പൊതു ശൗചാലയങ്ങൾ ഉപയോഗിക്കാനുള്ള മടി, അർധരാത്രി മൂത്രമൊഴിക്കാൻ തോന്നിയാലും ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാനുള്ള മടി, പുറത്ത് പോയി വരുമ്പോൾ വീടിനുള്ളിലേക്ക് കയറിയാൽ നേരെ ശുചിമുറിയിലേക്ക് ഓടുന്നവർ.... ഈ പറഞ്ഞ കാര്യങ്ങളിൽ നിങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. കാരണം കൂടുതൽ നേരം മൂത്രം പിടിച്ച് നിൽക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.
വൃക്കയിലെ കല്ലുകൾ: നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ വൃക്കയിൽ അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത്. വളരെ വേദനാജനകമായ അവസ്ഥയാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാക്കുക. ചെറിയ കല്ലുകൾ ചിലപ്പോൾ മൂത്രമൊഴിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് പുറത്ത് പോകാറുണ്ട്. എന്നാൽ, ഇവ വലുതാണെങ്കിൽ അവ നീക്കം ചെയ്യാൻ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. മൂത്രത്തിൽ കല്ല് വലുതാണെങ്കിൽ മൂത്രത്തിൽ അണുബാധയും മൂത്രമൊഴിക്കുമ്പോൾ രക്തവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വെള്ളം കുടിക്കുന്നതും മൂത്രം ഒഴിക്കുന്നതും കുറവാണെങ്കിൽ മൂത്രത്തിൽ കല്ല് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
മൂത്രത്തിൽ അണുബാധ: കൂടുതൽ നേരം മൂത്രം ഒഴിക്കാതെയിരുന്നാൽ മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. മൂത്രനാളിയിൽ ബാക്‌ടീരിയകൾ ഉണ്ടാവുകയും ഇവ മൂത്രത്തോടൊപ്പം പുറന്തള്ളപ്പെടുകയുമാണ് ചെയ്യുന്നത്. എന്നാൽ, മൂത്രാശയത്തിൽ കൂടുതൽ നേരം മൂത്രം പിടിച്ചിരിക്കുമ്പോൾ ബാക്ടീരിയകൾ വളരുകയും മൂത്രനാളിയിലെ ഏതെങ്കിലും ഭാഗത്ത് അണുബാധയുണ്ടാക്കുകയും ചെയ്യും. മൂത്രനാളിയിൽ ഒരുതവണ അണുബാധ ഉണ്ടായാൽ പിന്നീട് വീണ്ടും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
മൂത്രസഞ്ചി പൊട്ടിത്തെറിക്കുക: മൂത്രസഞ്ചി പൊട്ടിത്തെറിക്കുന്ന അവസ്ഥ അപൂർവമാണ്. എന്നാൽ, ദീർഘനേരം മൂത്രം ഒഴിക്കാതെ പിടിച്ച് നിൽക്കുകയാണെങ്കിൽ, നിങ്ങളുടെ മൂത്രസഞ്ചി പൊട്ടിത്തെറിച്ചേക്കാം. ദീർഘനേരം മൂത്രം തടഞ്ഞുനിർത്തുന്നത് മൂത്രസഞ്ചി താഴാനും ദുർബലമാകാനും ഇടയാകും.
മൂത്രമൊഴിക്കുമ്പോൾ വേദന: മൂത്രമൊഴിക്കാനുള്ള തോന്നൽ സംവേദനമാണ്. എന്നാൽ മൂത്രത്തെ കൂടുതൽ നേരം പിടിച്ചുവയ്ക്കുന്നത് വേദനയ്ക്ക് കാരണമാകും. കാരണം പേശികൾ കൂടുതൽ സമയം പ്രവർത്തിക്കേണ്ടി വരികയും മൂത്രത്തിന്റെ അളവ് വീണ്ടും വർധിക്കുകയും ചെയ്യും. മൂത്രാശയത്തിൽ മൂത്രം നിറയുമ്പോൾ അത് വികസിക്കുന്നു. മൂത്രമൊഴിച്ചതിന് ശേഷം വീണ്ടും പൂർവസ്ഥിതിയിലാകുന്നു. എന്നാൽ തുടർച്ചയായി മൂത്രം നിറഞ്ഞ് നിൽക്കുന്നതിലൂടെ പൂർവ സ്ഥിതിയിലേക്ക് മടങ്ങുന്നത് കുറഞ്ഞ് വരികയും മൂത്രസഞ്ചി നീളുകയും ചെയ്യുന്നു.
അറിയാതെ മൂത്രം പോകുന്ന അവസ്ഥ: കൂടുതൽ നേരം മൂത്രം പിടിച്ച് വയ്ക്കുന്നത് പെൽവിക് ഫ്ലോർ പേശികളെ ദുർബലപ്പെടുത്തും. ഇത് അജിതേന്ദ്രിയത്വത്തിന് കാരണമാകാൻ സാധ്യതയുണ്ട്. മൂത്രം പോകുന്നത് അറിയാതെയാകും. പേശികളുടെ ബലക്കുറവാണ് ഇതിന് കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...