ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ പൊലീസ് നടപടിയെടുക്കാൻ വൈകുന്നതായി ആരോപണം. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടാം തീയതി ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബുദ്ധിമാന്ദ്യവും വികലാംഗയും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതുമായ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടന്നത്. യുവതിക്ക് 32 വയസ്സ് ഉണ്ട്.
ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടി സ്ഥിരമായി ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം ബഡ്‌സ് സ്കൂളിൽ പോകാറുണ്ട്. സംഭവം നടന്ന ഫെബ്രുവരി എട്ടാം തീയതി ഉച്ചയ്ക്ക് രണ്ടര മണിയോടെ യുവതി വീടിന്റെ മുന്നിൽ ഇരുന്ന് കളിക്കുകയായിരുന്നു. കുടുംബത്തിന്റ പരാതിയിൽ പറയുന്നത് പ്രകാരം യുവതിയെയും കുടുബത്തെയും മുൻപരിചയം ഉള്ള അയിരൂർ സ്വദേശി സുനിൽ എന്ന വ്യക്തി ഇവരുടെ വീട്ടിൽ എത്തുകയും യുവതിയുടെ വീട്ടിൽ മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയശേഷം യുവതിയെ പിടിച്ചു വലിച്ചു വീട്ടിനുള്ളിലേക്ക് കൊണ്ട് പോവുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയും ചെയ്യുകയായിരുന്നു.
ALSO READ: Crime News : ആറ്റിങ്ങലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമാണ് അതിക്രമത്തിന് ഇരയായ യുവതിയുടേത്. യുവതിയുടെ അച്ഛനും അമ്മയ്ക്കും കൂലി വേലയാണ് ഉപജീവനമാർഗം. തൊഴിലുറപ്പ് തൊഴിലാളികളായ ഇവർ സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല. യുവതിയുടെ സഹോദരിമാർ തൊഴിലുറപ്പിന് പോയ അമ്മയ്ക്ക് ആഹാരം കൊണ്ട് കൊടുത്തു തിരിച്ചു വീട്ടിൽ എത്തുമ്പോഴാണ് ഇയാൾ യുവതിയെ ഉപദ്രവിക്കുന്നത് കണ്ടത്. തങ്ങൾ നിലവിളിച്ചതോടെ ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു എന്നാണ് സഹോദരിമാർ അയിരൂർ പോലീസിന് നൽകിയിട്ടുള്ള മൊഴി. പരാതിയുടെ അടിസ്ഥാനത്തിൽ അയിരൂർ പോലീസ് ഫെബ്രുവരി 8 ന് തന്നെ കേസെടുത്തിരുന്നു.
കേസിലെ പ്രതി അയിരൂർ സ്വദേശി സുനിൽ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട് എന്നാണ് അയിരൂർ പോലിസ് വ്യക്തമാക്കുന്നത്. കായലിൽ മണലൂറ്റ് ജോലിക്കാരനായ സുനിലിനെ പിടികൂടുന്നത് ദുഷ്ക്കരമാണെന്നും കായൽ കേന്ദ്രീകരിച്ച് ആണ് ഇയാൾ ഒളിവിൽ കഴിയുന്നത് എന്നുമാണ് പോലീസിന്റെ പ്രതികരണം. എന്നാൽ പരാതി നൽകി ആഴ്ചകൾ പിന്നിടുമ്പോഴും പ്രതികളെ പിടികൂടാത്തത് കുടുബത്തിന്റെയും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...