പാൽ ചായ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറെയും. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് ചായ. ചിലർക്ക് രാവിലെ ഒരു ഗ്ലാസ് പാൽ ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം മുഴുവൻ അതിന്റെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഏത് നേരത്ത് പാൽ ചായ കൊടുത്താലും കുടിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ വെറും വയറ്റിൽ ഇത് കുടിക്കുന്നത് കൊണ്ടുണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് പാലും പഞ്ചസാരയും ചേർന്നാൽ? രാവിലെ വെറും വയറ്റിൽ പാൽ ചായ കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. നിങ്ങളും പാൽ ചായ പ്രേമിയാണോ? എങ്കിൽ തീർച്ചയായിട്ടും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. വെറുംവയറ്റിൽ പാൽ ചായ കുടിച്ചാലുള്ള ചില പാർശ്വഫലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ദഹനക്കേട്/വയറുവീർക്കൽ - അമിതമായി പാൽ ചായ കുടിക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് വയറുവേദന അനുഭവപ്പെട്ടേക്കാം. ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് വയർ വീർക്കാൻ കാരണമാകും. ഇത് ഗ്യാസ് ട്രബിൾ ഉണ്ടാക്കും. ചായയിൽ അടങ്ങിയിരിക്കുന്ന ടാന്നിൻ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും വയറുവേദന ഉണ്ടാക്കുകയും ചെയ്യുന്നു.
മലബന്ധം - ചായയിൽ കഫീൻ കൂടാതെ തിയോഫിലിൻ അടങ്ങിയിട്ടുണ്ട്. ചായയുടെ അമിതമായ ഉപയോഗം ശരീരത്തെ വരണ്ടതാക്കുകയും നിർജ്ജലീകരണം ഉണ്ടാകുകയും ചെയ്യുന്നു. അങ്ങനെ അത് ഗുരുതരമായ മലബന്ധം എന്ന പ്രശ്നത്തിലേക്ക് നയിക്കുന്നു.
ഉത്കണ്ഠ - ഉത്കണ്ഠ കൂടുതലുള്ള ആളാണ് നിങ്ങളെങ്കിൽ ഇടയ്ക്കിടെ ചായ കുടിക്കുന്നത് നിർത്തുക. ഈ പാനീയം യഥാർത്ഥത്തിൽ ഉത്കണ്ഠയുടെ ലക്ഷണങ്ങളെ വർധിപ്പിക്കും. നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടാകുകയും ചെയ്യും.
ഉറക്കമില്ലായ്മ - ചായയിൽ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ അത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തും. ഉറക്കമില്ലായ്മ എന്ന പ്രശ്നത്തിലേക്ക് അമിതമായ ചായകുടി നയിച്ചേക്കും. അതിനാൽ നിങ്ങൾക്ക് ഉറക്കമില്ലായ്മയും അതിന്റെ ലക്ഷണങ്ങളും അനുഭവപ്പെടുമ്പോൾ തന്നെ പാൽ ചായ കുടിക്കുന്നത് ഒഴിവാക്കുക.
രക്തസമ്മർദ്ദം - രക്തസമ്മർദ്ദം മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാവുന്ന ഒരു അവസ്ഥയാണ്. അത് കൈകാര്യം ചെയ്യാൻ പ്രയാസമാണ്. അമിതമായ രക്തസമ്മർദ്ദം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. അമിതമായി പാൽ ചായ കുടിയ്ക്കുന്നത് രക്തസമ്മർദ്ദത്തിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. അതിനാൽ ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാൾ അമിതമായ അളവിൽ പാൽ ചായ കഴിക്കരുത്.
നിർജ്ജലീകരണം - പാൽ ചായയുടെ ഏറ്റവും അപകടകരമായ പാർശ്വഫലങ്ങളിലൊന്ന് എന്ന് പറയുന്നത് അത് നിർജ്ജലീകരണം ഉണ്ടാക്കുന്നു എന്നതാണ്. ചായയിൽ കഫീൻ അടങ്ങിയിരിക്കുന്നതാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ വെറും വയറ്റിൽ പാൽ ചായ കുടിക്കാതിരിക്കുക. പ്രത്യേകിച്ച് പഞ്ചസാര കൂടി ചേർക്കുമ്പോൾ ഇത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും.
തലവേദന - അമിതമായി പാൽ ചായ കുടിയ്ക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകുമെന്ന് നമ്മൾ പറഞ്ഞ് കഴിഞ്ഞു. ഇത് തലവേദനയ്ക്ക് കാരണമാകും. അതിനാൽ, പാലും പഞ്ചസാരയും ചേർത്ത ചായ അധികം കുടിക്കുന്നത് ഒഴിവാക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...