KAL E-Scooters: ആറ് മാസത്തിനകം ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തിലിറക്കാനൊരുങ്ങി കെ എ എൽ

KAL to launch electric scooters: ലോഡ്സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഇ-സ്കൂട്ടറുകൾ നിർമ്മിക്കുക. 

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 07:50 PM IST
  • ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
  • മട്ടന്നൂർ കിൻഫ്ര പാർക്കിൽ ഇലക്ട്രിക് ടൂവീലർ നിർമാണ യൂണിറ്റ് ആരംഭിക്കും.
  • സംരംഭം വഴി 200 പേർക്കു നേരിട്ടും നിരവധി പേർക്കു പരോക്ഷമായും തൊഴിൽ സൃഷ്ടിക്കപ്പെടും.
KAL E-Scooters: ആറ് മാസത്തിനകം ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തിലിറക്കാനൊരുങ്ങി കെ എ എൽ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ(കെ.എ.എൽ) നേതൃത്വത്തിൽ ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കെ.എ.എൽ, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണക്കമ്പനി ലോഡ്സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നു, മട്ടന്നൂർ കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന ഇലക്ട്രിക് ടൂവീലർ നിർമാണ യൂണിറ്റിന്റെ കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ.എ.എല്ലിൽനിന്നു പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ നിരത്തിലിറങ്ങിയ ഓട്ടോറിക്ഷകളുമായി ബന്ധപ്പെട്ടുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾക്കു പരിഹാരമായിക്കഴിഞ്ഞു. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കായി വയനാട്ടിലും കണ്ണൂരിലും രണ്ടു സർവീസ് സെന്ററുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ വയനാട്ടിലെ സർവീസ് സെന്റർ തുടങ്ങി. ഡീലർഷിപ്പിനൊപ്പം സർവീസിനുള്ള സൗകര്യവും ഒരുക്കാനുള്ള നടപടികൾ ആലോചിച്ചുവരികയാണ്. ഓട്ടോറിക്ഷകൾക്കായി നേപ്പാളിൽനിന്നു വീണ്ടും ഓർഡറുകൾ വരുന്നുണ്ട്. കെ.എ.എൽ ഓട്ടോകൾക്കു രാജ്യത്താകെ മികച്ച ഡിമാൻഡ് ഇപ്പോഴുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: ഇനി എന്തിനീ ബിരുദം? വികാരാധീനരായി വന്ദനയുടെ മാതാപിതാക്കൾ, ആശ്വസിപ്പിച്ച് ​ഗവർണർ

മട്ടന്നൂർ കിൻഫ്ര പാർക്കിലെ രണ്ട് ഏക്കർ സ്ഥലത്താണു പുതിയ ടൂവീലർ നിർമാണ പ്ലാന്റ് വരുന്നത്. സംയുക്ത സംരംഭത്തിന് 4,64,97,000 രൂപയാണ് അംഗീകൃത മൂലധനം നിജപ്പെടുത്തിയിരിക്കുന്നത്. സംയുക്ത സംരംഭത്തിൽ 26 % ഓഹരി കെ.എ.എലിനും ബാക്കി ലോഡ്സ് മാർക് ഇൻഡസ്ട്രീസിനുമാണ്. സംരംഭം വഴി 200 പേർക്കു നേരിട്ടും നിരവധി പേർക്കു പരോക്ഷമായും തൊഴിൽ സൃഷ്ടിക്കപ്പെടും. മന്ത്രിയുടെ സാന്നിധ്യത്തിൽ കെ.എ.എൽ. മാനേജിങ് ഡയറക്ടർ പി.വി. ശശീന്ദ്രനും ലാൻഡ് മാർക്ക് ഇൻഡസ്ട്രീസ് ഡയറക്ടർ സുനിൽ കർഗൂൺകരും പദ്ധതിയുടെ കരാർ പത്രം കൈമാറി.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ, കെ.എ.എൽ. ചെയർമാൻ പുല്ലുവിള സ്റ്റാൻലി, പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ് ചെയർമാൻ ഡോ. ആർ. അശോക്, ലോഡ്സ് ഇൻഡസ്ട്രീസ് ഡയറക്ടർ വിനോദ് തിവാരി തുടങ്ങിയവർ പങ്കെടുത്തു.

ഇ-വാഹന നിർമാണ മേഖലയ്ക്ക് കുതിപ്പേകാൻ തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ്  ബാറ്ററി
 
ഇലക്ട്രോണിക് വാഹന ഉൽപ്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് കുതിപ്പേകുന്ന തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽ.ടി.ഒ)  ബാറ്ററിയുടെ പ്രോട്ടോടൈപ്പ് ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ കൈമാറി. വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായരിൽ നിന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് പ്രോട്ടോടൈപ്പ് സ്വീകരിച്ചു.

സംസ്ഥാനത്ത് ഇ-വാഹന നയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്‌ക് മുൻകൈയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്‌മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യം ആണ് തദ്ദേശീയമായി എൽ.ടി.ഒ വികസിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചത്. വി.എസ്.എസ്.സി, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് (ടി.ടി.പി.എൽ), സി-ഡാക് തിരുവനന്തപുരം, ട്രിവാൻഡ്രം എൻജിനീയറിങ്ങ് സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് പാർക്ക് എന്നിവയാണ് കൺസോർഷ്യത്തിലെ പങ്കാളികൾ.

ബാറ്ററി നിർമാണത്തിനാവശ്യമായ 10 കിലോ എൽ.ടി.ഒ ഇലക്ട്രോഡ് വസ്തു ടി.ടി.പി.എൽ വിതരണം ചെയ്യുകയും വി.എസ്.എസ്.സി ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുടെ പ്രോട്ടോടൈപ്പ്  വികസിപ്പിക്കുകയും ആയിരുന്നു. മികച്ച ഊർജ്ജ സാന്ദ്രത, വേഗത്തിലുള്ള ചാർജിങ്ങ്, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുള്ള ബാറ്ററി ഭാവിയിൽ ഹരിതോർജ്ജ ഇന്ധന ലഭ്യതയിൽ പുതിയ വഴി തെളിക്കും.

എൽ.ടി.ഒ ബാറ്ററി സംസ്ഥാന സർക്കാറിന് കൈമാറിയ മുഹൂർത്തം ചരിത്രപരമെന്ന് വ്യവസായ മന്ത്രി വിശേഷിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ് തദ്ദേശീയമായ വസ്തുക്കൾ ഉപയോഗിച്ച് ബാറ്ററി വികസിപ്പിച്ചതെന്നത് ഏറെ സന്തോഷം പകരുന്നതായി അദ്ദേഹം പറഞ്ഞു.

കേരളത്തെ വ്യവസായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി  സംസ്ഥാന സർക്കാർ കണ്ടെത്തിയ 22 മുൻഗണനാ മേഖലകളിൽ പ്രധാനപ്പെട്ടതാണ് ഇലക്ട്രിക് വാഹന മേഖല.  മോണോസൈറ്റ്, തോറിയം, ഇല്ലുമിനൈറ്റ് തുടങ്ങിയ മൂലകങ്ങളാൽ സമ്പന്നമായ കേരളത്തിന്റെ ധാതുസമ്പത്ത് വേണ്ട വിധം വ്യാവസായികമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ഇത്തരത്തിലുള്ള കണ്ടുപിടുത്തം അതിനു കൂടി വഴിവെക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

പുതുതായി വികസിപ്പിച്ച ബാറ്ററി സുരക്ഷിതവും മാലിന്യവിമുക്തവുമാണെന്ന് വി.എസ്.എസ്.സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. പരിപാടിയിൽ സി-ഡാക് സീനിയർ ഡയറക്ടർ ചന്ദ്രശേഖർ വി അധ്യക്ഷത വഹിച്ചു. ബാറ്ററി വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വി.എസ്.എസ്.സി മുൻ ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. എസ്. എ ഇളങ്കോവൻ, ഹാരിഷ് സി.എസ് എന്നിവരെ മന്ത്രി ആദരിച്ചു. കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ,  ടി.ടി.പി.എൽ എം.ഡി ജോർജ് നൈനാൻ, ഡോ. ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News