Kozhikode Medical College: മെഡിക്കല്‍ കോളേജിലെ പീഡനം: അതിജീവിതയ്ക്കൊപ്പം നിന്ന നഴ്‌സിനെ ഭീഷണിപ്പെടുത്തിയതായി പരാതി

അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിൽ എൻജിഒ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് നഴ്സിംഗ് ഓഫീസർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 01:05 PM IST
  • എൻജിഒ യൂണിയൻ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നത്.
  • നഴ്സിങ് ഓഫീസറുടെ പരാതി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കൈമാറി.
  • എന്നാൽ പരാതി പോലീസിന് ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.
  • നഴ്സിന്റെ ആരോപണം നിഷേധിച്ച് എൻജിഒ യൂണിയൻ രം​ഗത്തെത്തിയിട്ടുണ്ട്.
Kozhikode Medical College: മെഡിക്കല്‍ കോളേജിലെ പീഡനം: അതിജീവിതയ്ക്കൊപ്പം നിന്ന നഴ്‌സിനെ ഭീഷണിപ്പെടുത്തിയതായി പരാതി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ നഴ്സിങ് ഓഫീസറെ ഭീഷണിപ്പെടുത്തുന്നതായി പരാതി. അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിലാണ് നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തുന്നതെന്നാണ് പരാതി. എൻജിഒ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് നഴ്സിംഗ് ഓഫീസർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. സമൂഹ മാധ്യമങ്ങളിലും തന്നെ അവഹേളിക്കാൻ ശ്രമം നടക്കുന്നുവെന്നും നഴിസിന്റെ പരാതിയിൽ ആരോപിക്കുന്നു. 

ഐസിയുവിൽ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ ശശീന്ദ്രനെ തിരിച്ചറിഞ്ഞത് നഴ്സിങ്ങ് ഓഫീസറാണ്. ഇതിനെ തുടർന്നാണ് ഇവരെ സ്ഥലം മാറ്റുമെന്നും സസ്‌പെൻഡ് ചെയ്യാൻ സമ്മർദ്ദം ചെലുത്തുമെന്നും ഭരണാനുകൂല സർവീസ് സംഘടനയായ എൻജിഒ യൂണിയൻ ഭീഷണി ഉയർത്തിയത്. എൻജിഒ യൂണിയൻ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നത്. നഴ്സിങ് ഓഫീസറുടെ പരാതി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കൈമാറി. എന്നാൽ പരാതി പോലീസിന് ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.നഴ്സിന്റെ ആരോപണം നിഷേധിച്ച് എൻജിഒ യൂണിയൻ രം​ഗത്തെത്തിയിട്ടുണ്ട്.

അതേസമയം മൊഴി മാറ്റുന്നതിനായി അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതികളെ പോലീസിന് ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. സ്വാധീനിക്കാന്‍ ശ്രമിച്ച ഒരാളെ പിരിച്ചു വിടുകയും അഞ്ച് പേർ സസ്‌പെൻഷനിലാണ്. സസ്പെൻഷനിലായ പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയും ഈ അഞ്ച് 5 പേരുടെയും വീട്ടിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവരിൽ ആരെയും കണ്ടെത്താനായില്ലെന്നാണ് വിവരം.

Also Read: ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ നിന്നും ഒരാളെ പിരിച്ചു വട്ടു, അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ഒരു നഴ്സിങ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് അറ്റൻഡർമാർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ ഇവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതിജീവതയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയതിനാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സാക്ഷിയെ സ്വാധീനിക്കൽ, ഭീഷിണിപ്പെടുത്തൽ തുടങ്ങിയ വകുപ്പകൾ ചേർത്താണ് ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേരുടെ മൊഴിയെടുക്കുന്നത് തുടരുന്നു.

അതിനിടെ കേസിലെ കുറ്റക്കാർക്ക് കർശന നടപടി വേണമെന്ന് അവശ്യപ്പെട്ട് മഹിളാ മോർച്ച ആശുപത്രിയിലേക്ക് മാർച്ച്‌ നടത്തി.

ഈ കഴിഞ്ഞ മാർച്ച് 20നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിന് ഇരയായി എന്ന വാർത്ത പുറംലോകം അറിയുന്നത്. കേസിലെ പ്രതി മെഡിക്കൽ കോളേജിലെ അറ്റൻഡർ വടകര മയ്യന്നൂർ സ്വദേശി ശശീന്ദ്രനെ മെഡിക്കൽ കോളേജ് പോലീസ് തുടർന്ന് പിടികൂടുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന മറ്റൊരു രോഗിയെ പരിചരിക്കാൻ ജീവനക്കാർ പോയ സമയത്താണ് യുവതിയെ അറ്റൻഡർ പീഡിപ്പിച്ചത്. 

ശസ്ത്രക്രിയ കഴിഞ്ഞ് യുവതി അർദ്ധബോധാവസ്ഥയിലായിരുന്നതിനാൽ അവർക്ക് അപ്പോൾ പ്രതികരിക്കാനായിരുന്നില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയും അവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News