തിരുവനന്തപുരം/ദില്ലി: കേരളത്തിലെ കണ്‍ഗ്രസ് വലിയ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ നേരിട്ടതിനൊടുവില്‍ ആയിരുന്നു നേതൃമാറ്റം എന്ന ചര്‍ച്ച തന്നെ സഫലമായത്. അങ്ങനെ നേതൃത്വത്തില്‍ എത്തിയവരാണ് കെ സുധാകരനും വിഡി സതീശനും. തലമുറമാറ്റം ആയിരുന്നു പലരും ആവശ്യപ്പെട്ടത് എങ്കിലും തന്റെ പ്രായം ഒരു അയോഗ്യതയല്ലെന്ന് കെ സുധാകരന്‍ ആഞ്ഞ് ന്യായീകരിച്ചിരുന്നു. ഇതിപ്പോള്‍ എടുത്ത് പറയാന്‍ ഒരു കാരണമുണ്ട്.
അതിന് മുമ്പ് കെ സുധാകരന്റെ അധ്യക്ഷ സ്ഥാനത്തിന്റെ കാലാവധി ഇനി എത്ര നാള്‍ എന്ന ചോദ്യത്തിനുളള ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. കെപിസിസി അധ്യക്ഷന്‍ ആകുന്നതിന് മുമ്പ് തന്നെ സുധാകരന്‍ ബിജെപിയോടും ആര്‍എസ്എസിനോടും ബന്ധപ്പെട്ട് ചില വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. തനിക്ക് ബോധ്യപ്പെട്ടാല്‍ ബിജെപിയില്‍ പോകും എന്നും അതില്‍ എന്താണ് തെറ്റ് എന്നും ഉള്ള പരാമര്‍ശം തന്നെയാണ് അതില്‍ ഏറ്റവും പ്രധാനം. അങ്ങനെ ഒരാളെ എന്തിന് കെപിസിസി അധ്യക്ഷനാക്കി എന്ന ചോദ്യം കോണ്‍ഗ്രസില്‍ തന്നെ പലരും ചോദിച്ചിട്ടുള്ളതും ആണ്.
എന്തായാലും കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തിയതിന് ശേഷവും അദ്ദേഹം ഇത്തരം പരാമര്‍ശങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കി എന്ന പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. അതിന് പിറകെയാണ് സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ സംശയനിഴലില്‍ നിര്‍ത്തുന്ന സുധാകരന്റെ പരാമര്‍ശം വരുന്നത്. വര്‍ഗീയ ഫാസിസ്റ്റുകളോട് ജവഹര്‍ലാല്‍ നെഹ്‌റു സന്ധി ചെയ്തു എന്നായിരുന്നു പ്രസംഗത്തില്‍ പറഞ്ഞത്. പിന്നീടങ്ങോട്ട് ആ പറഞ്ഞതിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങളായിരുന്നു സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായത്. കോണ്‍ഗ്രസ് മാത്രമല്ല, യുഡിഎഫിലെ സഖ്യകക്ഷികള്‍ പോലും പ്രതിരോധത്തിലായ സാഹചര്യമാണ് നിലവിലുള്ളത്. സുധാകരനെതിരെ ഹൈക്കമാന്‍ഡില്‍ പരാതികളും എത്തിക്കഴിഞ്ഞു.
ഇതിനിടയിലാണ് ഒരു കത്ത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വരുന്നത്. കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തെഴുതി എന്നാണ് വാര്‍ത്ത. കെപിസിസിയും പ്രതിപക്ഷവും ഒത്തൊരുമിച്ച് പോകുന്നില്ലെന്നതാണത്രെ സുധാകരന്റെ പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശനില്‍ നിന്ന് പിന്തുണകിട്ടുന്നില്ലെന്ന ആക്ഷേപവും അദ്ദേഹം കത്തില്‍ ഉന്നയിച്ചു എന്നാണ് വാര്‍ത്ത.
ആര്‍എസ്എസ്, ബിജെപി അനുകൂല പരാമര്‍ശങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പിസിസി അധ്യക്ഷന്‍ നടത്തുന്നത് പാര്‍ട്ടിയ്ക്ക് ദേശീയ തലത്തില്‍ തന്നെ വെല്ലുവിളിയാകുമെന്ന ബോധ്യം രാഹുല്‍ ഗാന്ധിയ്ക്കുണ്ട്. എന്നാല്‍ അത്രപോലും ക്ഷമിക്കാവുന്നതല്ല കെ സുധാകരന്‍ ചെയ്തത്. ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം എന്തായാലും രാഹുല്‍ ഗാന്ധിയ്ക്ക് വെറുതേ വിട്ടുകളയാന്‍ ആവില്ലെന്നാണ് സൂചന. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിയോഗിച്ച വ്യക്തി തന്നെ പാര്‍ട്ടിയുടെ എക്കാലത്തേയും സമുന്നതനായ നേതാവിനെ ഇത്തരത്തില്‍ പൊതുമധ്യത്തില്‍ വിശേഷിപ്പിച്ചത് അംഗീകരിക്കാന്‍ ആകാത്തതാണ്. ബിജെപിയും ആർഎസ്എസും ഇപ്പോഴും ഏറ്റവും അധികം ആക്രമിക്കുന്നത് ജവഹർലാൽ നെഹ്റുവിനെ ആണ്.
Read Also: നെഹ്റു ആർഎസ്എസിനോട് സന്ധി ചെയ്ത നേതാവെന്ന് കെ..സുധാകരൻ
ഈ ഒരു സാഹചര്യത്തിൽ ഒരു തിരിച്ചടി പ്രതീക്ഷിച്ചുകൊണ്ട് തന്നെയായിരിക്കാം കെ സുധാകരന്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചത് എന്ന് കരുതേണ്ടി വരും. പാര്‍ട്ടി ദേശീയ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്ളപ്പോള്‍ എന്തിനാണ് സുധാകരന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചത് എന്നും കോണ്‍ഗ്രസിനുള്ളില്‍ പലരും ചോദിക്കുന്നുണ്ട്. ഖാർഗെ ഒരു റബ്ബർ സ്റ്റാമ്പ് അധ്യക്ഷനാണോ എന്ന ചർച്ചയ്ക്കുള്ള സമയമല്ല ഇത്.
ഇനി കത്തിലെ മറ്റൊരു കാര്യത്തിലേക്ക് കൂടി കടക്കാം. താന്‍ സ്ഥാനം ഒഴിഞ്ഞാല്‍, പകരം യുവാക്കളെ ആ പദിവിയിലേക്ക് പരിഗണിക്കണം എന്നാണ് സുധാകരന്‍ ആവശ്യപ്പെട്ടിട്ടുള്ളതത്രെ. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിക്കുന്ന ഘട്ടത്തില്‍ ഇതേ പ്രായപ്രശ്‌നം പലരും ഉയര്‍ത്തിയിരുന്നു. എന്നാല്‍ അതിനെ ശക്തിയുക്തം എതിര്‍ത്ത ആളാണ് അദ്ദേഹം. പക്ഷേ, താന്‍ സ്ഥാനം ഒഴിയുമ്പോള്‍ അവിടെ എത്തേണ്ടത് ചെറുപ്പക്കാരാണ് എന്ന് അദ്ദേഹം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചത് എന്ന് പറയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളും ചികിത്സയും കാരണം അടുത്ത ദിവസം നടക്കേണ്ട കെപിസിസി നിര്‍വ്വാഹക സമിതി യോഗം മാറ്റിവച്ചിട്ടും ഉണ്ട്. എന്തായാലും 80 വയസ്സുള്ള ദേശീയ പ്രസിഡന്റിനേക്കാള്‍ ചെറുപ്പമാണ് 74 വയസ്സുള്ള സംസ്ഥാന പ്രസിഡന്റ് എന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വസിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...