കൊളസ്ട്രോൾ: ശരീരത്തിലെ കോശങ്ങളിൽ അടിയുന്ന മെഴുക് രൂപത്തിലുള്ള പദാർഥമാണ് കൊളസ്ട്രോൾ. പേശികളുടെ നിർമാണത്തിന് കൊളസ്ട്രോൾ അനിവാര്യമാണ്. എന്നാൽ, കൊളസ്ട്രോളിന്റെ അളവ് അനിയന്ത്രിതമായി ഉയരുന്നത് ശരീരത്തിന് ദോഷം ചെയ്യും. ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ), നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ (ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) എന്നിങ്ങനെയാണ് കൊളസ്ട്രോളിനെ വിഭജിച്ചിരിക്കുന്നത്.
എൽഡിഎൽ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു. ഭക്ഷണക്രമം കൊളസ്ട്രോളിന്റെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. മുട്ട, മാംസം, പാലുൽപ്പന്നങ്ങൾ തുടങ്ങിയ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളുടെ അമിതമായ ഉപഭോഗം കൊളസ്ട്രോൾ വർധിപ്പിക്കും.
അതിനാൽ, പച്ചക്കറികൾ, പഴങ്ങൾ, ബീൻസ്, ഓട്‌സ് തുടങ്ങി ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലെ കൃത്യമായ നിയന്ത്രണമാണ് കൊളസ്ട്രോൾ നിയന്ത്രിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട പ്രധാന മാറ്റം. ഇതിനൊപ്പം വ്യായാമവും ശീലമാക്കണം. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് ആയുർവേദത്തിൽ വിവിധ പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നുണ്ട്. കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ആയുർവേദ പരിഹാര മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉലുവ: ഒരു ടീസ്പൂൺ ഉലുവ വിത്തുകൾ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർക്കുക. പിറ്റേന്ന് രാവിലെ നന്നായി തിളപ്പിച്ച് ഒരു ഗ്ലാസ് വെള്ളം പകുതിയാക്കുക. ഇത് അരിച്ചെടുത്ത് വെറുംവയറ്റിൽ കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും.
ALSO READ: Periods Cramps: ആർത്തവ വേദനയ്ക്ക് പരിഹാരം കാണാൻ ഈ ആയുർവേദ ഔഷധങ്ങൾ
മല്ലി വിത്തുകൾ: ഒരു ടീസ്പൂൺ മല്ലി വിത്ത് 1.5 കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ഈ പാനീയം അരിച്ചെടുത്ത ശേഷം കുടിക്കാം. ഇത് ദിവസവും ഇടയ്ക്കിടെ കുടിക്കുന്നതും ദിവസത്തിൽ ഏതെങ്കിലും ഒരു നേരം കുടിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഓട്‌സ്: കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ലയിക്കുന്ന നാരുകൾ ഓട്സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓട്സ് ദഹനത്തിനും മികച്ചതാണ്. ഓട്സ് കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ബീൻസ്: എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ബീൻസ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
വെണ്ടക്ക: ഉയർന്ന അളവിൽ ലയിക്കുന്ന നാരുകളുള്ള പച്ചക്കറിയാണ് വെണ്ടക്ക. കുറഞ്ഞ കലോറിയും നാരുകളുടെ സമ്പന്നതയും വെണ്ടക്കയെ ആരോഗ്യകരമായ ഭക്ഷണമാക്കി മാറ്റുന്നു. വെണ്ടക്ക കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.
നട്‌സ്: നട്സിൽ ആരോഗ്യകരമായ കൊഴുപ്പുണ്ട്. ആരോഗ്യകരമായ കൊഴുപ്പ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ബദാം, നിലക്കടല, വാൽനട്ട് എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. നട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കൂടാതെ, ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാനും ഗുണം ചെയ്യും.
പയറുവർഗങ്ങൾ: എല്ലാ പയറുവർഗങ്ങളും സസ്യാധിഷ്ഠിത പ്രോട്ടീനുകളാലും ലയിക്കുന്ന നാരുകളാലും സമ്പന്നമാണ്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ചെറുപയർ പോലുള്ള ഇനങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
ഹോർമോണുകൾ, വിറ്റാമിൻ ഡി എന്നിവയുടെ ഉത്പാദനത്തിന് നിങ്ങളുടെ ശരീരത്തിൽ ഒരു നിശ്ചിത അളവിൽ കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് ഹൃദ്രോഗങ്ങൾക്കും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നു. ജീവിതശൈലിയാണ് കൊളസ്ട്രോൾ വർധിപ്പിക്കുന്നതിലെ ഒരു പ്രധാന ഘടകം. അതിനാൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. പതിവായി വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതും കൊളസ്ട്രോൾ നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...