അഖിലേഷ് യാദവ് പ്രവർത്തിക്കുന്നത് മായാവതിയുടെ സമ്മർദ്ദത്തില്‍: നിഷാദ് പാര്‍ട്ടി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണ്ണായക സ്ഥാനം വഹിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഏറ്റവും കൂടുതല്‍ ജനപ്രതിനിധികളെ ലോക്സഭയിലേയ്ക്ക് അയയ്ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്‌. ഉത്തര്‍ പ്രദേസില്‍ നിന്നും 80 അംഗങ്ങളാണ് ലോക്സഭയില്‍ എത്തുന്നത്‌.

Last Updated : Apr 2, 2019, 04:29 PM IST
അഖിലേഷ് യാദവ് പ്രവർത്തിക്കുന്നത് മായാവതിയുടെ സമ്മർദ്ദത്തില്‍: നിഷാദ് പാര്‍ട്ടി

ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണ്ണായക സ്ഥാനം വഹിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഏറ്റവും കൂടുതല്‍ ജനപ്രതിനിധികളെ ലോക്സഭയിലേയ്ക്ക് അയയ്ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്‌. ഉത്തര്‍ പ്രദേസില്‍ നിന്നും 80 അംഗങ്ങളാണ് ലോക്സഭയില്‍ എത്തുന്നത്‌.

രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. 2014ല്‍ 80ല്‍ 73 സീറ്റുകളും യുപിയില്‍ തൂത്ത് വാരിയാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറിയത്. ഇത്തവണ ബിജെപിയെന്ന വന്മരത്തെ നേരിടാന്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യവും കോണ്‍ഗ്രസും രണ്ടും കല്‍പ്പിച്ചാണ്. 

എന്നാല്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ മുന്നേറ്റമായി കാണുവാന്‍ കഴിയുന്നത്‌ ഉത്തര്‍ പ്രദേശില്‍ ഉടലെടുത്ത എസ്.പി–ബി.എസ്.പി മഹാസഖ്യമാണ്. മായാവതിയും അഖില്ഷ് യാദവും ചേര്‍ന്നൊരുക്കിയ സഖ്യം സംസ്ഥാനത്ത് ബിജെപിയ്ക്ക് വന്‍ തിരിച്ചടി നല്‍കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.

എന്നാല്‍, എസ്.പി–ബി.എസ്.പി മഹാസഖ്യത്തെ പിന്തള്ളി നിഷാദ് പാര്‍ട്ടി, എന്‍ഡിഎ പാളയത്തിലേക്ക് നടത്തിയ മലക്കംമറിച്ചിലാണ് ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചാവിഷയം. എസ്.പി–ബി.എസ്.പി മഹാസഖ്യത്തില്‍ചേര്‍ന്ന് 2 ദിവസങ്ങള്‍ക്കുള്ളിലാണ് നിഷാദ് പാര്‍ട്ടി സഖ്യം ഉപേക്ഷിച്ചത്. 

എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ബിഎസ്പി നേതാവ് മായാവതിയുടെ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിഷാദ് പാര്‍ട്ടി അദ്ധ്യക്ഷന്‍ സഞ്ജയ്‌ നിഷാദ് പറഞ്ഞു. ബിജെപി തങ്ങള്‍ക്ക് ന്യായമായ രീതിയില്‍ സീറ്റ് വിഹിതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

തങ്ങളുടെ മുഖ്യമായ ആവശ്യങ്ങള്‍ രണ്ടാണെന്നും, ആ ആവശ്യങ്ങള്‍ ബിജെപി ദേശീയ അദ്ധ്യക്ഷനുമായി ചര്‍ച്ചയായെന്നുമാണ് സഞ്ജയ്‌ നിഷാദ് മാധ്യമങ്ങളോട് പറഞ്ഞത്. ഒന്ന് സംവരണം, രണ്ട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവദിക്കണം. ഈ രണ്ട് ആവശ്യങ്ങളും ബിജെപി അംഗീകരിച്ചതായി സഞ്ജയ്‌ നിഷാദ് പറഞ്ഞു. 

ലഖ്‌നൗവില്‍ വച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നിഷാദ് പാര്‍ട്ടി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോരഖ്പൂരില്‍ നിന്നുളള എംപി പ്രവീണ്‍, മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിപക്ഷ സഖ്യം വിടുന്നുവെന്ന് നിഷാദ് പാര്‍ട്ടി പ്രഖ്യാപിച്ചത്. 

എന്നാല്‍, നിഷാദ് പാര്‍ട്ടി സഖ്യം വിടാന്‍ കാരണം മായാവതിയാണെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. നിഷാദ് പാര്‍ട്ടിയുടെ ചിഹ്നം തിരഞ്ഞെടുപ്പ് ബാനറുകളില്‍ എസ്പി-ബിഎസ്പി പാര്‍ട്ടികളുടെ ചിഹ്നത്തോടൊപ്പം ഉപയോഗിക്കുന്നതില്‍ മായാവതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ, സംസ്ഥാനത്ത് നിഷാദ് പാര്‍ട്ടിയുടെ വളര്‍ച്ച മായാവതി ആഗ്രഹിച്ചിരുന്നില്ല എന്നതും സഖ്യം വിടാന്‍ കാരണമായി എന്ന് സഞ്ജയ്‌ നിഷാദ് പറഞ്ഞു. 

നിഷാദ് പാർട്ടി വലിയ പാര്‍ട്ടി അല്ല എങ്കിലും ഈ പാര്‍ട്ടിയ്ക്ക് ഗോരഖ്പൂരില്‍ വലിയ സ്വാധീനമാണ് ഉള്ളത്. 2018ല്‍ നടന്ന ഗോരഖ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയതാണ് നിഷാദ് പാര്‍ട്ടി. ബിജെപിയുടെ കോട്ട എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലമാണ് ഗോരഖ്പൂര്‍. മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ കോട്ടയായിരുന്ന, നിരവധി തവണ യോഗി ആദിത്യനാഥ് പ്രതിനിധാനം ചെയ്ത മണ്ഡലമാണ് ഇത്.  

എന്നാല്‍ നിഷാദ് പാര്‍ട്ടി ഇല്ലാത്തത് സഖ്യത്തിന്‍റെ പ്രകടനത്തെ ബാധിക്കില്ലെന്ന് എസ്പി നേതൃത്വം അവകാശപ്പെട്ടു. 

 

Trending News