കേരളത്തിൽ ദിനംപ്രതി ചൂട് വർധിച്ച് കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനമാണ് അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി വർധിക്കാൻ കാരണമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർധിക്കുമ്പോൾ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും . ഇതിൽ സൂര്യാഘാതം, താപ ശരീരശോഷണം എന്നിവയൊക്കെ ഉൾപ്പെടും. ഇതിനെ പ്രതിരോധിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടതും, നിർജ്ജലീകരണം ഒഴിവാക്കേണ്ടതും ഒക്കെ അത്യാവശ്യമാണ്.
ചൂട് കൂടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങളും അവയുടെ ലക്ഷണങ്ങളും എന്തൊക്കെ?
സൂര്യാഘാതം (Heat stroke)
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയരുമ്പോൾ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ഇതിനെ തുടർന്ന് ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം ഉണ്ടാകും. തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാകാനും സാധ്യതയുണ്ട്. ഈ അവസ്ഥയെയാണ് സൂര്യാഘാതം അല്ലെങ്കിൽ ഹീറ്റ് സ്ട്രോക്ക് എന്ന് വിളിക്കുന്നത്.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ
വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇതുകൂടാതെ പലപ്പോഴും അബോധാവസ്ഥയും ഉണ്ടാകും.
സൂര്യാതാപം മൂലമുള്ള താപ ശരീരശോഷണം (Heat Exhaustion)
അന്തരീക്ഷ താപം കൂടുന്നത് മൂലം ഉണ്ടാകുന്ന സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് കൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
താപ ശരീരശോഷണത്തിന്റെ ലക്ഷണങ്ങൾ
ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് താപ ശരീരശോഷണത്തിന്റെ ലക്ഷണങ്ങള്‍. ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറാൻ ആദ്യത്ത കൂടുതലാണ്.
സൂര്യാഘാതം പ്രതിരോധിക്കേണ്ടത് എങ്ങനെ?
1) ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.
2) വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
3) കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
4) കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
5) കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
6) വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
സൂര്യാഘാതം ഉണ്ടായാൽ എന്ത് ചെയ്യണം?
1) വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
2) ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
3) തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
4) ഫലങ്ങളും സാലഡുകളും കഴിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കുകയും ചെയ്യണം.
5) ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഉടൻ ചികിത്സ തേടണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...