അമിത് ഷാ കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ സന്ദര്‍ശനം നടത്തും

വ്യോമ സന്ദര്‍ശനത്തിന് ശേഷം 4:30 ന് അമിത്ഷായുടെ സാന്നിധ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി യെദ്ദ്യൂരപ്പ ബെലഗാവിയിലെ സംബ്ര വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തും. 

Last Updated : Aug 11, 2019, 11:40 AM IST
അമിത് ഷാ കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ സന്ദര്‍ശനം നടത്തും

ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ സന്ദര്‍ശനം നടത്തും.  ബെലഗാവി ജില്ലയിലെ പ്രദേശങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്.

ഉച്ചയ്ക്ക് 2:30 നാണ് അമിത് ഷാ വ്യോമ സന്ദര്‍ശനം നടത്തുന്നത്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്ദ്യൂരപ്പയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.

വ്യോമ സന്ദര്‍ശനത്തിന് ശേഷം 4:30 ന് അമിത്ഷായുടെ സാന്നിധ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി യെദ്ദ്യൂരപ്പ ബെലഗാവിയിലെ സംബ്ര വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തും.  കൂടിക്കാഴ്ചയില്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് വിലയിരുത്തും.

കാലവര്‍ഷക്കെടുതിയില്‍ പെട്ട് 24 പേരാണ് കര്‍ണ്ണാടകയില്‍ മരണമടഞ്ഞത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി ബി.എസ്. യെദ്ദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു.

കര്‍ണാടകയിലെ വെള്ളപൊക്ക ദുരിതബാധിത പ്രദേശങ്ങളില്‍ സംയുക്തസേനയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബെലഗാവില്‍ ഗര്‍ഭിണികളായ രണ്ട് സ്ത്രീകളും രണ്ട് പിഞ്ചുകുട്ടികളും ഉള്‍പ്പെടെ കുടുങ്ങി കിടന്ന 85 പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു. 

ശക്തമായ മഴയില്‍ കര്‍ണാടകയിലെ 17 ജില്ലകളാണ്  വെള്ളപ്പൊക്കത്തിലായത്. 20 ദേശീയ ദുരന്ത നിവാരണ സേന , 2 സംസ്ഥാന ദുരന്ത നിവാരണ സേന , 10 കരസേന സംഘങ്ങള്‍, 5 നാവിക സേന സംഘങ്ങള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് രണ്ട് ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചതായും 664 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.61 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. വെള്ളപൊക്ക ദുരിതബാധിത ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും കോളേജുകളും ആഗസ്റ്റ് 15 വരെ അടച്ചു.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി മന്ത്രി ജനങ്ങളോട് നേരിട്ട് വിവരങ്ങള്‍ അന്വേഷിച്ച് അറിഞ്ഞിരുന്നു.

Trending News