ചെന്നൈ: തമിഴ്‌നാട് കമ്പത്തിന് സമീപം ആനകൊമ്പുമായി രണ്ട് പേര്‍ പിടിയിലായി. തേനി കൂടല്ലൂര്‍ സ്വദേശി സുരേഷ്, ഇടുക്കി കടശികടവ് സ്വദേശി മുകേഷ് എന്നിവരാണ് അറസ്റ്റിലായത്. സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ആണ് പ്രതികളെ പിടികൂടിയത്.
തേനി ജില്ലയിലേയ്ക്ക് ആനകൊമ്പ് കടത്തുന്നതായി സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കമ്പം- കുമളി പാതയിലെ അപ്പാച്ചെ ഫാം പരിസരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. കര്‍ണാടക രജിസട്രേഷനിനുള്ള ബൈക്കില്‍, എത്തിയ യുവാക്കളുടെ കൈവശം ഉണ്ടായിരുന്ന ചാക്കില്‍ നിന്നും മൂന്ന് ആനകൊമ്പുകളാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ട് വലിയ കൊമ്പുകളും ഒരു ചെറിയ കൊമ്പുമാണ് പിടികൂടിയത്. വില്പനയ്ക്കായാണ് ആനകൊമ്പ് തമിഴ്‌നാട്ടിലേയ്ക്ക് എത്തിച്ചത്. സംഭവത്തില്‍, വനം വകുപ്പ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Crime News: അഞ്ചലില്‍ വയോധികന് നേരെ ആക്രമണം; സ്വകാര്യ ബസ് ജീവനക്കാരൻ കസ്റ്റഡിയിൽ
കൊല്ലം: അഞ്ചലില്‍ യാത്രികനായ വയോധികന് നേരെ സ്വകാര്യ ബസ് ജീവനക്കാരന്‍റെ ആക്രമണം. ബസ് കണ്ടക്ടറുടെ മര്‍ദനത്തില്‍ പരിക്കേറ്റ കൊച്ചുകുരുവിക്കോണം സ്വദേശി വാസുദേവന്‍ (65) നെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രി എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
പുനലൂരില്‍ നിന്നും അഞ്ചല്‍ ഭാഗത്തേക്ക് വന്ന ഉപാസന ബസിലെ കണ്ടക്ടര്‍ ആരോമല്‍ ആണ് വാസുദേവനെ ആക്രമിച്ചത്. അഞ്ചല്‍ ഈസ്റ്റ് സ്കൂളിന് സമീപം കച്ചവടം നടത്തുന്ന വാസുദേവന്‍ എന്നും ഇറങ്ങാറുള്ള സ്ഥലത്ത് എത്തിയപ്പോള്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാസുദേവന്‍ ഇറങ്ങണം എന്ന് പറയുന്നത് ബസ് ജീവനക്കാര്‍ കേള്‍ക്കതായതോടെ ബസില്‍ ഉണ്ടായിരുന്നവരില്‍ ആരോ ബെല്ലടിച്ച് ബസ് നിര്‍ത്താന്‍ ശ്രമിച്ചു.
ഇത് കണ്ട കണ്ടക്ടർ ഡബിള്‍ ബെല്‍ അടിക്കുകയും വയോധികന് ഇറങ്ങേണ്ട സ്ഥലത്ത് നിന്ന് അല്‍പം മാറി ബസ് നിര്‍ത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത വാസുദേവനെ ഇയാള്‍ അസഭ്യം പറയുകയും ബസില്‍ നിന്ന് ഇറങ്ങിയ സമയം പിന്നിലൂടെ വന്ന് മര്‍ദിക്കുകയും നിലത്ത് തള്ളിയിടുകയുമായിരുന്നുവെന്ന് വാസുദേവന്‍ പറയുന്നു.
ആക്രമണത്തില്‍ തലക്കും കൈക്കും നടുവിനും പരിക്കേറ്റ വാസുദേവനെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതല്‍ ചികിത്സക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് വയോധികനില്‍ നിന്നും മൊഴി രേഖപ്പെടുത്തി. ബസ് കണ്ടക്ടര്‍ ആരോമലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...