Perarivalan Released: ഒരു ബാറ്ററിയുടെ പേരില്‍ അനുഭവിച്ച 31 ദുരിതവര്‍ഷങ്ങള്‍... പേരറിവാളനും അര്‍പുതം അമ്മാളിന്റെ തളരാത്ത പോരാട്ട വീര്യവും

1971 ജൂലായ് 30 ന് ആയിരുന്നു പേരറിവാളന്റെ ജനനം. ഇപ്പോള്‍ 50 വയസ്സ്. അതില്‍ 31 വര്‍ഷവും തടവറയില്‍ കിടക്കാന്‍ വിധിക്കപ്പെട്ടു എന്നതാണ് പേരറിവാളന്റെ ദുര്യോഗം.

Written by - Binu Phalgunan A | Last Updated : May 18, 2022, 01:11 PM IST
  • 1991 ജൂൺ 11 ന് ആണ് രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ അറസ്റ്റ് ചെയ്യപ്പെടുന്നത്
  • ബോംബ് നിർമിക്കാൻ ആവശ്യമായ ബാറ്ററി വാങ്ങി നൽകി എന്നതായിരുന്നു കുറ്റം
  • നീണ്ട 31 വർഷമാണ് പേരറിവാളൻ തടവുശിക്ഷ അനുഭവിക്കേണ്ടി വന്നത്
Perarivalan Released: ഒരു ബാറ്ററിയുടെ പേരില്‍ അനുഭവിച്ച 31 ദുരിതവര്‍ഷങ്ങള്‍... പേരറിവാളനും അര്‍പുതം അമ്മാളിന്റെ തളരാത്ത പോരാട്ട വീര്യവും

ചെന്നൈ: നീതിയും നിയമവും ചിലപ്പോഴെങ്കിലും നീതിയും നിയമവും അല്ലാതാകുന്ന സ്ഥിതിവിശേഷങ്ങളുണ്ടാകാം. നിയമം പാലിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകാം. എ ജി പേരറിവാളന്‍ എന്ന കൗമാരക്കാരന്റെ കാര്യത്തില്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് സംഭവിച്ചത് അത്തരത്തില്‍ ഒന്നായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ശ്രീപെരുംപുത്തൂരില്‍ മനുഷ്യ ബോംബ് പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത് 1991 മെയ് 21 ന് ആയിരുന്നു. ആ കേസില്‍ പേരറിവാളന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് ജൂണ്‍ 11 നും. ഈ മെയ് മാസം അവസാനിച്ച് അടുത്ത ജൂണ്‍ 11 ലേക്ക് എത്തുമ്പോള്‍ പേരറിവാളന്റെ തടവ് ജീവിതം 31 വര്‍ഷം പൂര്‍ത്തിയാകുമായിരുന്നു. ഭാഗ്യം, അതിന് മുമ്പ് അദ്ദേഹത്തിന് ജയില്‍ മോചനം സാധ്യമായിരിക്കുകയാണ് ഇപ്പോള്‍.

രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉണ്ടാക്കിയ ബോംബിന് ആവശ്യമായ ബാറ്ററി നല്‍കി എന്നതായിരുന്നു പേരറിവാളനെതിരെയുള്ള കുറ്റം. 9 വോള്‍ട്ട് ബാറ്ററി വാങ്ങി നല്‍കിയത് ശിവരശന് ആയിരുന്നു. ബോംബ് നിര്‍മിക്കാനായിരുന്നു ആ ബാറ്ററിയെന്ന് പേരറിവാളന് അറിയില്ലായിരുന്നു (ഇക്കാര്യം പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തിയിരുന്നു). പക്ഷേ, തെളിവുകള്‍ എതിരായി. കോടതി വിധിച്ചത് വധശിക്ഷയും. ലോകം ഏറെ ചര്‍ച്ച ചെയ്ത ഒരു വിധിയായിരുന്നു അത്. പക്ഷേ, ആദ്യഘട്ടത്തില്‍ പ്രതികള്‍ക്ക് സഹതാപത്തിന്റെ ഒരു മാത്രപോലും ഭൂരിപക്ഷം പേരും നല്‍കിയിരുന്നില്ല. എന്നാല്‍ പേരറിവാളന്റെ ജീവിതം പുറത്തറിഞ്ഞതോടെ കാര്യങ്ങളില്‍ മാറ്റം സംഭവിച്ചു.

Read Also:  രാജീവ് ​ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം

അര്‍പുതം അമ്മാള്‍ എന്ന വൃദ്ധമാതാവിന്റെ പോരാട്ടത്തിന്റെ കൂടി തെളിച്ചത്തിലാണ് പേരറിവാളന്റെ പേര് ജ്വലിച്ചുനില്‍ക്കുന്നത്. ആ അമ്മയുടെ നിയമ പോരാട്ടമാണ് 2014 ല്‍ പേരറിവാളന്റെ വധശിക്ഷ ജീവപര്യമാക്കി കുറച്ചത്. തൊട്ടടുത്ത ദിവസം തന്നെ പേരറിവാളന്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, അവിടേയും നിയമവും നീതിയും തമ്മിലുള്ള ഒളിച്ചുകളി തുടര്‍ന്നു. പേരറിവാളന് പിന്നേയും കാത്തിരിക്കേണ്ടി വന്നത് നീണ്ട് എട്ട് വര്‍ഷങ്ങള്‍...

രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പേരറിവാളന്റെ പ്രായം 19 വയസ്സായിരുന്നു. അന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയിരിക്കുകയായിരുന്നു ആ കൗമാരക്കാരന്‍. ജയില്‍ ജീവിതത്തിനിടെ പഠനം ഉപേക്ഷിക്കാന്‍ പേരറിവാളന്‍ തയ്യാറായിരുന്നില്ല. ജയിലില്‍ ഇരുന്ന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിഎയും എംസിഎയും പൂര്‍ത്തിയാക്കി. 

2012 ല്‍ ജയിലില്‍ കിടന്നുകൊണ്ട് തന്നെ പ്ലസ്ടു പരീക്ഷയും എഴുതി. 91.33 ശതമാനം മാര്‍ക്ക് നേടി ഒരു റെക്കോര്‍ഡും സ്വന്തമാക്കി. തടവുപുള്ളികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ആയിരുന്നു അത്. തൊട്ടടുത്ത വര്‍ഷം തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഒരു ഡിപ്ലോമ കോഴ്‌സില്‍ സ്വര്‍ണ മെഡലോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി. 

1971 ജൂലായ് 30 ന് ആയിരുന്നു പേരറിവാളന്റെ ജനനം. ഇപ്പോള്‍ 50 വയസ്സ്. അതില്‍ 31 വര്‍ഷവും തടവറയില്‍ കിടക്കാന്‍ വിധിക്കപ്പെട്ടു എന്നതാണ് പേരറിവാളന്റെ ദുര്യോഗം. നല്ലകാലം മുഴുവന്‍ അടച്ചിടപ്പെട്ട ഒരു മനുഷ്യന്‍ അവന്റെ മധ്യവയസ്സില്‍ പുറംലോകത്തേക്കിറങ്ങുകയാണ്. ഇത്രയും കാലം മകന് നീതിലഭിക്കാന്‍ വേണ്ടി ഒരിക്കലും തളരാതെ ഓടിയോ അര്‍പുതം അമ്മാളിന് ഇനി അല്‍പം വിശ്രമിക്കാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News