പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ തീപാറും ബൗളിങ് പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരല്‍പം പോലും പതറിയില്ല. ലോക ക്രിക്കറ്റിലെ അതികായന്‍മാര്‍ എന്ന് വിശേഷിപ്പിക്കുന്ന ഓസ്‌ട്രേലിയയെ 295 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ന്യൂസിലാന്റിനെതിരെ സ്വന്തം നാട്ടില്‍ നേരിട്ട പരമ്പര നഷ്ടത്തിന്റെ നാണക്കേട് മുഴുവന്‍ തീര്‍ക്കുന്നതായിരുന്നു ഇന്ത്യയുടെ വിജയം.
ഒന്നാം ഇന്നിങ്‌സ് വെറും 150 ല്‍ ഒതുങ്ങിയെങ്കിലും കണക്കുതീര്‍ക്കാന്‍ കരുതി ആയിരുന്നു ഇന്ത്യ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയത്. 104 റണ്‍സിന് ഓസ്‌ട്രേലിയയെ പൂട്ടിക്കെട്ടി 46 റണ്‍സിന്റെ ലീഡും സ്വന്തമാക്കിക്കൊണ്ടായിരുന്നു ഇത്. യശസ്വി ജെയ്‌സ്വാളും വിരാട് കോലിയും കെഎല്‍ രാഹുലും ആഞ്ഞടിച്ചപ്പോള്‍ ഓസ്‌ട്രേലിയന്‍ ബൗളിങ് നിര തളര്‍ന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സെടുത്ത് മൂന്നാം ദിനം ഡിക്ലെയര്‍ ചെയ്യുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയ വിജയ ലക്ഷ്യം 534 റണ്‍സ് ആയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തിലേ പിഴച്ചു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സ് എന്ന ദയനീയമായ നിലയില്‍ ആയിരുന്നു ഓസ്‌ട്രോലിയ. എന്നാല്‍ നാലാം ദിവസം തിരിച്ചുവരവിന്റെ സാധ്യതകള്‍ പ്രകടമാക്കിക്കൊണ്ടായിരുന്നു ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ശരീരഭാഷ. ട്രെവിസ് ഹെഡ്ഡും(89) മിച്ചല്‍ മാര്‍ഷും(47) അലക്‌സ് കാരേയും(36) ചേര്‍ന്ന് ഓസ്‌ട്രേലിയയെ മുന്നോട്ട് നയിക്കാനുള്ള ശ്രമം നടത്തി. പക്ഷേ, ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ദീര്‍ഘനേരം പിടിച്ചുനില്‍ക്കാന്‍ ആര്‍ക്കും ആയില്ല. ഒടുവില്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 238 ന് പുറത്താകുമ്പോള്‍ ഇന്ത്യക്ക് ലഭിച്ചത് 295 റണ്‍സിന്റെ ആധികാരിക വിജയം.
'ത്രീ കിങ്‌സിന്റെ' കളിയായിരുന്നു ഇത് എന്ന് വേണമെങ്കില്‍ പറയാം. ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ചുകൊണ്ടായിരുന്നു യശസ്വി ജെയ്‌സ്വാളിന്റെ പ്രകടനം. 297 പന്തില്‍ 161 റണ്‍സാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. ഏറെക്കാലമായി ഫോം കണ്ടെത്താന്‍ വിഷമിക്കുകയായിരുന്ന വിരാട് കോലിയുടെ അതി ഗംഭീരമായ തിരിച്ചുവരവ് സെഞ്ച്വറിയും പെര്‍ത്തില്‍ കണ്ടു. 143 പന്തില്‍ 100 റണ്‍സാണ് കോലി സ്വന്തമാക്കിയത്. ഇനി പറയാനുള്ളത് ക്യാപ്റ്റന്‍ ജെസ്പ്രീത് ബുംറയെ കുറിച്ചാണ്. ഒന്നാം ഇന്നിങ്‌സില്‍ 18 ഓവറില്‍ വെറും 30 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് ബുംറ പിഴുതെറിഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ 12 ഓവറില്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റുകളും. മൊത്തം എട്ട് വിക്കറ്റുകളാണ് ആദ്യ ടെസ്റ്റില്‍ ബുംറയ്ക്ക് സ്വന്തം.
മുഹമ്മദ് സിറാജിന്റെ പ്രകടനവും അത്യുജ്ജ്വലമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 13 ഓവറില്‍ വെറും 20 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 14 ഓവറില്‍ 51 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളും സിറാജ് നേടി. നിതീഷ് കുമാര്‍ റെഡ്ഡിയുടെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത് നിതീഷിന്റെ 59 പന്തില്‍ നേടിയ 41 റണ്‍സ് ആയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ വെറും 27 പന്തില്‍ നിതീഷ് അടിച്ചെടുത്തത് 38 റണ്‍സ് ആയിരുന്നു. ഓള്‍ റൗണ്ടര്‍ ആയ നിതീഷിന് ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റ് ഒന്നും ലഭിച്ചില്ലെങ്കിലും ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ വട്ടംകറക്കാനായി. മൂന്ന് ഓവറില്‍ വിട്ടുനല്‍കിയത് ആകെ നാല് റണ്‍സ് മാത്രം ആയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 4 ഓവറില്‍ 21 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.