Suryagayatri Murder Case : നെടുമങ്ങാട് സൂര്യഗായത്രിയുടെ കൊലപാതകം; പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി, ശിക്ഷ ഉടൻ വിധിക്കും

Suryagayatri Murder Case : പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചതാണെന്ന്  പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു.   

Written by - Zee Malayalam News Desk | Last Updated : Mar 30, 2023, 01:55 PM IST
  • കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ച് വരികെയായിരുന്നു സൂര്യഗായത്രി. 20 വയസായിരുന്നു.
  • കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
  • തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസില്‍ വിധി പറയുക.
  • പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു.
Suryagayatri Murder Case :  നെടുമങ്ങാട് സൂര്യഗായത്രിയുടെ കൊലപാതകം; പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി, ശിക്ഷ ഉടൻ വിധിക്കും

തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂരിൽ സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി.   കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ച് വരികെയായിരുന്നു സൂര്യഗായത്രി. 20 വയസായിരുന്നു.  കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസില്‍ വിധി പറയുക.  പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചതാണെന്ന്  പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഭിന്ന ശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് 20 വയസ്സുകാരിയായ മകളെ പ്രതി 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം വ്യക്തമാക്കിയത്. കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍  കോടതിയിൽ തെളിഞ്ഞിട്ടുണ്ട്. 2021 ഓഗസ്റ്റ് 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം പേയാടിനടുത്ത് ചിറക്കോണത്ത് താമസിക്കുന്ന അരുണാണ് കേസിലെ പ്രതി.

ALSO READ: അനുമോളെ കൊലപ്പെടുത്തിയതിന് ശേഷം ബ്രിജീഷ് മൃതദേഹത്തിനോടൊപ്പം 3 ദിവസം താമസിച്ചു; ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാന്‍ ചന്ദനത്തിരിയും കത്തിച്ചുവെച്ചു

കൊലയ്ക്ക് തൊട്ടുപിന്നാലെ നാട്ടുകാര്‍ അരുണിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. 88 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍, വിനു മുരളി എന്നിവരാണ് ഹാജരായത്. ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അഡ്മിനിസ്‌ട്രേഷന്‍ പൊലീസ് സൂപ്രണ്ടായി ജോലി നോക്കിവരുന്ന ബി.എസ്.സജിമോനാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.  

 2021 ഓഗസ്റ്റ് 30 തിങ്കളാഴ്ച ഉച്ചയക്ക് രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. ശാരീരിക വെല്ലുവിളികളുള്ളവരാണ് സൂര്യയുടെ അച്ഛനും അമ്മയും.  അടുക്കള വാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു.  സംഭവം നടന്ന ദിവസം ഉച്ചയോടെ ഇവരുടെ വീട്ടിൽ നിന്ന്  നിലവിളി  ഉയര്‍ന്നു കേൾക്കുകയായിരുന്നു.

മകളെ ആക്രമിക്കുന്നത് കണ്ട് സൂര്യഗായത്രിയുടെ 'അമ്മ വത്സല ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും അമ്മയെയും അരുണ്‍ കുത്തുകയായിരുന്നു. സൂര്യയുടെ ശരീരത്തില്‍ 33 ഇടങ്ങളിലായി കുത്തേറ്റിട്ടുണ്ട്. തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. സൂര്യയുടെ പിതാവ് ശിവദാസന്റെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി രക്ഷപ്പെടുകയായിരുന്നു.  അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും അരുണ്‍ സമീപത്തെ മറ്റൊരു വീടിന്റെ ടെറസ്സിൽ ഒളിച്ചു.  ഇവിടെ നിന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് അരുണിനെ പിടികൂടുകയ്യായിരുന്നു.

സംഭവത്തിനും രണ്ട് വര്‍ഷം മുമ്പ് അരുണ്‍ സൂര്യയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാര്‍ നിരസിച്ചു. തുടര്‍ന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. ഭര്‍ത്താവുമായി പിണങ്ങിയ സൂര്യ ഉഴപ്പാക്കോണത്തെ വാടകവീട്ടില്‍ അമ്മയോടൊപ്പം താമസമാക്കി. ഇതിന് ശേഷമാണ് വാടകവീട്ടില്‍ അരുണ്‍ എത്തിയതും കൊല നടന്നതും. സൂര്യയ്ക്ക് നല്‍കിയിരുന്ന സ്വര്‍ണവും പണവും തിരിച്ച് ചോദിച്ചപ്പോളുണ്ടായ തര്‍ക്കത്തിനിടെ സൂര്യയാണ് ആക്രമിച്ചതെന്നും അത് തടഞ്ഞപ്പോള്‍ സ്വയം കുത്തി മരിച്ചെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ സൂര്യയുടെ ദേഹത്ത് 33 മുറിവുകളുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മകളെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാപിതാക്കളെ ഉപദ്രവിച്ചതും അതിനെതിരായ തെളിവായി പ്രോസിക്യൂഷനും കാണിച്ചു.

സൂര്യഗായത്രി തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥം കത്തി പിടിച്ചുവാങ്ങി തിരികെ കുത്തിയതാണെന്നാണ്  പ്രതി, അരുണ്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയെ പരിശോധിച്ച ഡോക്ടറും ഇതിനു വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. അരുണിന്റെ കൈയിലുണ്ടായ മുറിവ് സൂര്യഗായത്രിയെ കൊലപ്പെടുത്തിയശേഷം കത്തി മടക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുമായ ബി.എസ്.സജിമോന്റെ മൊഴി. പ്രതിയെ പരിശോധിച്ച ഡോ. അബിന്‍ മുഹമ്മദും ഇതിനെ പിന്തുണയ്ക്കുന്ന മൊഴിയാണ് നല്‍കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News