2 ജി സ്പെക്‌ട്രം: എല്ലാവരും കുറ്റവിമുക്തരെന്ന് കോടതി വിധി

ഏറെ വിവാദമായ 2 ജി സ്പെക്‌ട്രം അഴിമതി കേസുകളില്‍ എല്ലാവരും കുറ്റവിമുക്തരെന്ന് കോടതി. 

Last Updated : Dec 21, 2017, 11:04 AM IST
2 ജി സ്പെക്‌ട്രം: എല്ലാവരും കുറ്റവിമുക്തരെന്ന് കോടതി വിധി

ന്യൂഡല്‍ഹി: ഏറെ വിവാദമായ 2 ജി സ്പെക്‌ട്രം അഴിമതി കേസുകളില്‍ എല്ലാവരും കുറ്റവിമുക്തരെന്ന് കോടതി.രണ്ടാം യു.പി.എ സര്‍ക്കാരിനെ പിടിച്ചുലച്ച 2 ജി സ്പെക്‌ട്രം അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജ, ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, മകളും രാജ്യസഭാംഗവുമായ കനിമൊഴി എന്നിവരടക്കമുള്ള 14 പ്രതികളേയും പ്രത്യേക സി.ബി,ഐ കോടതി ജഡ്ജി ഒ.പി. സാഹ്നി കുറ്റക്കാരല്ലെന്ന് പ്രഖ്യാപിച്ച് വെറുതെ വിടുകയായിരുന്നു. 

പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നു കോടതി വ്യക്തമാക്കി . ഡല്‍ഹിയിലെ പട്യാല പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച്‌ ആറര വര്‍ഷം പിന്നിട്ട ശേഷമാണ് കേസിലെ വിധി വരുന്നത്.

മന്ത്രി രാജയുടെയും ഡി.എം.കെ രാജ്യസഭാംഗമായ കനിമൊഴിയുടെയും രാഷ്ട്രീയഭാവി നിശ്ചയിക്കുന്ന വിധികൂടിയാണ് ഇത് എന്നൊരു പ്രത്യേകത കൂടിയുണ്ട് ഇതിന്. 

യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ കേസായിരുന്നു ഇത്. 2ജി സ്പെക്‌ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസില്‍ സി.ബി.ഐ അന്വേഷണം നടന്നത്. മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്പെക്‌ട്രം ലൈസന്‍സ് അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടായെന്ന് ചൂണ്ടിക്കാട്ടി 2007ലാണ് അന്വേഷണം തുടങ്ങിയത്.മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്പെക്‌ട്രം അനുവദിച്ചതില്‍ ഒരുലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നെന്ന സി എ ജി വിനോദ് റായിയുടെ റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഒമ്പത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്പെക്‌ട്രം ക്രമവിരുദ്ധമായി നല്‍കിയതു വഴി സര്‍ക്കാരിന് ലക്ഷം കോടിരൂപയുടെ നഷ്ടം വന്നെന്ന് സി എ ജി കണ്ടെത്തിയിരുന്നു. സ്പെക്‌ട്രത്തിന്‍റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതി സ്വീകരിച്ചെന്നും ഇതാണ് നഷ്ടത്തിനിടയാക്കിയതെന്നുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേസില്‍ 2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രില്‍ 19നാണ് അവസാനിച്ചത്. 1,76,000,00 കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. എന്നാല്‍, 122 ടുജി സ്പെക്‌ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് സിബിഐ കേസ്.

ഇന്ത്യന്‍ രാഷ്ട്രീയം മാറ്റിയെഴുതുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഈ അഴിമതിയില്‍ എന്തു വിധിയുണ്ടായാലും അത് ചരിത്രത്തിന്‍റെ ഭാഗമാവും. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയത്തെ തടഞ്ഞു നിര്‍ത്താനായെങ്കിലും കുറ്റം തെളിഞ്ഞാല്‍ കോണ്‍ഗ്രസിന് അത് വന്‍ തിരിച്ചടിയാകും.

യുഎസിലെ വാട്ടര്‍ഗേറ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഴിമതിക്കേസെന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ച കേസാണ് ഇത് . മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന 2011 ല്‍ പുറത്തുവന്ന അഴിമതിക്കേസിലെ തിരിച്ചടിയില്‍ നിന്നും കോണ്‍ഗ്രസിന് ഇതുവരെ തിരിച്ചു കയറാന്‍ കഴിഞ്ഞിട്ടില്ല. കൂട്ടുകക്ഷി ഭരണത്തിന്‍റെ സമ്മര്‍ദ്ദം എന്നാണ് 2011-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഴിമതി തടയാനാകാത്ത സ്ഥിതിയെ ന്യായീകരിച്ചത്. 

ഡിഎംകെ നേതാക്കളാണ് പ്രതികളെങ്കിലും ഇന്നും കോണ്‍ഗ്രസിനെതിരെയുള്ള ബിജെപിയുടെ ഏറ്റവും വലിയ ആയുധമാണ് ഈ അഴിമതികേസ്. 2009-ല്‍ വീണ്ടും അധികാരത്തിലെത്തിയ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ വന്‍ജനരോഷം നേരിട്ടു. പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ടായി. നരേന്ദ്ര മോദിക്ക് 2014-ല്‍ അധികാരത്തിലെത്താനുള്ള ഊര്‍ജ്ജമാണ് സ്പെക്‌ട്രം അഴിമതി പകര്‍ന്നത്.

അണ്ണാ ഹസാരെയും അരവിന്ദ് കെജ്‌രിവാളും നയിച്ച അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് വന്‍ ജനപിന്തുണ കിട്ടി. ആം ആദ്മി പാര്‍ട്ടിയുടെ പിറവിക്കും ഈ പ്രക്ഷോഭം വഴിവച്ചു. 

Trending News