മേഖലയിലെ കസകാ ബറേ എന്ന വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടന്ന ആഘോഷത്തില്‍ ഒരു കുട്ടിയുമായി ഒരാള്‍ കാളപ്പോരിന് ഇറങ്ങുകയായിരുന്നു. 

നിരവധി പേര്‍ നോക്കി നില്‍ക്കെയാണ് ഒരു കൈയില്‍ കുട്ടിയും മറുകൈയില്‍ കാളയെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന തുണിയുമായി ഇയാള്‍ ഇറങ്ങിയത്. കാള അടുത്തേക്ക് വരുന്നതിനനുസരിച്ച് ഇയാള്‍ കുട്ടിയേയും തുണിയും ഇരു കൈകളിലുമായി മാറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. 

കുട്ടിയുടെ ജീവന്‍ വച്ചുള്ള കളിയുടെ വീഡിയോ വൈറലായതോടെ നിരവധി പേര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തു. കൂടാതെ, ഇയാള്‍ക്കെതിരെ ടെര്‍സറിയ പ്രവിശ്യയിലെ ശിശു സംരക്ഷണ വകുപ്പിന് പരാതിയും ലഭിച്ചിട്ടുണ്ട്.

 പോര്‍ച്ചുഗലില്‍ കാളപ്പോര് നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പോര്‍ച്ചുഗല്‍ പാര്‍ലമെന്‍റില്‍ കാളപ്പോരിനെതിരായ ബില്‍ പരിഗണനയ്ക്കു വന്നിരുന്നു. എന്നാല്‍ നാനൂറ് അംഗങ്ങളുള്ള സംഭയില്‍ 36 പേര്‍ മാത്രമാണ് അന്ന് നിരോധനത്തെ അനുകൂലിച്ചത്.

Trending News