Kottayam : കത്തോലിക്ക സഭയുടെ തലവൻ മാർപാപ്പയെ (Pope) തിരഞ്ഞെടുക്കുന്നതിനെക്കാൾ സങ്കീർണമാണ് മലങ്കര സഭയുടെ കാതോലിക്ക ബാവയെ (Catholica Bava) തിരഞ്ഞെടുക്കുന്ന നടപടികളെന്നാണ് കേൾവി. നടപടിക്രമങ്ങളും ചിട്ടവട്ടങ്ങളുമെല്ലാം അതിനെ വ്യത്യസ്തമാക്കുന്നു.
മാർത്തോമ്മ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ കാലം ചെയ്തിട്ട് മൂന്നാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോഴും മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷൻ ആരാകുമെന്നുള്ള തീരുമാനം നീണ്ടു പോവുകയാണ്. നിലവിൽ ഒക്ടോബർ 14 ഓടെ പുതിയ കാതോലിക്ക ബാവയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ഓർത്തഡോക്സ് സഭ അറിയിച്ചിരിക്കുന്നത്. എന്നാൽ സഭയ്ക്കുള്ളിൽ നിന്ന് അത്രയ്ക്ക് ശുഭകരമായ വിവരങ്ങളല്ല പുറത്തേക്ക് വരുന്നത്.
ALSO READ : Marthoma Paulose II Catholica Bava : ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തു
കതോലിക്ക ബാവ തിരഞ്ഞെടുപ്പ്
കർദിനാളുമാർ ചേർന്ന് വോട്ടെടുപ്പ് നടത്തി വെള്ള പുകയിൽ അവസാനിക്കുന്നതല്ല മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻറെ സ്ഥാനാരോഹണം. അവിടെ വിശ്വാസികളുടെ (അസോസിയേഷൻ) പങ്കും ഉണ്ട്. പക്ഷെ ഇന്ന് വരെ ഒരു വിശ്വാസികൾക്കും അതിനൊരു അവസരം ലഭിച്ചിട്ടില്ല.
കാതോലിക്ക ബാവയെ അസോസിയേഷൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് സിനഡ് യോഗം ചേർന്ന് ആരാകും സഭാ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടവർ എന്ന് തീരുമാനിക്കും. ഒന്നിൽ കൂടുതൽ പേർ പ്രസ്തുത ലിസ്റ്റിൽ വന്നാൽ മാത്രമാണ് ഒരു തിരഞ്ഞെടുപ്പിന് സാധ്യത. അതുകൊണ്ട് തന്നെ കാര്യങ്ങൾ സങ്കിർണ്ണമാക്കാതെ സിനഡിൽ തന്നെ ഒരു തീരുമാനം എടുത്ത് ഐക്യകണ്ഠനേ എന്ന രീതിയിൽ അടുത്ത കാതോലിക്ക ബാവയെ തീരുമാനിക്കും. അതുകൊണ്ട് മലങ്കര സഭയിൽ കാതോലിക്ക ബാവയെ തിരഞ്ഞെടുക്കുന്നതിന് ഇതുവരെ അസോസിയേഷനുകൾക്ക് കാര്യമായ പങ്ക് ഇതിലുണ്ടായിട്ടില്ല. അത്തരത്തിൽ വോട്ടെടുപ്പിലൂടെ ഒരു കാതോലിക്ക ബാവയും ഇതുവരെ സ്ഥാനമേറ്റിട്ടുമില്ല.
ALSO READ : Marthoma Paulose II Catholica Bava : മാർത്തോമ പൗലോസ് ദ്വീതിയൻ ബാവയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
ഇപ്രാവശ്യം ഇതെന്താണ്?
നിലവിലെ കാതോലിക്ക ബാവയുടെ അസാന്നിധ്യത്തിലാണ് മലങ്കര സഭയുടെ പുതിയ പരമാധ്യക്ഷൻ തിരഞ്ഞെടുക്കുന്നതെന്നാണ് ഏറ്റവും വലിയ പ്രത്യേകത. സാധരാണയായി ഇതിന് മുമ്പ് മലങ്കര സഭയിലെ നിയുക്ത ബാവയായ ഒരു മെത്രാപൊലീത്തയെ തിരഞ്ഞെടുക്കുമ്പോൾ നിലവിലെ ബാവയുടെ സാന്നിധ്യം അഭിപ്രായം സിനഡിൽ വലിയതോതിൽ വില കൽപിച്ചിരുന്നു. എന്നാൽ ഇത്തവണ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവയുടെ സാന്നിധ്യമില്ലായ്മ പുതിയ ബാവയെ സിനഡിൽ തീരുമാനിക്കുന്നത് നീട്ടിക്കൊണ്ടു പോവുമെന്നാണ് സഭ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇത് ചിലപ്പോൾ സഭയിലെ അഭിപ്രായങ്ങളെ പല വിഭാഗങ്ങളായി മാറ്റാനും സാധ്യതയുണ്ട്. അത്തരത്തിൽ ഒരു തീരുമാനം ഒക്ടോബറിന് മുമ്പ് നടക്കുന്ന സിനഡിൽ തീരുമാനമായില്ലെങ്കിൽ ചരിത്രത്തിൽ ആദ്യമായി മലങ്കര സഭ പരമാധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി വോട്ടെടുപ്പിലേക്ക് നീങ്ങാൻ സാധ്യതയുമുണ്ട്.
സഭയുടെ തലപ്പത്തേക്ക് ലക്ഷ്യം വെച്ച് മൂന്ന് വിഭാഗങ്ങൾ
ഓർത്തഡോക്സ് സഭയുമായി അടുത്ത് ബന്ധമുള്ള മൂന്ന് വൃത്തങ്ങൾ സീ ഹിന്ദുസ്ഥാൻ മലയാളത്തിന് നൽകിയ വിവരം അനുസരിച്ച് മെത്രാപൊലീത്തമാർക്കിടെയിൽ നിലവിൽ മൂന്ന് പക്ഷം ഉടലെടുത്തിട്ടുണ്ടന്നാണ്. കണ്ടനാട് വെസ്റ്റ് ഭദ്രാസനം മെത്രാപൊലീത്ത മാത്യുസ് മാർ സേവേറിയോസും, കണ്ടനാട് ഈസ്റ്റ് ഭദ്രാസനം മെത്രാപൊലീത്ത തോമസ് മാർ അത്താനിയസോസ്, തിരുവന്തപുരം ഭദ്രാസനം മെത്രപൊലീത്ത ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് എന്നിവരെ മുൻ നിർത്തി മൂന്ന് വിഭാഗങ്ങളായി മാറിയിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
ഇതിൽ മാത്യുസ് മാർ സേവേറിയോസിന്റെ പേര് നേരത്തെ തന്നെ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ കാലം ചെയ്യുന്നതിന് മുമ്പ് നിർദേശിച്ചതായി സഭയുമായി ഏറ്റവും അടുത്ത ബന്ധമുള്ളവർ സൂചിപ്പിക്കുന്നു. എന്നാൽ കാതോലിക്ക ബാവയുടെ അസാന്നിധ്യം ആ തീരുമാനത്തിന് വില ഇല്ലാതാക്കിയേക്കും. എന്നാൽ ഒരു വലിയ വിഭാഗം പേരും മാർ സേവേറിയോസിനായി നില കൊള്ളുന്നുണ്ടെന്നാണ് സഭയുമായി അടുത്ത് ബന്ധമുള്ള വൃത്തം നൽകുന്ന വിവരം. അതോടൊപ്പം മാർ സേവേറിയോസിനെ പരമാധ്യക്ഷ പദവിയിലേക്ക് നിർദേശിക്കണ്ടയെന്നും മറ്റ് ചിലപക്ഷങ്ങളും നിലകൊള്ളുന്നുണ്ട്.
ALSO READ : ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം
തോമസ് മാർ അത്താനസിയോസാണ് രണ്ടാമത്തെ ഒരു പ്രബല വിഭാഗം. ഇദ്ദേഹം പാത്രീയർക്കീസ് വിഭാഗം വിട്ട് മലങ്കര സഭയ്ക്കൊപ്പം ചേർന്ന് സേവനം അനുഷ്ഠിക്കുന്ന മെത്രാപൊലീത്തമാരിൽ ഒരാളാണ്. ഇങ്ങനെ ഓർത്തഡോക്സ് സഭയ്ക്കൊപ്പം ചേർന്നവർക്ക് പ്രതിനിധ്യം നൽകുന്നവർക്കായിട്ട് മാർ അത്താനസിയോസിനെ സഭ തലപ്പത്തേക്ക് ഒരു വിഭാഗം നിർദേശിക്കുന്നുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ മുൻകാല പാത്രിയർക്കീസ് ബന്ധം പലരും ഒരു കുറവായിട്ട് കാണുന്നുണ്ടെന്നാണ് സഭ വൃത്തം അറിയിച്ചിരിക്കുന്നത്. യാക്കോബായ സഭയുമായി ഇനി ഒരു വ്യവഹാരത്തിനുമില്ല എന്ന പൗലോസ് ദ്വീതിയന്റെ കാഴ്ചപാടിന് ഇത് ചിലപ്പോൾ വിരുദ്ധമായി ബാധിച്ചേക്കാമെന്നാണ് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇരവരെയും കൂടാതെ മൂന്നാമത്തെ വിഭാഗം തിരുവനന്തപുരം മൊത്രാപൊലീത്ത മാർ ഗ്രീഗോറിയോസാണ്. സഭാഭരണം ഒരു വിഭാഗത്തിലേക്ക് മാത്രം ഒതുങ്ങി പോകാതിരിക്കാൻ എന്നുള്ള നിലപാടിലായിരിക്കും മാർ ഗ്രീഗോറിയോസ് തന്റെ താൽപര്യം അറിയിച്ചിരിക്കുന്നതെന്ന് വൃത്തം സൂചിപ്പിക്കുന്നത്.
എന്നാൽ അവസാന തീരുമാനം ഒരു പിളർപ്പിന് വരെ സാധ്യത വരുത്തിയേക്കാമെന്ന സൂചനായും കൂടി വൃത്തങ്ങൾ അറിയിക്കുന്നുണ്ട്. എന്ത് സംഭവിച്ചാലും ഒക്ടോബർ 14ന് ഔദ്യോഗികമായി പുതിയ കാതോലിക്ക ബാവയെ തീരുമാനിച്ച് ഒക്ടോബർ 15-ന് വാഴിക്കുമെന്നാണ് കോട്ടയം ദേവലോകം അരമന നിശ്ചിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...