പഴങ്ങളുടെ രാജാവെന്നാണ് മാമ്പഴം അറിയപ്പെടുന്നത്. വ്യത്യസ്‌തമായ സ്വാദും മണവും രുചിയും മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങൾ കൂടിയാണ് മാമ്പഴത്തിന് പഴങ്ങളുടെ രാജാവെന്ന പേര് നേടിക്കൊടുത്തത്. കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ നാരുകളുമുള്ള ഫലമാണ് മാമ്പഴം. ഫോളേറ്റ്, ബീറ്റാ കെരാറ്റിൻ, ഇരുമ്പ്, വിറ്റാമിൻ എ, സി എന്നിവയും കാത്സ്യം, സിങ്ക്, വിറ്റാമിൻ ഇ എന്നിവയും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് മാമ്പഴം. വേനൽക്കാലത്താണ് മാമ്പഴം സുലഭമായി ലഭിക്കുന്നത്. ദിവസവും മാമ്പഴം കഴിക്കുന്നത് നിരവിധ ആരോഗ്യഗുണങ്ങളാണ് നൽകുന്നത്.
വേനൽക്കാലത്ത് മാമ്പഴം കഴിക്കുന്നതിന്റെ അഞ്ച് ഗുണങ്ങൾ:
1. മാമ്പഴം ദഹനത്തെ സഹായിക്കുന്നു.
ദഹനത്തിന് സഹായിക്കുന്ന നിരവധി ഗുണങ്ങൾ മാമ്പഴത്തിലുണ്ട്. അമൈലേസ് എന്നറിയപ്പെടുന്ന ദഹനത്തിന് സഹായിക്കുന്ന ഒരു കൂട്ടം എൻസൈമുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. മാമ്പഴത്തിൽ ഉയർന്ന അളവിൽ നാരുകളും ജലാംശവും ഉള്ളതിനാൽ ഇവ വയറിളക്കം, മലബന്ധം എന്നീ വയറുസംബന്ധമായ പ്രശ്നങ്ങൾക്കും മികച്ച പരിഹാരമാണ്.
2. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ മാമ്പഴം സഹായിക്കുന്നു
ഒരു കപ്പ് മാമ്പഴത്തിൽ നമ്മുടെ ദൈനംദിന ശരീരപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഏകദേശം 10 ശതമാനം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റും ശക്തമായ പ്രതിരോധ സംവിധാനത്തിന് അത്യാവശ്യമാണ്. മാമ്പഴം കഴിക്കുന്നതിലൂടെ ഇവയെല്ലാം നമ്മുടെ ശരീരത്തിന് ലഭിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ധാതുക്കളായ കോപ്പർ, ഫോളേറ്റ്, വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവയും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
ALSO READ: ഇറച്ചിയില്ലാതെ ഭക്ഷണം കഴിക്കാൻ മടിയാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
3. ആരോഗ്യമുള്ള ചർമ്മം ലഭിക്കാൻ മാമ്പഴം സഹായിക്കുന്നു
ചർമ്മത്തിന് അനുയോജ്യമായ വിറ്റാമിനുകളായ സി, എ എന്നിവ മാമ്പഴത്തിൽ കൂടുതലാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനും പുനരുജ്ജീവനത്തിനും പ്രധാനമാണ്. മാമ്പഴം കഴിച്ചാൽ ചർമ്മത്തിലെ അടഞ്ഞുപോയ സുഷിരങ്ങൾ നീക്കം ചെയ്യുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ചർമ്മത്തിലെ എണ്ണ ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിൽ ചുളിവുകൾ വീഴുന്നതിൽ നിന്നും മാമ്പഴം പ്രതിരോധിക്കുന്നു.
4. ഹൃദയാരോഗ്യത്തിന് മാമ്പഴം സഹായിക്കുന്നു
ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്ന പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പോളിഫെനോളുകൾ, ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റി-ഇൻഫെക്ഷൻ എന്നീ ബയോ ആക്റ്റീവ് പദാർത്ഥങ്ങൾ ഉള്ളതിനാൽ മാമ്പഴം ഹൃദയാരോഗ്യത്തിന് മികച്ചതായി കണക്കാക്കപ്പെടുന്നു.
5. ശരീരഭാരം കുറയ്ക്കാൻ മാമ്പഴം സഹായിക്കുന്നു
മാമ്പഴം, മിതമായ അളവിൽ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മാമ്പഴത്തിന്റെ തൊലിയിൽ പ്രകൃതിദത്ത കൊഴുപ്പ് അലിയിച്ച് കളയുന്ന ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. മാമ്പഴത്തിന്റെ മാംസത്തിൽ നാരുകൾ ധാരാളമുണ്ട്. നാരുകൾ വിശപ്പ് ശമിച്ചതായി തോന്നിപ്പിക്കും. ഉയർന്ന നാരുകളുള്ള പഴങ്ങളോ പച്ചക്കറികളോ കഴിക്കുമ്പോൾ, കൂടുതൽ നേരം വയറുനിറഞ്ഞതായി അനുഭവപ്പെടും. ഇത് കൊഴുപ്പുള്ള മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...