കൊച്ചി: കൊച്ചിയില്‍ ഫ്ലാറ്റിൽ വീണ്ടും ലഹരി ഇടപാട്. ഐടി കമ്പനി മാനേജര്‍ ഉള്‍പ്പടെയുള്ള സംഘം പിടിയില്‍. പോലീസ് റിപ്പോർട്ട് അനുസരിച്ച് ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് തൃക്കാക്കര മില്ലു പടിയില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തായിരുന്നു ഇവർ ഇടപാടുകള്‍ നടത്തിയിരുന്നത് എന്നാണ്.
ലഹരി ഇടപാടും ഉപയോഗവും നടക്കുന്നതായി എറണാകുളം സിറ്റി പൊലീസിനു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡാന്‍സാഫ്, തൃക്കാക്കര പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഹരി എത്തിച്ച് വില്‍പന നടത്തി വന്ന കൊല്ലം സ്വദേശികളായ ആമിനാ മനസില്‍ ജിഹാദ് ബഷീര്‍, അനിലാ രവീന്ദ്രന്‍, നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി എര്‍ലിന്‍ ബേബി എന്നിവരാണ് അറസ്റ്റിലായത്.
ഇവരെക്കൂടാതെ ലഹരി ഉപയോഗിക്കുന്നതിനായി സംഘത്തിനൊപ്പം ചേര്‍ന്ന നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശിനി രമ്യ വിമല്‍, മനക്കപ്പടി സ്വദേശി അര്‍ജിത്ത് ഏഞ്ചല്‍, ഗുരുവായൂര്‍ തൈക്കാട് സ്വദേശി അജ്മല്‍ യൂസഫ്, നോര്‍ത്ത് പറവൂര്‍ സ്വദേശി അരുണ്‍ ജോസഫ് എന്നിവരും പൊലീസ് പിടിയിലായിട്ടുണ്ട്.
പ്രതികളില്‍ നിന്നും 2.5 ഗ്രാം എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പുകള്‍, ഹാഷിഷ് ഓയില്‍, ഹാഷിഷ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രതികളുടെ കയ്യിൽ ഇതിലും കൂടുതല്‍ ലഹരി വസ്തുക്കൾ ഉണ്ടാകാമെന്നാണ് കരുതുന്നത്. മാത്രമല്ല ഇവരുടെ സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...