ബംഗളൂരു: ബ്രാഹ്മണ സമുദായത്തിന്‍റെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആവിഷക്കരിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍...
നിലവില്‍ ഈ പദ്ധതികളുടെ പ്രയോജനം ലഭിക്കുക ദരിദ്രയായ ബ്രാഹ്മണ യുവതികള്‍ക്കാണ്. കര്‍ണാടകയിലെ (Karnataka) ബ്രാഹ്മണ വികസന ബോര്‍ഡാണ് (Brahmin Development Board) പുതിയ രണ്ട് പുതിയ വിവാഹ പദ്ധതികള്‍ ആരംഭിച്ചത്. 'അരുന്ധതി', 'മൈത്രേയി' എന്നിങ്ങനെയാണ് പദ്ധതികളുടെ പേര്.
ബ്രാഹ്മണരിലെ സാമ്പത്തികമായി താഴ്ന്നവര്ക്കാണ് (Economically Weaker Sections) ഈ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുക. ആദ്യത്തെ പദ്ധതിയായ "അരുന്ധതി" പ്രകാരം 25,000 രൂപ ബ്രാഹ്മണ വധുക്കള്‍ക്ക് നല്‍കുമെന്ന് ബോര്‍ഡ് അറിയിച്ചു. രണ്ടാമത്തെ പദ്ധതിയായ "മൈത്രേയി" അനുസരിച്ച് പൂജാരിമാരെ വിവാഹം കഴിക്കുന്ന ബ്രാഹ്മണ സ്ത്രീകള്‍ക്ക് മൂന്നു വര്‍ഷത്തേയ്ക്ക് മൂന്ന് ലക്ഷം രൂപ നല്‍കും.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ബ്രാഹ്മണരായ കര്‍ഷകര്‍, പാചകജോലി ചെയ്യുന്നവര്‍ എന്നിവരെ വിവാഹം കഴിച്ചാലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയാലേ മൂന്നു ലക്ഷം രൂപ പൂര്‍ണമായും ലഭിക്കൂ. ഓരോ വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും ഒരു ലക്ഷം വീതമാണ് നല്‍കുക.
പദ്ധതിവഴി പണം ലഭിക്കാന്‍ വധുക്കള്‍ക്ക് ചില നിബന്ധനകള്‍ പാലിക്കേണ്ടിവരുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എച്ച്. എസ്. സച്ചിദാനന്ദ മൂര്‍ത്തി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമായിരിയ്ക്കും പണം ലഭിക്കുക എന്നതാണ് മുഖ്യമായത്. വധു ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ളവരായിരിക്കുക മാത്രമല്ല, അത് അവളുടെ ആദ്യ വിവാഹമായിരിക്കണമെന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. കൂടാതെ, വിവാഹിതരായ ദമ്പതികള്‍ ഒരു നിശ്ചിത സമയത്തേക്ക് വിവാഹമോചിതരാകില്ലെന്ന ഉറപ്പും നല്‍കണമെന്നും സച്ചിദാനന്ദ മൂര്‍ത്തി പറഞ്ഞു.
അരുന്ധതി പദ്ധതിക്കായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 550 പെണ്‍കുട്ടികളെ കണ്ടെത്തിയതായി ബ്രാഹ്മണ ബോര്‍ഡ് അറിയിച്ചു. മൈത്രേയി പദ്ധതിക്കായി 25 വധുക്കളെയാണ് തിരഞ്ഞെടുത്തത്.
ബ്രാഹ്മണ സമുദായത്തിലെ യുവതികള്‍ക്ക് വിവാഹ സഹായം കൂടാതെ, പൂജാ ആചാരങ്ങളിലും സന്ധ്യ വന്ദനയിലും (സായാഹ്ന പ്രാര്‍ത്ഥന) പരിശീലനം നേടാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന 4,000ത്തോളം പേര്‍ക്ക് പ്രതിമാസം 500 രൂപ വാഗ്ദാനം ചെയ്യുന്ന പദ്ധതിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഈ സ്കീമിന്‍റെ പ്രായപരിധി 8-80 വയസ്സിനിടയിലാണ്.
ഇവ കൂടാതെ ബ്രാഹ്മണ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതിയും ബോര്‍ഡ് നടപ്പാക്കുന്നുണ്ട്. സ്കോളര്‍ഷിപ്പുകള്‍, ഫീസ്, പരിശീലനങ്ങള്‍ തുടങ്ങിയ വകയില്‍ ധനസഹായം നല്‍കുന്നതിന് 14 കോടി രൂപയാണ് സര്‍ക്കാര്‍ ഈയിനത്തില്‍ നീക്കിവെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.