ഒഡിഷയില്‍ വൈദ്യുതാഘാതമേറ്റ് ഏഴ് കാട്ടാനകള്‍ ചരിഞ്ഞു

സദര്‍ വനമേഖലയില്‍നിന്നും ഗ്രാമത്തിലെത്തിയ ആനകള്‍ വയല്‍കടക്കുന്നതിനിടെ പൊട്ടിവീണ 11കെവി വൈദ്യുതലൈനുകളില്‍ തട്ടിയതാണ് അപകടകാരണമായത്.   

Last Updated : Oct 28, 2018, 10:04 AM IST
ഒഡിഷയില്‍ വൈദ്യുതാഘാതമേറ്റ് ഏഴ് കാട്ടാനകള്‍ ചരിഞ്ഞു

ദെന്‍കനാല്‍: ഒഡിഷയിലെ ദെന്‍കനാല്‍ ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് ഏഴ് കാട്ടാനകള്‍ ചരിഞ്ഞു. ശനിയാഴ്ച കമലാങ്ക ഗ്രാമത്തിലാണ് സംഭവം. 

സദര്‍ വനമേഖലയില്‍നിന്നും ഗ്രാമത്തിലെത്തിയ ആനകള്‍ വയല്‍കടക്കുന്നതിനിടെ പൊട്ടിവീണ 11കെവി വൈദ്യുതലൈനുകളില്‍ തട്ടിയതാണ് അപകടകാരണമായത്. 13 ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. ചരിഞ്ഞവയില്‍ അഞ്ചെണ്ണം പിടിയാനകളാണ്.

രാവിലെ ആനകള്‍ ചരിഞ്ഞുകിടക്കുന്നത് കണ്ട ഗ്രാമവാസികള്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മൂന്ന് ആനകള്‍ റോഡില്‍ വീണുകിടക്കുന്ന നിലയിലും നാല് ആനകള്‍ പാടത്തെ കനാലിലുമായിരുന്നു. ആനകളെ സംഭവസ്ഥലത്തു നിന്ന് നീക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

ആനകളുടെ സഞ്ചാരമേഖലയായതിനാല്‍ വൈദ്യുതലൈനുകള്‍ 1718 അടി ഉയരത്തിലാവണമെന്ന് വൈദ്യുതവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നതായി വനംവകുപ്പധികൃതര്‍ അറിയിച്ചു. ഇതിന് ചുമതലപ്പെടുത്തിയ ഏജന്‍സികളുടെ അലംഭാവമാണ് ഈ അത്യാഹിതത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണറിപ്പോര്‍ട്ട്.

Trending News