World Food Day 2022: ലോക ഭക്ഷ്യ ദിനം; ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാകിസ്ഥാനും ബം​ഗ്ലാദേശിനും താഴെ

Global  Hunger Index: പോഷകാഹാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങൾക്ക് മതിയായ ഭക്ഷണം ഉറപ്പാക്കുന്നതിനും ലോക ഭക്ഷ്യദിനം വളരെ പ്രസക്തമാകുന്ന കാലഘട്ടമാണിത്.

Written by - Zee Malayalam News Desk | Last Updated : Oct 16, 2022, 11:37 AM IST
  • 29.1 സ്കോർ നേടിയ ഇന്ത്യയുടെ ഭക്ഷ്യ സൂചിക "ഗുരുതരമായത്" എന്നാണ് വിലയിരുത്തപ്പെടുന്നത്
  • അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം
World Food Day 2022: ലോക ഭക്ഷ്യ ദിനം; ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാകിസ്ഥാനും ബം​ഗ്ലാദേശിനും താഴെ

ലോക ഭക്ഷ്യ ദിനം: പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യദിനം ആചരിക്കുന്നു. ആഗോള പട്ടിണി സൂചികയിൽ (ജിഎച്ച്ഐ) 2022-ൽ 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടു. 2021-ൽ 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 2022-ലെ ആഗോള പട്ടിണി സൂചികയിൽ, 121 രാജ്യങ്ങളിൽ ഇന്ത്യ 107-ാം സ്ഥാനത്താണ്. ഈ ഗുരുതരമായ ഭക്ഷ്യ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ, ശരിയായ പോഷകാഹാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങൾക്ക് മതിയായ ഭക്ഷണം ഉറപ്പാക്കുന്നതിനും ലോക ഭക്ഷ്യദിനം ഇന്ത്യയ്ക്ക് വളരെ പ്രസക്തമാകുന്ന കാലഘട്ടമാണിത്. പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരെ പോരാടാൻ രാജ്യങ്ങളോട് ഒരുമിച്ചുനിൽക്കാനും നിരാശയിൽ നിന്ന് പ്രതീക്ഷയിലേക്കും പ്രവർത്തനത്തിലേക്കും മാറാനും ലോക ഭക്ഷ്യദിനം ആചരിക്കുന്ന ദിനത്തിൽ ഐക്യരാഷ്ട്രസഭ ഡയറക്ടർ ജനറൽ ക്യു ഡോങ്യു ആവശ്യപ്പെട്ടു.

ഗ്ലോബൽ ഹംഗർ ഇൻഡക്സ് എങ്ങനെയാണ് കണക്കാക്കുന്നത്?
പല സൂചകങ്ങളിലാണ് ​ഗ്ലോബൽ ഹം​ഗർ ഇൻഡക്സ് സ്കോർ കണക്കാക്കുന്നത് - പോഷകാഹാരക്കുറവ്: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ഉയരത്തിന് അനുപാതമായി കുറഞ്ഞ ഭാരം, കടുത്ത പോഷകാഹാരക്കുറവ് പ്രതിഫലിപ്പിക്കുന്നു. കുട്ടികളുടെ വളർച്ച മുരടിപ്പ്: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, അവരുടെ പ്രായത്തിനനുസരിച്ച് വളർച്ച കുറഞ്ഞ അവസ്ഥ, വിട്ടുമാറാത്ത പോഷകാഹാരക്കുറവ് പ്രതിഫലിപ്പിക്കുന്നു, ശിശുമരണനിരക്ക്: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് എന്നിവയാണ് അവ.

ലോക ഭക്ഷ്യ ദിനത്തിൽ ഇന്ത്യയുടെ പ്രസക്തി
116 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയിൽ (ജിഎച്ച്ഐ) 2021-ൽ ഇന്ത്യ 101-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2020ൽ 94-ാം സ്ഥാനത്തായിരുന്നു. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 29.1 സ്കോർ നേടിയ ഇന്ത്യയുടെ ഭക്ഷ്യ സൂചിക "ഗുരുതരമായത്" എന്നാണ് വിലയിരുത്തപ്പെടുന്നത്. റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ കുട്ടികളുടെ പട്ടിണി നിരക്ക്, 19.3 ശതമാനമാണ്. ലോകത്തിലെ ഏത് രാജ്യത്തേക്കാളും ഉയർന്ന നിരക്കാണിതെന്ന് വിലയിരുത്തപ്പെടുന്നു. 2022-ലെ ലോക ദാരിദ്ര്യ കണക്ക് അനുസരിച്ച്, ജനസംഖ്യയുടെ ഏകദേശം ആറ് ശതമാനം അല്ലെങ്കിൽ 83,068,597 (83 ദശലക്ഷം) ആളുകൾ ദാരിദ്ര്യത്തിലാണ് കഴിയുന്നത്.

ലോകം ഭക്ഷ്യ പ്രതിസന്ധിയെ ഗൗരവമായി കാണേണ്ടതുണ്ട്
ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലെ സംഘർഷം, കാലാവസ്ഥാ പ്രതിസന്ധി, യുക്രൈനിലെ യുദ്ധം എന്നിവയും കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവയും പട്ടിണി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ ലോകം ഗുരുതരമായ തിരിച്ചടി നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ആഗോള പ്രതിസന്ധികൾ കൂടിവരുന്നതിനാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.

​ഗ്ലോബൽ ഹം​ഗർ ഇൻഡക്സ് റിപ്പോർട്ടിനോട് ഇന്ത്യയുടെ പ്രതികരണം
രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ശ്രമമാണിതെന്നും സൂചിക ഗുരുതരമായ പ്രശ്‌നങ്ങൾ ഉള്ളതാണെന്നും ​ഗ്ലോബർ ഹം​ഗർ ഇൻഡക്സിന്റേത് “തെറ്റായ അളവുകോൽ” ആണെന്നും ആരോപിച്ച് കേന്ദ്രം ഈ കണ്ടെത്തലുകൾ തള്ളി. അതേസമയം പരാജയത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

ഇന്ത്യയിൽ ഗോതമ്പ് ക്ഷാമം
ഈ വർഷം ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പരിപാടിയിൽ, ആവശ്യമെങ്കിൽ മറ്റ് രാജ്യങ്ങൾക്ക് ഭക്ഷ്യധാന്യ വിതരണം ചെയ്യാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് പറഞ്ഞിരുന്നു. ലോകവ്യാപാര സംഘടന അനുവദിച്ചാൽ ലോകത്തെ മുഴുവൻ ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പര്യാപ്തമായ ഭക്ഷ്യധാന്യങ്ങളുടെ ഒരു വലിയ സംഭരണി നമുക്കുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ലോകം ഇപ്പോൾ ഒരു പുതിയ പ്രശ്നം അഭിമുഖീകരിക്കുകയാണ്, ലോകത്തിലെ ഭക്ഷണ ശേഖരം കാലിയാകുകയാണ്, ഞാൻ യുഎസ് പ്രസിഡന്റുമായി സംസാരിച്ചിരുന്നു, അദ്ദേഹവും ഈ വിഷയം ഉന്നയിച്ചു, ഡബ്ല്യുടിഒ അനുമതി നൽകിയാൽ ലോക രാജ്യങ്ങളിലേക്ക് ഭക്ഷ്യ വിതരണം നടത്താൻ ഇന്ത്യ തയ്യാറാണെന്ന് നിർദേശിച്ചു, ” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എന്നാൽ ആറുമാസം കഴിഞ്ഞപ്പോൾ സ്ഥിതി സങ്കീർണമായി. സർക്കാർ ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം ഭക്ഷ്യധാന്യ ശേഖരം കുറഞ്ഞു. ഇപ്പോൾ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഭക്ഷ്യധാന്യ ശേഖരം. എഫ്‌സിഐയുടെ കണക്കനുസരിച്ച്, ഭക്ഷ്യധാന്യ സ്റ്റോക്കുകൾ നിർബന്ധിത തലത്തിന് മുകളിലാണ്. ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് പ്രകാരം ഗോതമ്പിന്റെയും അരിയുടെയും എഫ്‌സിഐ സ്റ്റോക്ക് 511.36 ലക്ഷം ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വർഷം 816 ലക്ഷം ടണ്ണായിരുന്നു സംഭരണം. ഗോതമ്പ് സ്റ്റോക്ക് 227.5 ആണ്.

ഈ വർഷത്തെ ലോക ഭക്ഷ്യദിനത്തിന്റെ പ്രമേയം
സർക്കാരുകൾ, പൊതുജനങ്ങൾ, മാധ്യമങ്ങൾ എന്നിവയെ ഒന്നിപ്പിച്ച് ലോകമെമ്പാടും പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിച്ച് പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലോക ഭക്ഷ്യദിനം ലക്ഷ്യമിടുന്നത്. ഈ വർഷത്തെ പ്രമേയം 'ആരും ഉപേക്ഷിക്കരുത്' (‘Leave NO ONE behind’) എന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News