പൊള്ളുന്ന ചൂടിനെ നേരിടാന്‍ ചില മുന്‍കരുതലുകള്‍...

കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്‌. 

Last Updated : Mar 5, 2019, 10:33 AM IST
പൊള്ളുന്ന ചൂടിനെ നേരിടാന്‍ ചില മുന്‍കരുതലുകള്‍...

കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്‌. 

താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രിക്കു മുകളില്‍ ഉയരുകയും ദിവസങ്ങളോളം അതേ അവസ്ഥ നീണ്ടുനില്‍ക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. ഉത്തരേന്ത്യയെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ ഉഷ്ണതരംഗം അപൂര്‍വമായിരുന്നു. 
 
ആഗോളതാപനത്തെ തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണു ചൂടു കൂടാനുള്ള കാരണം. വേനല്‍മഴയുടെ അഭാവം, കാറ്റിന്‍റെ കുറവ്, കടലിലെ താപനില എന്നിവ ഉഷ്ണതരംഗത്തെ സ്വാധീനിക്കും. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ  തോത് കൂടുന്നതും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും ടാര്‍ റോഡുകളുടെയും സാമീപ്യവും ചൂടിന്‍റെ തോത് വര്‍ധിപ്പിക്കും.

ചുട്ടുപൊള്ളുന്ന ചൂടിനെ നേരിടാന്‍ മുന്‍കരുതലുകല്‍ അത്യാവശ്യമാണ്. 

അന്തരീക്ഷ താപനില ഉയര്‍ന്നിരിക്കുന്ന സമയമായ ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് 3 വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. അഥവാ ഈ സമയത്ത് പുറത്തിറങ്ങേണ്ട ആവശ്യം വന്നാല്‍ കുട ഉപയോഗിക്കാന്‍ മറക്കാതിരിക്കുക.

ധാരാളം വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും ഓരോ മണിക്കൂര്‍ ഇടവിട്ട് വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. വിയര്‍പ്പിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും. മറ്റു പാനീയങ്ങളും ഈ സമയത്ത് ഉത്തമമാണ്.ഉപ്പിട്ട് നേര്‍പ്പിച്ച കഞ്ഞിവെള്ളം, മോര്, നാരങ്ങവെള്ളം, ജ്യൂസ് എന്നിവയും വളരെയേറെ ഉപകാരപ്രദമാണ്.

ജലാംശം കൂടുതലുള്ള പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി കഴിക്കുക. ചൂടുകാലത്ത് തണ്ണിമത്തന്‍ ഏറ്റവും ഉത്തമം.

കൃഷിസ്ഥലത്ത് പണിയെടുക്കുന്നവര്‍ ജോലി സമയം ക്രമീകരിക്കുക. ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് 3 വരെ പണിയെടുക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. കടുത്ത വെയിലില്‍ ജോലി ചെയ്യേണ്ടിവന്നാല്‍ ഇടക്കിടെ തണലിലേക്ക് മാറി നില്‍ക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.

വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കട്ടികുറഞ്ഞതും ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. 

ചൂടു കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. 

വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക. വീടിനകത്തെ ചൂട് പുറത്തു പോകുന്നതിനും വീടിനകത്തേക്ക് കൂടുതല്‍ വായുസഞ്ചാരം ലഭിക്കുന്നതിനും ഇത് സഹായകമാണ്.

കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ വെയിലില്‍ കളിക്കാന്‍ അനുവദിക്കരുത്. കൂടാതെ അവര്‍ക്ക് ധാരാളം പാനീയങ്ങള്‍ നല്‍കുക. 

വെയിലത്ത് പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക. 

കൂടാതെ, വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. 

 

Trending News