വടക്കൻ കേരളത്തിന്റ സ്വന്തം ചട്ടിപ്പത്തിരി കഴിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. മധുരമുള്ളതും എരിവുളളതുമായി രണ്ട് രീതിയിൽ ചട്ടിപ്പത്തിരി ഉണ്ടാക്കാം. ചിക്കനിട്ട് ഒരു കിടിലൻ ചട്ടിപ്പത്തിരി കഴിച്ചില്ലെങ്കിൽ വീട്ടിൽ തന്നെ പരീക്ഷിക്കൂ.
ആവശ്യമായ സാധനങ്ങൾ
ചിക്കൻ- 400 ഗ്രാം (boneless)
മുട്ട- 4
സവാള- 3
പച്ചമുളക്- 4
ഇഞ്ചി- വെളുത്തുള്ളി ചതച്ചത്- 1 സ്പൂൺ
മൈദ- 1 കപ്പ്
പാൽ- 1/2 ഗ്ലാസ്
ഉണ്ടാക്കുന്ന രീതി
ആദ്യം കുരുമുളകും, ഉപ്പും ചേർത്ത് ചിക്കൻ വേവിക്കുക. എന്നിട്ട് വേവിച്ച് വെച്ച ചിക്കൻ നന്നായി കൈ ഉപയോഗിച്ച് പിച്ചിയിടുക. ഇനി മസാലക്കായി ഒരു പാൻ ചൂടാക്കുക. അതിലേക്ക് അൽപം വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി- വെളുത്തുള്ളി ചതച്ചത്, ചെറുതായി അരിഞ്ഞ സവാള, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക.
നിറം മാറിയാൽ അതിലേക്ക് ആവശ്യത്തിന് ഉപ്പ്, അര സ്പൂൺ കുരുമുളക് പൊടി, അര സ്പൂൺ ഗരം മസാല, അര സ്പൂൺ മഞ്ഞൾ പൊടി, അര സ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് രണ്ട് മിനിറ്റ് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് നേരത്തെ വേവിച്ച ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അൽപ നേരത്തിന് ശേഷം തീ ഓഫ് ചെയ്ത് മസാല മാറ്റി വെക്കുക.
ഇനി മൈദ ഉപയോഗിച്ച് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. എന്നിട്ട് ചപ്പാത്തി പോലെ വളരെ കട്ടികുറഞ്ഞ രീതിയിൽ പരത്തി ചെറുതീയിൽ ഒന്ന് ചൂടാക്കുക ( ചപ്പാത്തി പോലെ വേവിക്കേണ്ട ആവശ്യമില്ല). ഇനി 4 മുട്ട, പാൽ, അര സ്പൂൺ ഉപ്പ്, അര സ്പൂൺ കുരുമുളക്, എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്ത് വെക്കുക.
ഇനി ചട്ടിപ്പത്തിരി ഉണ്ടാക്കാനുളള പാത്രം എണ്ണ തടവി വെക്കുക. ഇനി നേരത്തെ പരത്തിയ ചപ്പാത്തി ഈ മുട്ടയുടെ മിക്സിൽ മുക്കിയെടുത്ത് പാത്രത്തിൽ വിരിച്ച് വെക്കുക. അതിന് മുകളിലേക്ക് നേരത്തെ തയ്യാറാക്കിയ മസാല ഇടുക (താൽപര്യമെങ്കിൽ 3 പുഴുങ്ങിയ മുട്ട പൊടിച്ച് ഇടാം).
അതിന് മുകളിലേക്ക് വീണ്ടും ചപ്പാത്തി ഷീറ്റ് വെക്കുക, മസാല ഫിൽ ചെയ്യുക. ഇങ്ങനെ എല്ലാം ലെയറാക്കുക. ഇനി ബാക്കി വന്ന മുട്ടയുടെ മിക്സ് ഇതിന്റെ സൈഡിലും മുകളിലുമായി ഒഴിക്കുക. ഇനി ചെറു തീയിൽ 30-35 മിനിറ്റ് ചൂടാക്കുക (ഒരു പാൻ ചൂടാക്കി അതിന് മുകളിൽ വേണം ഈ പാത്രം വെക്കാൻ). ചൂടായ ശേഷം ഇത് മറ്റൊരു പാനിലേക്കിട്ട് മുകൾ ഭാഗം ഒരു അഞ്ച് മിനിറ്റ് ചൂടാക്കുക. അടിപൊളി ചട്ടിപ്പത്തിരി തയ്യാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...