മാർച്ച് 8... വനിതാ ദിനം...ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത് എന്നാണല്ലോ. 1857 മാർച്ച് 8 ന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്.
പക്ഷെ ലോകത്തിന്റെ മിക്ക ഭാഗത്തും സ്ത്രീകളുടെ അവസ്ഥ ഇന്നും പരിതാപകരമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകൾ ഇന്നും എല്ലാ അവസ്ഥയിലും പുരുഷനേക്കാൾ ഏറെ പിന്നിലാണ്.
ഇന്ത്യയില്‍ എല്ലാ ദിവസവും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു, ഓരോ അരമണിക്കൂറിലും ഒരു ബലാത്സംഗം, ഒരു മാനഭംഗം, ഓരോ നാല്‍പ്പത് മിനിറ്റിലും ഒരു തട്ടിക്കൊണ്ടുപോകല്‍, ഒരു സ്ത്രീധന പീഡനമരണം, ഒരു ഭര്‍തൃപീഡനം അങ്ങനെ മാറ്റമില്ലാതെ തുടരുന്ന ഈ കണക്കുകള്‍ക്കിടയില്‍ നിന്ന് തന്നെയാണ് എക്കാലത്തും സ്ത്രീകള്‍ സമത്വത്തിനായി ശബ്ദമുയര്‍ത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
എന്തൊക്കെ മുറവിളി കൂട്ടിയാലും സ്ത്രീയ്ക്ക് സമത്വം, അതും നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത്... നോക്കിയിരുന്ന് കാണാം എന്നല്ലാതെ എന്ത് പറയാന്‍. ഭാരതീയ സ്ത്രീ സങ്കല്പങ്ങള്‍ അപ്പാടെ തിരുത്തിയെഴുതി കൊണ്ടിരിക്കുന്ന ഈ ന്യൂജനറേഷന്‍ കാലഘട്ടത്തില്‍ സത്രീയ്ക്ക് സമത്വം ലഭിക്കുമോയെന്ന്‍ കാത്തിരുന്നുതന്നെ കാണേണ്ടിയിരിക്കുന്നു.
”Think equal, build smart, innovate for change” എന്നതാണ് ഇത്തവണത്തെ വനിതാ ദിന സന്ദേശം.
എന്തായാലും ഇത്തവണത്തെ വനിതാദിനത്തില്‍ എന്‍റെ ജീവിതത്തില്‍ എന്നെ സ്വാധീനിച്ച സ്ത്രീകളില്‍ ചിലരേക്കുറിച്ച് ഞാന്‍ പറയാം. ലോക വനിതാദിനം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ എല്ലാം മനസ്സില്‍ ഓടിയെത്തുന്നത് നമ്മുടെ അമ്മ തന്നെയായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. നമുക്കുവേണ്ടി അമ്മയോളം ത്യാഗം സഹിച്ച അല്ലെങ്കില്‍ സ്വാധീനിച്ച ഒരു വ്യക്തി ഉണ്ടാവില്ല. അതുകൊണ്ടുതന്നെ നമ്മളെ സ്വാധീനിച്ച വ്യക്തികളില്‍ ആദ്യം ഓടിയെത്തുന്നത് നമ്മുടെ അമ്മയായിരിക്കും.
അതുകഴിഞ്ഞാല്‍ പിന്നെ മനസ്സില്‍ ഓടിയെത്തുന്നത് പഠിപ്പിച്ച അദ്ധ്യാപിക. എന്നെ ഒരുപാട് സ്വാധീനിച്ച അദ്ധ്യാപികമാരില്‍ ഒരാള്‍ എന്‍റെ ശാന്തകുമാരി ടീച്ചര്‍ ആണ്. അഞ്ചാമത്തെ ക്ലാസ്സ് മുതല്‍ ടീച്ചര്‍ പഠിപ്പിച്ചിരുന്നുവെങ്കിലും ഒരു ഏഴാം ക്ലാസ്സ് ആയപ്പോള്‍ ആണ് ആ അദ്ധ്യാപികയുടെ ഗുണം ഞങ്ങള്‍ പെണ്‍കുട്ടികള്‍ മനസിലാക്കിയത് എന്ന് തന്നെ പറയാം.
ചില ഇണക്കങ്ങളും പിണക്കങ്ങളും എനിക്ക് ടീച്ചറോട് ഉണ്ടായിരുന്നുവെങ്കിലും എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ടീച്ചര്‍ ആണ് എന്‍റെ ശാന്തമ്മ ടീച്ചര്‍. എല്ലാ ദിവസവും രാവിലെ ഞാന്‍ ടീച്ചറിനെ ഓര്‍ക്കും. വെറുതെ ഒന്നും അല്ല കേട്ടോ സത്യമായിട്ടും ഓര്‍ക്കും. രാവിലെ എണീറ്റാല്‍ ഭൂമീദേവിയെ തൊട്ടുവന്ദിക്കണം എന്ന്‍ ആദ്യം പറഞ്ഞുതരുന്നത് എന്‍റെ ശാന്തമ്മ ടീച്ചര്‍ ആണ്. അത് ഞാന്‍ ഇന്നും ആദ്യം ചെയ്യുന്നു. മാത്രമല്ല ഒരുപാട് നല്ലകാര്യങ്ങള്‍ ടീച്ചറില്‍ നിന്നും പകര്‍ന്നുകിട്ടിയിട്ടുണ്ട്. അതൊക്കെ ദിവസേന ചെയ്യുന്ന എന്‍റെ മറ്റ് സഹപാഠികളും ഉണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് നല്ല ഉറപ്പുണ്ട്. ഒത്തിരി നല്ലകാര്യങ്ങള്‍ ടീച്ചറില്‍ നിന്നും പകര്‍ന്നുകിട്ടിയിട്ടുണ്ട്.
പിന്നെ എന്‍റെ മനസ്സില്‍ ഓടിയെത്തുന്നത് ഓര്‍മ്മകള്‍ മാത്രമായ എന്‍റെ അമ്മച്ചിയാണ്. അതെ എന്‍റെ അയല്‍പക്കത്തെ അമ്മച്ചിയായ ഫാത്തിമ്മ. നഴ്സിംഗ് സൂപ്രണ്ട് ആയി റിട്ടയര്‍ ആയ എന്‍റെ അമ്മച്ചി. പത്താം ക്ലാസ്സ് പരീക്ഷ എഴുതാന്‍ തയ്യാറാകുന്ന എന്നെ വിളിച്ച് സമാധാനിപ്പിച്ച എന്‍റെ അമ്മച്ചിയുടെ മുഖം ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട്. എന്നെ സമാധാനിപ്പിക്കുമ്പോഴും കണ്ണുനിറയുന്ന എന്‍റെ അമ്മച്ചിയെ അതിന് ശേഷമുള്ള എല്ലാ പരീക്ഷകളിലും ഞാന്‍ ഓര്‍ത്തിരുന്നു. ആന്റി എന്ന് ഞാന്‍ വിളിച്ചിരുന്ന അമ്മച്ചി ഒരു ദിവസം എന്നോട് പറഞ്ഞു നീയെന്നെ ആന്റി കൂന്റിന്നൊന്നും വിളിക്കണ്ട അമ്മച്ചിന്ന് വിളിച്ചാല്‍ മതിയെന്ന് അന്ന് മുതലാണ് ഞാന്‍ അമ്മച്ചിയെന്ന്‍ വിളിച്ചു തുടങ്ങിയത്.
പിന്നെ ഓര്‍മ്മയില്‍ വരുന്നത് ഓര്‍മ്മ എന്നല്ല ഒരഭിമാനം തോന്നുന്നത് പാറ്റെച്ചിയെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് പ്രസവിച്ചില്ലെങ്കിലും സ്വന്തം മക്കളെപ്പോലെ കുട്ടികളെ വളര്‍ത്തി പഠിപ്പിച്ച് ഒരു നിലയിലാക്കിയ ആ ചേച്ചിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരഭിമാനം ആണ് കേട്ടോ. കുട്ടികള്‍ക്കും ചേച്ചിയോട് അങ്ങനെതന്നെ സ്നേഹം ഉണ്ടെന്നത് ഒരുപാട് സന്തോഷവും. പിന്നെ പ്രത്യേകിച്ചും പറയണ്ടത് രമാഭായി അമ്മ എന്ന എന്‍റെ അമ്മായിയമ്മയെക്കുറിച്ചാണ്. സത്യം, അമ്മായിയമ്മപ്പോര് തീരെ അറിഞ്ഞുകൂടാത്ത പാവം ഒരു അമ്മായിയമ്മയാണ് എന്ന് ഞങ്ങള്‍ക്ക് അഭിമാനത്തോടെ പറയാം. ഭര്‍ത്താവ് പട്ടാളത്തില്‍ ആയിരുന്നപ്പോഴും അഞ്ച് തടിമാടന്‍മാരെ നല്ല രീതിയില്‍ വളര്‍ത്തിയ ആ അമ്മയെ എങ്ങനെ ഓര്‍ക്കാതിരിക്കും അല്ലെ.
പിന്നെ വിഷമങ്ങള്‍ ഉണ്ടെങ്കിലും ആരോടും കാണിക്കാതെ അല്ലെങ്കില്‍ ഗോ ടൂ ഹെല്‍ എന്ന് പറഞ്ഞ് അടിച്ചുപോളിക്കുന്ന എന്‍റെ റൂബി ചേച്ചി. കുട്ടികളായിരുന്നപ്പോള്‍ ഞങ്ങള്‍ക്കൊപ്പം മതിലുചാടിയ മൂത്തമ്മ. പിന്നെ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച് ഇനിയും ശരിയാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി... അങ്ങനെ ഒരുപാട് പേര്‍.
സത്യത്തില്‍ സ്ത്രീകള്‍ എന്തെല്ലാം ത്യാഗങ്ങള്‍ അനുഭവിച്ചാണ് പളുങ്കുപാത്രം പോലുള്ള ജീവിതത്തെ മോടിപിടിപ്പിച്ച് കൊണ്ടുപോകുന്നത് അല്ലെ. ജീവിതം ശരിക്കും ഒരു പളുങ്കുപാത്രമാണ് അത് ഉടയാതെ കൊണ്ടുപോകുന്നത് സ്ത്രീയുടെ മാത്രം കഴിവാണ് എന്നതില്‍ സംശയമില്ല. അത് എത്രപേര്‍ അംഗീകരിക്കുന്നു? എന്തായാലും ഇന്നത്തെ വനിതാ ദിനം ഞാന്‍ എല്ലാ വനിതകള്‍ക്കുമായി സമര്‍പ്പിക്കുന്നു.