കേരളത്തിൽ മുണ്ടിനീര് കേസുകൾ വർധിക്കുന്നു. പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. പൊതുവേ ഇത് വലിയ ആരോഗ്യ സങ്കീർണതകളിലേക്ക് നയിക്കില്ലെങ്കിലും ചില കേസുകളിൽ ഗുരുതരമായേക്കാം. കേരളത്തിൽ ഈ മാസം മാത്രം 2,205 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മുണ്ടിനീര് അതിവേഗം വ്യാപിക്കുന്നതായാണ് വ്യക്തമാകുന്നത്.
മാർച്ച് പത്തിന് 190 കേസുകൾ റിപ്പോർട്ട് ചെയ്തു. മുണ്ടിനീര് ചില കേസുകളിൽ മസ്തിഷ്ക വീക്കത്തിനോ കേൾവിക്കുറവിനോ കാരണമാകും. മുണ്ടിനീര് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന രോഗമാണ്. എന്നാൽ, അഞ്ച് മുതൽ ഒമ്പത് വയസുവരെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഏകദേശം രണ്ട് മുതൽ നാല് ആഴ്ചവരെയാണ് ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. ഇതിന് ശേഷം ലക്ഷണങ്ങൾ പ്രകടമാകും.
തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മുണ്ടിനീര് ആരംഭിക്കുന്നത്. ദിവസങ്ങൾ കഴിയുംതോറും ഉമിനീർ ഗ്രന്ഥികൾ വീർക്കും. മോണോവാലന്റ് വാക്സിൻ, ബൈവാലന്റ് മീസിൽസ്-മംപ്സ് വാക്സിൻ, ട്രിവാലന്റ് മീസിൽസ്-മംപ്സ്-റൂബെല്ല വാക്സിൻ എന്നിവയാണ് ഈ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനുകളെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
രോഗിയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ രോഗബാധിതരായ വ്യക്തികളുടെ ശ്വാസത്തിലൂടെ പുറത്ത് വരുന്ന ഉമിനീരിലൂടെയോ ആണ് മുണ്ടിനീര് പകരുന്നത്. ഉമിനീർ ഗ്രന്ഥികൾ വീർത്തുവരിക, തൊണ്ടവേദന, പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. വൈറസ് ബാധിച്ച എല്ലാ വ്യക്തികളിലും രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. രോഗം സുഖപ്പെടുന്നതിന് രണ്ടാഴ്ചയോളം സമയമെടുക്കും.
മുണ്ടിനീരിന്റെ ലക്ഷണങ്ങൾ
പനി
തലവേദന
പേശി വേദന
ക്ഷീണം
വിശപ്പില്ലായ്മ
ഭക്ഷണം ചവയ്ക്കുമ്പോഴോ വിഴുങ്ങുമ്പോഴോ വേദന
മുണ്ടിനീര് ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ
വാക്സിനേഷൻ്റെ അഭാവം മുതൽ പ്രതിരോധശേഷി കുറയുന്നത് വരെ, മുണ്ടിനീര് ഉണ്ടാകാൻ നിരവധി കാരണങ്ങളുണ്ട്.
വാക്സിനേഷൻ: വാക്സിനേഷൻ നിരക്ക് കുറവുള്ളതോ അല്ലെങ്കിൽ വാക്സിനേഷൻ എടുക്കാത്ത വ്യക്തികൾ കൂടുതലുള്ളതോ ആയ പ്രദേശങ്ങളിലാണ് മുണ്ടിനീര് കൂടുതലായി വ്യാപിക്കുന്നത്. എംഎംആർ (മീസിൽസ്, മുണ്ടിനീര്, റൂബെല്ല) വാക്സിൻ മുണ്ടിനീര് തടയുന്നതിന് ഫലപ്രദമാണ്. എന്നാൽ, വാക്സിനേഷൻ നിരക്ക് കുറയുന്നത് രോഗവ്യാപനത്തിന് കാരണമാകാം.
രോഗിയുമായുള്ള അടുത്ത സമ്പർക്കം: രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ മുണ്ടിനീര് പകരാം. ചുമ, തുമ്മൽ, സംസാരം എന്നിവയിലൂടെ പുറത്തെത്തുന്ന ഉമിനീരിലൂടെ മുണ്ടിനീര് പകരാൻ സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തിയിൽ നിന്ന് ഉമിനീർ, മ്യൂക്കസ് എന്നിവ നേരിട്ട് മറ്റുള്ളവരിൽ എത്തുന്നതും രോഗം പരത്തുന്നു. ഹോസ്റ്റലുകൾ, ഡോർമിറ്റിറികൾ എന്നിവിടങ്ങളിൽ വ്യാപന സാധ്യത കൂടുതലാണ്.
ദുർബലമായ പ്രതിരോധശേഷി: എച്ച്ഐവി/ എയ്ഡ്സ് തുടങ്ങിയ രോഗാവസ്ഥകൾ ഉള്ളവർ, കീമോതെറാപ്പിക്ക് വിധേയരായവർ തുടങ്ങി രോഗ പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് മുണ്ടിനീർ ഉണ്ടാകാനും ലക്ഷണങ്ങൾ ഗുരുതരമാകാനും സാധ്യതയുണ്ട്.
ചികിത്സ
മുണ്ടിനീരിന് പ്രത്യേക ചികിത്സയില്ല. അതിനാൽ, രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിന് ശരീരത്തിന് വിശ്രമം, ജലാംശം എന്നിവ ലഭ്യമാക്കുക. പനി, തലവേദന എന്നീ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് വേദനസംഹാരികൾ ഉപയോഗിക്കാം. വൈറസ് വ്യാപനം തടയുന്നതിന് രോഗബാധിതരായ വ്യക്തികളിൽ നിന്ന് അകലം പാലിക്കുക. മുണ്ടിനീര് തടയാൻ ഫലപ്രദമായ മാർഗം വാക്സിനേഷനാണ്. രണ്ട് ഡോസുകളിലായാണ് വാക്സിനേഷൻ നൽകുന്നത്. ആദ്യ ഡോസ് 12-15 മാസം പ്രായമുള്ളപ്പോഴും രണ്ടാമത്തെ ഡോസ് 4-6 വയസിലുമാണ്. ഈ പ്രായത്തിൽ വാക്സിനെടുത്തോ എന്ന് ഉറപ്പില്ലാത്തവർ മുതിർന്ന ശേഷമോ വാക്സിൻ സ്വീകരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.