മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മൂന്ന് പേർ കൂടി പിടിയിലായി. ബോട്ടുടമ നാസറിനെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പേരാണ് പിടിയിലായത്. താനൂർ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരെയാണ് പോലീസ് പിടികൂടിയത്. അതേസമയം ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്ത നാസറിനെ തിരൂർ സബ്ജയിലിലേക്ക് മാറ്റി. പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ബോട്ടുടമയെ ഹാദരാക്കിയ കോടതിക്ക് മുന്നിൽ നാട്ടുകാരുടെ വലിയ പ്രതിഷേധമാണുണ്ടായത്.
വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച്ചയാണ് ഈ ബോട്ടപകടത്തിൽ തെളിയുന്നത്. നിയമലംഘനങ്ങൾ നടന്നിട്ടും പിഴയടച്ച് അതെല്ലാം മറികടക്കാനായത് ഈ വകുപ്പുകളുടെ വീഴ്ച കൊണ്ട് മാത്രമാണ്. ഉൾനാടൻ ജലഗതാഗതം സുരക്ഷിതമാക്കാനും ബോട്ടുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനുമുള്ള കർശന വകുപ്പുകൾ ഉൾപ്പെടുന്നതാണ് 2021ലെ ഇൻലാൻഡ് വെസൽസ് ആക്ട്. ഇത് ഇപ്പോഴും നിലവിലുണ്ട്. ഈ നിയമം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് തുറമുഖ വകുപ്പും മരി ടൈം ബോർഡുമൊക്കെയാണ്. എന്നാൽ ഇതെല്ലാം മറികടന്ന് നാസറിന് എങ്ങനെ അറ്റ്ലാൻറിക് എന്ന ബോട്ട് തൂവൽ തീരത്ത് സർവീസിന് ഇറക്കാൻ കഴിഞ്ഞത് എന്നാണ് ഉയരുന്ന ചോദ്യം.
അനുവദനീയമായതിലും അധികം ആളുകളെ കയറ്റി അപകടകരമായ രീതിയിൽ അറ്റ്ലാന്റിക് ബോട്ട് സർവീസ് നടത്തിയിരുന്നത്. 22 പേരുടെ ജീവനാണ് ബോട്ടപകടകത്തിൽ പൊലിഞ്ഞത്. തുറമുഖ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ മത്സ്യബന്ധന ബോട്ട് ടൂറിസം ബോട്ടാക്കി മാറ്റിയിട്ടും നാസറിന് കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗത്തിൽ നിന്ന് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നേടാനായി. തുടർന്ന് തുറമുഖ വകുപ്പിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാനും കഴിഞ്ഞു.
എന്നാൽ രജിസ്ട്രേഷൻ നടന്നിരുന്നില്ല. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി അത് കിട്ടും മുൻപാണ് അറ്റ്ലാന്റിക് ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ബോട്ടുകൾ നിർമ്മിക്കേണ്ടത് തുറമുഖ വകുപ്പിന്റെ മുൻകൂർ അനുമതിയോടെയും അംഗീകൃത യാർഡുകളിൽ നിന്നുമാണ്. എന്നാൽ ബോട്ട് നിർമ്മാണത്തിന് ശേഷമാണ് നാസർ നിർമ്മാണം ക്രമപ്പെടുത്താൻ അപേക്ഷ നൽകിയത്. തുടർന്ന് 10,000 രൂപ പിഴ ഈടാക്കി തുറമുഖ വകുപ്പ് ഇക്കാര്യം ക്രമപ്പെടുത്തുകയും ചെയ്തു. ഇതിനിടെ നടപടികൾ വേഗത്തിൽ ആക്കുന്നതിന് നാസറിന് രാഷ്ട്രീയ സഹായം ലഭിച്ചെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
അതേസമയം താനൂർ ബോട്ട് ദുരന്തം നടന്ന സ്ഥലം ഇന്ന് മനുഷ്യാവകാശ കമ്മീഷൻ സന്ദർശിക്കും. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്ത കമ്മീഷൻ മലപ്പുറം ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
താനൂർ ദുരന്തത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്ട്രാറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അത്യധികമായ ദുഖഭാരത്താലാണ് ഉത്തരവെഴുതുന്നതെന്ന് കോടതി പറഞ്ഞു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഇതാദ്യമല്ലെന്ന് പറഞ്ഞ കോടതി ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും വ്യക്തമാക്കി. അപകടത്തിന്റെ മൂലകാരണം എന്താണെന്നുള്ളത് കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു.
കുട്ടികളടക്കം 22 പേർ മരിച്ച ഈ ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ബോട്ട് ഓപ്പറേറ്റർ മാത്രമല്ല ഇതിൽ ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവം മുൻപും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അതിൽ നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദേശങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊക്കെ എല്ലാവരും മറക്കുന്നുവെന്ന് കോടതി വിമർശിച്ചു. കുറേ വർഷങ്ങൾക്കുശേഷം സമാന സംഭവം ആവർത്തിക്കപ്പെടുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി ആരാഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...