യുഎസിൽ ലിസ്റ്റീരിയ ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. യുഎസിലെ ആറ് സംസ്ഥാനങ്ങളിൽ ലിസ്റ്റീരിയ പൊട്ടിപ്പുറപ്പെട്ടതായും 16 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായും യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) അറിയിച്ചു. രോഗം ബാധിച്ച ഗർഭിണിയായ സ്ത്രീക്ക് ഗർഭഛിദ്രം സംഭവിച്ചതായും സിഡിസി അറിയിച്ചു. രോഗം ബാധിച്ച 16 പേരിൽ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോൾഡ് കട്ട്, ഹോട്ട് ഡോഗ്, ചീസ് എന്നിവ ഉൾപ്പെടുന്ന ഡെലി മീറ്റിന്റെ ഉപഭോഗം ലിസ്റ്റീരിയ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയിലേക്ക് നയിക്കുന്നുവെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, സിഡിസിയും ഫെഡറൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ചേർന്ന് പെട്ടെന്നുള്ള ലിസ്റ്റീരിയ വ്യാപനത്തിന്റെ കൃത്യമായ കാരണം അന്വേഷിക്കുകയാണ്.
പാകം ചെയ്യാത്ത പച്ചക്കറികള്‍, തിളപ്പിക്കാത്ത പാല്‍, വൃത്തിയാക്കാത്ത മാംസം തുടങ്ങിയ ഭക്ഷണത്തിലൂടെ ശരീരത്തില്‍ ഹാനികരമായ ബാക്ടീരിയ കയറിക്കൂടാന്‍ സാധ്യതയുണ്ട്. ഇത്തരത്തിൽ ശരീരത്തിൽ എത്തുന്ന ഒരു ബാക്ടീരിയയാണ് ലിസ്റ്റീരിയോസിസ്. മണ്ണ്, വെള്ളം, മൃഗങ്ങളുടെ വിസർജ്ജ്യം എന്നിവയിൽ കാണപ്പെടുന്ന ലിസ്റ്റീരിയ വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ന്യൂയോർക്കിൽ ഏഴ്, മേരിലാൻഡിൽ മൂന്ന് (അതിൽ ഒരാൾ മരിച്ചു), ന്യൂജേഴ്‌സിയിൽ ഒന്ന്, മസാച്യുസെറ്റ്‌സിൽ രണ്ട്, ഇല്ലിനോയിസിൽ രണ്ട്, കാലിഫോർണിയയിൽ ഒന്ന് എന്നിങ്ങനെയാണ് യുഎസിൽ ലിസ്റ്റീരിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ ആരോഗ്യ ഏജൻസിയുടെ കണക്കനുസരിച്ച്, യഥാർത്ഥ കേസുകളുടെ എണ്ണം റിപ്പോർട്ട് ചെയ്ത സംഖ്യയേക്കാൾ കൂടുതലായിരിക്കുമെന്നാണ് വിവരം. മാത്രമല്ല ലിസ്റ്റീരിയയുടെ വ്യാപനം ഒരു സംസ്ഥാനത്ത് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.
ഡെലി മീറ്റും ചീസും: ലിസ്റ്റീരിയ ഉണ്ടാകുന്നതിന് സാധ്യമായ ഉറവിടങ്ങൾ: ഡെലി മീറ്റുകളും ചീസും ലിസ്റ്റീരിയ രോഗങ്ങളുടെ അറിയപ്പെടുന്ന ഉറവിടങ്ങളാണെന്ന് സിഡിസി അറിയിച്ചു. ഡെലി കൗണ്ടറുകളിലും പ്രതലങ്ങളിലും കൈകളിലൂടെയും ഭക്ഷണത്തിലൂടെയും അണുക്കൾക്ക് പെട്ടെന്ന് പടരാൻ സാധിക്കും. രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ ഉറവിടമായി ഇവ രണ്ടും കണക്കാക്കപ്പെടുന്നു. സിഡിസിയുടെ റിപ്പോർട്ട് അനുസരിച്ച്, ഡെലി ഫുഡിൽ ലിസ്റ്റീരിയ അണുക്കൾ പ്രവേശിച്ചാൽ ഇവയെ നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കാരണം വളരെ തണുത്ത താപനിലയിൽ പോലും ലിസ്റ്റീരിയ അണുക്കൾക്ക് അതിജീവിക്കാൻ കഴിയും.
ലിസ്റ്റീരിയയെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ടത് എന്താണ്?: ലിസ്റ്റീരിയ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലിസ്റ്റീരിയോസിസ്, ഭക്ഷണത്തിലൂടെയുള്ള അണുബാധയാണ്, ഇത് മനുഷ്യരിൽ ചെറിയതോ ഗുരുതരമായതോ ആയ അസുഖങ്ങൾക്ക് കാരണമാകും. അപകടസാധ്യതയുള്ള ആരോഗ്യ വിഭാഗത്തിൽപ്പെട്ടവരെ അണുബാധ പ്രതികൂലമായി ബാധിക്കുകയും മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യും. ഗർഭിണികൾക്കും പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും ഈ അണുബാധ വലിയ ഭീഷണിയാണ്.
ALSO READ: Bipolar Disorder: എന്താണ് ബൈപോളാർ ഡിസോർഡർ? ലക്ഷണങ്ങളും ചികിത്സാരീതിയും അറിയാം
ലിസ്റ്റീരിയയുടെ ലക്ഷണങ്ങൾ: റിപ്പോർട്ടുകൾ പ്രകാരം, ലിസ്റ്റീരിയോസിസിന്റെ പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാം, കാരണം ഈ അസുഖത്തിന് 11 മുതൽ 70 ദിവസം വരെ ഇൻകുബേഷൻ കാലയളവ് ഉണ്ടാകും. പേശി വേദന, പനി, ഫ്ലൂ പോലുള്ള ലക്ഷണങ്ങൾ ലിസ്റ്റീരിയബാധയിൽ ഉണ്ടാകാം. ഓക്കാനം, അതിസാരം, തലവേദന എന്നിവയും ലിസ്റ്റീരിയയുടെ ലക്ഷണങ്ങളാണ്. ചിലർക്ക് ഈ രോഗം സങ്കീർണതകളില്ലാതെ കടന്നുപോകാം, എന്നാൽ ചിലർക്ക് ഇത് പക്ഷാഘാതം, വിറയൽ, രക്തത്തിലെ ഗുരുതരമായ അണുബാധ, മെനിഞ്ചൈറ്റിസ് (മസ്തിഷ്ക ചർമ്മത്തിലെ അണുബാധ) തുടങ്ങിയ കൂടുതൽ ഗുരുതരമായ ആരോഗ്യ അവസ്ഥകളിലേക്ക് നയിച്ചേക്കാം. കൂടാതെ ഗർഭഛിദ്രം, കുട്ടിയുടെ നേരത്തെയുള്ള ജനനം എന്നിവയ്ക്കും ലിസ്റ്റീരിയ കാരണമാകാം. ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും ശുചിയായിരിക്കാൻ ശ്രദ്ധിക്കുകയാണ് ഈ രോഗബാധ തടയുന്നതിനുള്ള പ്രധാന മാർഗം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...