ന്യൂഡല്‍ഹി: മദ്യ രാജാവ് വിജയ് മല്ല്യ രാജ്യം വിടും മുന്‍പ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം പുറത്തു വന്നിരിക്കേ കേന്ദ്ര സര്‍ക്കാരിനെതിരെയും മോദിയ്ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഇക്കാര്യത്തില്‍ അരുണ്‍ ജയ്റ്റ്ലി നുണപറയുകയാണെന്നും ഈ സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് എംപിമാര്‍ സാക്ഷികളായുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മല്ല്യയെ ജെയ്റ്റ്ലി കണ്ടതിന് താന്‍ സാക്ഷിയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ പി. എല്‍ പുനിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ആ കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റ് നീണ്ടുനിന്നുവെന്നും അദ്ദേഹം പറഞ്ഞു.
മല്ല്യ-ജെയ്റ്റ്‌ലി കൂടിക്കാഴ്ചയെക്കുറിച്ച് താന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നതാണെന്നും പുനിയ കൂട്ടിച്ചേര്‍ത്തു.
ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് അതുണ്ടായത്. അതിനുശേഷം ജെയ്റ്റ്‌ലി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. പക്ഷേ കൂടിക്കാഴ്ചയെക്കുറിച്ച് ഒരുവാക്കുപോലും മിണ്ടിയിട്ടില്ല. അത് വിശ്വാസ വഞ്ചനയാണ്. ആ കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങളുണ്ട്. പറഞ്ഞത് തെറ്റെങ്കില്‍ രാഷ്ട്രീയം വിടാമെന്നും അല്ലെങ്കില്‍ ജെയ്റ്റ്‌ലി തന്‍റെ പദവികള്‍ ഒഴിയണമെന്നും പുനിയ പറഞ്ഞു.
സര്‍ക്കാര്‍ എല്ലാവിഷയത്തിലും കള്ളം പറയുകയാണ്. റാഫേല്‍ കരാര്‍, വിജയ് മല്ല്യയുടെ നാടുവിടല്‍ അങ്ങനെ എല്ലാ വിഷയത്തിലും നുണകളാണ് പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിന് സുഖമായി നാടുവിടാനുള്ള സൗകര്യം ധനമന്ത്രി ഒരുക്കിക്കൊടുത്തതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.