ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ ഡെങ്കിപ്പനി ബാധിതരും വർധിക്കുന്നത് ആശങ്കയുണർത്തുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് കോവിഡും മറ്റ് പകർച്ചവ്യാധികളും നേരിടാൻ പൂർണ സജ്ജമാണെന്ന് ആവർത്തിക്കുമ്പോഴും കഴിഞ്ഞ മാസങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂൺ മാസത്തിൽ 32 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം ഇതുവരെ 140ൽ അധികം ഡെങ്കിപ്പനി കേസുകൾ രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഡൽഹിയിൽ ജനുവരിയിൽ 23, ഫെബ്രുവരിയിൽ 16, മാർച്ചിൽ 22, ഏപ്രിലിൽ 20, മേയിൽ 30, ജൂണിൽ 32 എന്നിങ്ങനെയാണ് ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. ഡൽഹി സർക്കാരും ആരോഗ്യ സംവിധാനങ്ങളും മലേറിയയും ഡെങ്കിപ്പനിയും പോലുള്ള പകർച്ചാവ്യാധികൾ നിയന്ത്രിക്കാൻ പൂർണ്ണമായി സജ്ജമാണ്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായും മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമാരും ഈ വിഷയത്തിൽ ചർച്ച നടത്തിയതായും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിലൂടെ അറിയിച്ചു.
ഡൽഹിയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകളുടെ എണ്ണം ജൂലൈ രണ്ട് വരെ 143 ആണ്. ഡെങ്കിപ്പനി ബാധിച്ച് ഈ വർഷം ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതൽ ജൂലൈ രണ്ട് വരെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളുടെ എണ്ണം 36 ആയിരുന്നു. ജനുവരി മുതൽ ജൂലൈ രണ്ട് വരെയുള്ള കാലയളവിൽ 2020ൽ 20, 2019ൽ 26, 2018ൽ 33, 2017ൽ 60 എന്നിങ്ങനെയാണ് റിപ്പോർട്ട്. ജൂലൈ മുതൽ നവംബർ വരെയാണ് പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
എന്നാൽ ചിലപ്പോൾ ഇത് ഡിസംബർ പകുതി വരെ നീണ്ടുനിൽക്കും. കൊതുക് പെരുകാൻ അനുകൂലമായ കാലാവസ്ഥ കാരണം ഈ വർഷം ആദ്യം മുതൽ ഡെങ്കിപ്പനി കേസുകൾ രേഖപ്പെടുത്തുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കഴിഞ്ഞ വർഷം, ദേശീയ തലസ്ഥാനത്ത് 9,613 ഡെങ്കിപ്പനി കേസുകൾ രേഖപ്പെടുത്തി. 2015ന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസുകളാണിത്. ഡെങ്കിപ്പനി ബാധിച്ച് 23 മരണങ്ങളും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലെ 2016ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡെങ്കിപ്പനി വർധിക്കുന്ന സാഹചര്യത്തിൽ കൊതുക് പെരുകുന്നതിന് സഹായിക്കുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കാൻ ജനങ്ങളെ ബോധവത്ക്കരിക്കണമെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങളോട് നിർദേശിച്ചു.
ഡെങ്കിപ്പനി ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന 13 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ സ്ഥിതിഗതികളും രോഗനിയന്ത്രണങ്ങളും സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചർച്ച നടത്തി. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, തമിഴ്‌നാട് എന്നീ 13 സംസ്ഥാനങ്ങളാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ
പേശി, സന്ധി, അസ്ഥി വേദന
ചുണങ്ങ്
തലവേദന
ഓക്കാനം, ഛർദ്ദി
കണ്ണ് വേദന
ക്ഷീണം അനുഭവപ്പെടുക
മൂക്കിൽ നിന്നോ മോണയിൽ നിന്നോ രക്തസ്രാവം
ഡെങ്കിപ്പനിക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ
പരിസര ശുചിത്വം പാലിക്കുക
മൂടാത്ത പാത്രങ്ങളിലും ഉപയോഗിക്കാത്ത വീട്ടുപകരണങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക
ശരിയായ മാലിന്യ നിർമാർജനം ഉറപ്പാക്കുക
ഫുൾസ്ലീവ് വസ്ത്രങ്ങൾ ധരിക്കുക
കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...