പോത്തൻകോട്: വാട്ടർ അതോറിറ്റിയുടെ മാൻഹോളിന്റെ അടപ്പുകൾ മോഷ്ടിക്കുന്ന രണ്ടുപേർ അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി അനീഷ്(33) വെഞ്ഞാറമൂട് കണിച്ചോട് സ്വദേശി ജയകുമാർ (39) എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന മാൻഹോളിന്റെ അടപ്പുകളാണ് മോഷ്ടിച്ച് കടത്തിയത്.
ആറ്റിങ്ങൽ, വെഞ്ഞാറമൂട് ,വട്ടപ്പാറ, പോത്തൻകോട് എന്നിവിടങ്ങളിലെ ഇരുപതോളം മാൻഹോൾ അടപ്പുകൾ മോഷ്ടിച്ചതായി വാട്ടർ അതോറിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കാൽ ലക്ഷത്തോളം രൂപ വില വരുന്ന അടപ്പുകളാണ് പ്രതികൾ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. അടപ്പുകൾ ഇളക്കി എടുക്കുന്നതിന് വേണ്ടി നിർമ്മിച്ച പ്രത്യേകതരം ഉപകരണങ്ങളും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു.
രാത്രികാലങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നായിരുന്നു പ്രതികൾ മോഷണം നടത്തിയിരുന്നത്. പ്രതികൾ മോഷണത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പോത്തൻകോട് ഇൻസ്പെക്ടർ മിഥുന്റെ നിർദ്ദേശപ്രകാരം എസ് ഐ രാജീവ്, ഗ്രേഡ് എസ്ഐ സുനിൽകുമാർ, എ എസ് ഐ ഗോപൻ ,സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്, മനീഷ്, മനു എന്നിവർ ചേർന്നാണ് പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA