ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരായി. സിബിഐ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിബിഐ കെജ്രിവാളിന് സമൻസ് നൽകിയത്.
അരവിന്ദ് കെജ്രിവാൾ തന്റെ കാറിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി എത്തിയത്. രാവിലെ 11:10ന് സിബിഐ ആസ്ഥാനത്ത് എത്തിയ കെജ്രിവാളിനെ സിബിഐയുടെ അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ ഒന്നാം നിലയിലെ ഓഫീസിലേക്ക് കൊണ്ടുപോയി. ഈ സമയം സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം ആസ്ഥാനത്ത് എത്തിച്ചേർന്നിരുന്നു.
ALSO READ: രാജ്യത്ത് 24 മണിക്കൂറിനിടെ 10,093 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 57, 542 ആയി
മദ്യനയ രൂപീകരണ പ്രക്രിയയെക്കുറിച്ചാകും കെജ്രിവാളിനോട് സിബിഐ പ്രധാനമായും ചോദിക്കുകയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ കൗൺസിലിന് മുന്നിൽ സമർപ്പിക്കേണ്ടിയിരുന്ന ഒരു ഫയൽ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇതിൽ വിദഗ്ധ സമിതിയുടെയും പൊതുജനങ്ങളുടെയും നിയമവിദഗ്ധരുടെയും അഭിപ്രായങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് സിബിഐ പറയുന്നത്.
കേസിലെ മറ്റ് പ്രതികളുടെ മൊഴികളെ അടിസ്ഥാനമാക്കിയും സിബിഐയിൽ നിന്ന് ചോദ്യങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ചില മദ്യ വ്യവസായികൾക്കും സൗത്ത് മദ്യ ലോബിക്കും അനുകൂലമായാണ് മദ്യനയം രൂപീകരിച്ചതെന്നാണ് സിബിഐയുടെ നിഗമനം. നയം രൂപീകരിക്കുന്നതിൽ കെജ്രിവാളിന് പങ്കുണ്ടായിരുന്നോ?, മദ്യ വ്യവസായികളും സൗത്ത് ലോബിയും ചെലുത്തിയ സ്വാധീനത്തെ കുറിച്ച് കെജ്രിവാളിന് അറിവുണ്ടായിരുന്നോ? തുടങ്ങിയ കാര്യങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്.
ഫെബ്രുവരി 26ന് മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചത്. സിസോദിയയെ കഴിഞ്ഞ മാസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തിരുന്നു. മാർച്ച് 31ന് പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളുകയും ചെയ്തതോടെ സിസോദിയ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
ക്രിമിനൽ ഗൂഢാലോചനയിൽ സിസോദിയ സുപ്രധാനവുമായ പങ്ക് വഹിച്ചെന്ന് കോടതി കണ്ടെത്തി. ഗൂഢാലോചനയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പ്രസ്തുത നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും സിസോദിയ ആഴത്തിൽ പങ്കാളിയായിരുന്നുവെന്നാണ് കോടതി കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...