പത്തനാപുരം: കൊല്ലം-പത്തനംതിട്ട ജില്ലകളിലായി മോട്ടോർസൈക്കിളുകൾ മോഷ്ടിച്ച് പൊളിച്ച് പാർട്സ് ആക്കി വിൽക്കുന്ന അഞ്ചംഗ സംഘത്തെ പത്തനാപുരം പോലീസ് പിടികൂടി. പത്തനംതിട്ട ജില്ലയിലെ തേപ്പുപാറ മുരുകൻ കുന്ന് രാഖി ഭവനിൽ രാഹുൽ (29), കാവടി ഭാഗം ഒഴുകുപാറ പുത്തൻവീട്ടിൽ ശ്യാം പി പ്രകാശ് (21), തൊടുവക്കാട് വിഷ്ണു ഭവനിൽ വിജീഷ് (21), കാവടി ഭാഗം രാജി ഭവനിൽ അഭി (19), തൊടുവക്കാട് വലിയവിള താഴതിൽ വീട്ടിൽ സിബിൻ (20) എന്നിവരെയാണ് പത്തനാപുരം എസ് ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ സ്ഥലങ്ങളിൽ നിന്നുമായി അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ ജയകൃഷ്ണന്റെ നിർദ്ദേശാനുസരണം ആയിരുന്നു നടപടി. രാത്രികാലങ്ങളിൽ മോട്ടോർസൈക്കിളിൽ കറങ്ങി നടന്ന് വീടുകളുടെ മുറ്റത്ത് വച്ചിരിക്കുന്ന ഇരുചക്രവാഹനങ്ങൾ മോഷണം ചെയ്ത് കൊണ്ടുപോയി പൊളിച്ച് സ്പെയർപാർട്ടുകളായി വിൽക്കുന്നതാണ് ഇവരുടെ രീതി. മാങ്കോട് മുള്ളൂർ നിരപ്പ് സ്വദേശിയായ ഇബ്രാഹിം സിക്കന്ദറുടെ TVS ബൈക്ക് രണ്ടുമാസം മുൻപ് വീട്ടുമുറ്റത്ത് നിന്നും രാത്രി മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
മോഷണം പോയ TVS ബൈക്കിന്റെ പൊളിച്ച ഭാഗങ്ങളും എൻജിനും പോലീസ് കണ്ടെടുത്തു. എൻജിൻ നമ്പറും ഷാസി നമ്പറും മാറ്റം വരുത്തിയ മൂന്ന് മോട്ടോർസൈക്കിളുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഈ വാഹനങ്ങളെക്കുറിച്ച്കൂടുതൽ അന്വേഷണം നടത്തുമെന്ന് പത്തനാപുരം ഇൻസ്പെക്ടർ ജയകൃഷ്ണൻ അറിയിച്ചു. പത്തനാപുരം എസ് ഐ ശരലാൽ, ക്രൈം എസ് ഐ സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷിബു മോൻ, ശ്രീജിത്ത്, വിനോദ്, രാജീവ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...