കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഷൂവിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎ ആണ് പിടികൂടിയത്. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണനല്ലൂർ സ്വദേശി ടോം തോമസാണ് പിടിയിലായത്. കൊല്ലം സിറ്റി പൊലീസിൻ്റെ ഡാൻസാഫ് ടീമാണ് ഇയാളെ പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ആഡംബര വോൾവോ ബസ്സുകളിൽ എംഡിഎംഎ കടത്തുന്നതായി പോലീസ് കണ്ടെത്തി. ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് കൊല്ലം അതിർത്തിയിൽ പ്രവേശിച്ചത് മുതൽ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ വിൽപ്പനയുടെ ഇടനിലക്കാരൻ കൊല്ലത്തേക്ക് സഞ്ചരിക്കുന്നുവെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ALSO READ: Cannabis seized: തിരുവനന്തപുരം അമരവിളയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
ബസ് കൊല്ലം നഗരത്തിൽ നിർത്തിയ ഉടൻ യുവാവ് ഇവിടെ ഇറങ്ങിയത് ശ്രദ്ധയിൽപ്പെട്ടയുടൻ ഇയാളുടെ ബാഗും മറ്റും പരിശോധിച്ചെങ്കിലും എംഡിഎംഎ കണ്ടെത്താനായില്ല. പിന്നീട് വസ്ത്രവും പരിശോധിച്ച പോലീസ് ഒടുവിൽ ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെടുക്കുക്കുകയായിരുന്നു. കൊല്ലത്ത് വിവിധയിടങ്ങളിൽ വിദ്യാർഥികൾക്കും മറ്റും വിതരണത്തിനായി എത്തിച്ചതായിരുന്നു മയക്ക് മരുന്ന്.
പോലീസ് അറിയിച്ചതനുസരിച്ച് എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. കൊല്ലം സിറ്റി പോലീസിന് നാർകോട്ടിക് വിഭാഗം ഇല്ലാത്തത് മൂലം പരിശോധനക്കായി മണിക്കൂറുകളോളം പോലീസ് എക്സൈസ് സംഘത്തെ കാത്തിരിക്കേണ്ടി വന്നു. കൊല്ലം പള്ളിമുക്കിലുള്ള ഒരാൾക്ക് എത്തിച്ചു നൽകാൻ കൊണ്ടുവന്നതായിരുന്നു എംഡിഎംഎയെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതി ടോം തോമസിനെ ഈസ്റ്റ് പോലീസിന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...