Dubai : തൊഴിലുടമയെ നിയന്ത്രണത്തിൽ കൊണ്ട് വരാൻ ദുർമന്ത്രവാദം നടത്തിയ യുവതിക്ക് ദുബായ് കോടതി തടവ് ശിക്ഷ വിധിച്ചു. മിസ്ഡീമെനേഴ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൊഴിലുടമയ്ക്കെതിരെ ആഭിചാരവും, ക്ഷുദ്ര ക്രിയകളും ചെയ്തതാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങൾ. 25 - ക്കാരിയാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ അനുസരിച്ച് തൊഴിലുടമയ്ക്ക് ശാരീരികമായും, മാനസികമായും ധാരാളം ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് തന്നെ അപക്ഷ്പ്പെടുത്താൻ യുവതി ആഭിചാര ക്രിയകൾ നടത്തുകയാണെന്ന് സംശയം ഉണ്ടാക്കുകയായിരുന്നു. കൂടാതെ തൊഴിലുടമ യുവതി വിചിത്രമായി പെരുമാറുന്നതും, രാത്രിയിൽ മന്ത്രങ്ങൾ ഉരുവിടുന്നതും ശ്രദ്ധിച്ചിരുന്നു.
തുടർന്ന് തൊഴിലുടമ യുവതിയുടെ ഫോൺ പരിശോധിച്ചപ്പോൾ മന്ത്രവാദം ചെയ്യാനായി ഒരാളുമായി സംസാരിച്ചിരുന്നതായി കണ്ടെത്തി. കൂടാതെ യുവതിയുടെ റൂമിൽ നിന്ന് ആഭിചാരത്തിനും ദുർമന്ത്രവാദത്തിനും ഉപയോഗിക്കുന്ന ചിത്രങ്ങളും രക്തം പുരട്ടിയ തുണിയും കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആഭിചാര കൃത്യങ്ങൾ ചെയ്യാൻ ഒരാളോട് സംസാരിച്ചതായി യുവതി സമ്മതിച്ചു.
ഒരാൾ 200 ദിർഹം കൊടുത്താൽ തൊഴിലുടമ തന്നോട് നന്നായി പെരുമാറാനുള്ള മന്ത്രങ്ങൾ പറഞ്ഞ് തരാമെന്ന് പറഞ്ഞ് സമീപിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. കൂടാതെ വാട്ട്സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ച് കൊടുത്ത് അത് ഫോണിൽ തന്നെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി യുവതി പറഞ്ഞു.
റൂമിൽ നിന്ന് കണ്ടെത്തിയ ചിത്രങ്ങളും മറ്റും താൻ ഗൾഫിലായിരിക്കുമ്പോൾ തൻറെ ഭർത്താവിനെ സംരക്ഷിക്കാനും, മറ്റൊരു സ്ത്രീയെ തേടി പോകാതിരിക്കാനും വേണ്ടിയുള്ളതാണെന്നും യുവതി പറഞ്ഞു. ഒരു മാസത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ ശിക്ഷ കാലാവധി പൂർത്തിയാക്കിയതിന് ശേഷം നാട് കടത്തുകയും ചെയ്യും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.