എംഎൽഎമാരുടെ അയോഗ്യത കേസ്: അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന്

കുറ്റാലത്തെ റിസോര്‍ട്ടിലും ശിവഗംഗയിലുമുള്ള എംഎല്‍എമാരും ടിടിവി ദിനകരനും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നതിനായി മധുരയില്‍ എത്തിയിട്ടുണ്ട്.   

Last Updated : Oct 26, 2018, 09:43 AM IST
എംഎൽഎമാരുടെ അയോഗ്യത കേസ്: അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന്

ചെന്നൈ: ദിനകരപക്ഷത്തെ 18 അണ്ണ ഡിഎംകെ എംഎല്‍എമാരുടെ അയോഗ്യത കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന് മധുരയില്‍ ചേരും. 

കുറ്റാലത്തെ റിസോര്‍ട്ടിലും ശിവഗംഗയിലുമുള്ള എംഎല്‍എമാരും ടിടിവി ദിനകരനും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നതിനായി മധുരയില്‍ എത്തിയിട്ടുണ്ട്. എംഎല്‍എമാര്‍ ആവശ്യപ്പെട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇല്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ് ടിടിവി ദിനകരന്‍റെ നിലപാട്.

2011ല്‍ ക‌ർണാടകയില്‍ സമാനമായ രീതിയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാർ സുപ്രീംകോടതിയിലെത്തി അനുകൂല വിധി നേടിയിരുന്നു. ഇതാണ് സുപ്രീംകോടതിയില്‍ പോകുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നവർ ചൂണ്ടിക്കാണിക്കുന്നത്. നിയമവിദഗ്ദരോടു കൂടി ഇക്കാര്യം ചർച്ച ചെയ്യും. നിലവിലെ രാഷ്ട്രീയസാഹചര്യം അനുകൂലമാണെന്നും ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും ടിടിവി ദിനകരൻ വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ഡിഎംകെയും ടിടിവി ദിനകരനുമാകും നേട്ടമുണ്ടാക്കുക എന്ന ആശങ്ക എഐഎഡിഎംകെ ക്യാമ്പിലുണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് പരമാവധി നീട്ടിവയ്ക്കാൻ ഇപിഎസ് സർക്കാർ ശ്രമിക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു. ഇപ്പോഴുള്ള അനുകൂലരാഷ്ട്രീയ സാഹചര്യം സുപ്രീംകോടതി നടപടികളിലേക്ക് കടന്നാല്‍ മാറുമോ എന്നത് കൂടി വിലയിരുത്തിയാകും ടിടിവി പക്ഷം തുടർ നടപടികളില്‍ അന്തിമ തീരുമാനമെടുക്കുക.
 
ദിനകരപക്ഷത്തെ 18 അണ്ണ ഡിഎംകെ എംഎല്‍എമാര്‍ അയോഗ്യരെന്ന സ്പീക്കറുടെ നടപടി ഇന്നലെ മദ്രാസ് ഹൈക്കോടതി ശരിവച്ചിരുന്നു. എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കര്‍ പി ധനപാല്‍, ടിടിവി ദിനകരന്‍ പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്.

Trending News