പൂരപ്രേമികളുടെ പ്രയിങ്കരനായിരുന്ന തിരുവമ്പാടി ശിവസുന്ദര്‍ എന്ന ആന ചരിഞ്ഞത് മുഖ്യധാരാ മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ ആനപ്രേമികളുടെ കണ്ണീരിന് പിന്നിലെ പീഡനത്തിന്‍റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുകയായിരുന്നു സോഷ്യല്‍ മീഡിയയിലെ ചളിയന്മാര്‍.
കാടിന്‍റെ വന്യതയില്‍ സ്വതന്ത്രവിഹാരം നടത്തേണ്ട ആനകള്‍ ഉത്സവത്തിന്‍റെയും ആനപ്രേമത്തിന്‍റെയും പേരില്‍ നേരിടുന്ന പീഡനങ്ങള്‍ ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്നതായിരുന്നു തിരുവമ്പാടി ശിവസുന്ദറിന്‍റെ മരണം. ഈ വിഷയത്തില്‍ നിരവധി മീമുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവമാണെങ്കിലും ചോക്ലേറ്റ് എന്ന സിനിമയിലെ പ്രശസ്തമായ സംഭാഷണങ്ങള്‍ കടമെടുത്ത് ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ അവതരിപ്പിച്ചിരിക്കുന്ന മീം നര്‍മ്മത്തില്‍ പൊതിഞ്ഞ ബോധവത്ക്കരണമാണ് നടത്തുന്നത്.
ചോക്ലേറ്റ് എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ പൃഥ്വിരാജും റോമയും നടത്തുന്ന സംഭാഷണമാണ് ചളിയന്മാര്‍ മാറ്റിയെഴുതിയത്. എന്‍റെ പ്രണയത്തെ നീ പീഡനമായി തെറ്റിദ്ധരിച്ചെന്ന് ആനപ്രേമി പറയുമ്പോള്‍, നിന്‍റെ പീഡനത്തെ നീ പ്രണയമായി തെറ്റിദ്ധരിച്ചെന്ന് ആനയും മറുപടി നല്‍കുന്നു. ഈ മറുപടിയാണ് കയ്യടി നേടുന്നത്.
മീമിന് താഴെ, ക്ലൈമാക്സിലെ ചില സംഭാഷണങ്ങള്‍ കൂടി രാകേഷ് ബാലകൃഷ്ണന്‍ വിപുലമായി മാറ്റിയെഴുതിയിട്ടുണ്ട്. അതിങ്ങനെ: സൂക്ഷിക്കണം...നിന്നെ പോലെ സ്നേഹിക്കാൻ ആണെന്നും പറഞ്ഞ് ഞങ്ങളുടെ ദേഹത്ത് തോട്ടി കയറ്റുന്ന സകലവന്മാരും സൂക്ഷിക്കണം...കാരണം നിങ്ങൾ തോട്ടി ഉപയോഗിച്ച് സ്നേഹിക്കും പോലെ ഒരു ദിവസം ഞങ്ങൾ കൊമ്പും,തുമ്പികൈയും എല്ലാം ഉപയോഗിച്ചു തിരിച്ചു സ്നേഹിച്ചാൽ അപ്പൊ തീരും എല്ലാം.
ആനപ്രേമത്തിന്‍റെ പേരില്‍ നടക്കുന്ന മൃഗപീഡനത്തെ കൃത്യവും വ്യക്തവുമായി ചിത്രീകരിച്ചിരിക്കുന്ന ഈ മീം തയ്യാറാക്കിയിരിക്കുന്നത് പ്രിയയാണ്. ഹാസ്യത്തില്‍ പൊതിഞ്ഞ ഈ സാമൂഹ്യ വിമര്‍ശനം തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നുണ്ട്.