തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി നാളെ. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്ന് ആവശ്യം. പ്രതികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് ഇന്നലെ വിധിച്ചിരുന്നു. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾക്കെതിരെ ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ സഹോദരിക്കൊപ്പം എത്തിയ ലാത്വിയൻ യുവതിയെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. 2018 മാർച്ച് പതിനാലിന് പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്ന് യുവതി കോവളം ബീച്ചിൽ എത്തിയിരുന്നു. 40 വയസ്സുകാരിയായ ലാത്വിയൻ വനിതയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികൾ ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
പിന്നീട് പ്രതികൾ ഇവർക്ക് ലഹരി നൽകി പീഡിപ്പിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. യുവതിയുടെ മൃതദേഹം 38 ദിവസങ്ങൾക്ക് ശേഷം ചതുപ്പിൽ കണ്ടെത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...