ഹിന്ദി രണ്ടാം ഭാഷയായി പഠിക്കണമെന്ന നിര്‍ദേശം മാത്രം!!

ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Last Updated : Sep 18, 2019, 07:31 PM IST
 ഹിന്ദി രണ്ടാം ഭാഷയായി പഠിക്കണമെന്ന നിര്‍ദേശം മാത്രം!!

ന്യൂഡല്‍ഹി: 'ഒരു രാഷ്ട്രം ഒരു ഭാഷ' വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഹിന്ദി രണ്ടാം ഭാഷയായി പഠിക്കണമെന്ന നിര്‍ദേശം മാത്രമാണ് മുന്നോട്ട് വച്ചതെന്നും അമിത് ഷാ പറഞ്ഞു. 

ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനത്ത് നിന്നും വരുന്നയാളാണ് താനെന്ന് പറഞ്ഞ ഷാ ഇതിന് പിന്നില്‍ ചിലര്‍ രാഷ്ട്രീയം ചേര്‍ക്കുകയാണെന്നും വ്യക്തമാക്കി. 

ഹിന്ദി ദിനാചരണ വേളയിൽ അമിത് ഷാ നടത്തിയ 'ഒരു രാജ്യം, ഒരു ഭാഷ’ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് വിശദീകരണം.

ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍  പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും ഇന്ത്യയെ മുഴുവന്‍ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്കാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. 

ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. 

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കമല്‍ഹാസനും രജനികാന്തും രംഗത്തെത്തിയിരുന്നു. 

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നായിരുന്നു കമല്‍ഹാസന്‍റെ മുന്നറിയിപ്പ്. 

ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും പൊതുവായ ഒരു ഭാഷയെ അംഗീകരിക്കില്ലെന്നുമാണ് രജനീകാന്ത്​ പറഞ്ഞത്.

രാജ്യ വ്യാപകമായി പ്രതിഷേധം ഉയർന്നിട്ടും 'ഹിന്ദി അജണ്ട'യിൽ നിന്ന് അമിത് ഷാ പിന്മാറാൻ തയ്യാറാകാത്തത് ഭാഷയുടെ പേരിൽ പുതിയ സംഘർഷ വേദി തുറക്കുന്നതിന്‍റെ ലക്ഷണമാണെന്ന് പിണറായിയു൦ പ്രതികരിച്ചിരുന്നു.

ബിജെപിയുടെ സഖ്യകക്ഷികള്‍ പോലും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Trending News