കേരളമുള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ജെഎംബി സാന്നിധ്യം!

2014 ല്‍ ബംഗാളിലെ ബര്‍ദ്വാനിലുണ്ടായ സ്ഫോടനത്തില്‍ ചില ഭീകരരെ അറസ്റ്റു ചെയ്തപ്പോഴാണ് ജെഎംബിയുടെ സാന്നിധ്യം കണ്ടെത്തിയത്.   

Last Updated : Oct 15, 2019, 01:13 PM IST
കേരളമുള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ജെഎംബി സാന്നിധ്യം!

കേരളത്തിലും മറ്റ് അഞ്ചു സംസ്ഥാനങ്ങളിലും ബംഗ്ലാദേശ് ഭീകരസംഘടനയുടെ കനത്ത സാന്നിധ്യമുണ്ടെന്ന് എന്‍ഐഎ.  മാത്രമല്ല ഇവര്‍ക്ക് ബംഗളൂരുവില്‍ 22 താവളങ്ങളുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി പറഞ്ഞു.

കേരളം, കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എന്ന വ്യാജേനയാണ് ഇവര്‍ പ്രവര്‍ത്തനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ കൃഷണഗിരി മലനിരകളിലും തമിഴ്നാട് കര്‍ണാടക അതിര്‍ത്തികളിലും അത്യുഗ്രസ്ഫോടന ശേഷിയുള്ള ഐഇഡിയും റോക്കറ്റ് ലോഞ്ചറും പരീക്ഷിച്ചുവെന്ന് ഇന്നലെ എന്‍ഐഎ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ഭീകരവിരുദ്ധ സ്ക്വാഡ് തലവന്മാരുടെ യോഗത്തില്‍ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദ് മോദിയും ഐജി അലോക് മിത്തലും അറിയിച്ചു. 

മാത്രമല്ല ജെഎംബി നേതാക്കളെന്ന് സംശയിക്കുന്ന 125 പേരുടെ വിവരങ്ങള്‍ ശേഖരിച്ച് അതാത് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും എന്‍ഐഎ മേധാവി പറഞ്ഞു. 

2007 മുതല്‍ ഇവര്‍ ഇന്ത്യയിലേയ്ക്ക് കടന്നുകയറുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2014 ല്‍ ബംഗാളിലെ ബര്‍ദ്വാനിലുണ്ടായ സ്ഫോടനത്തില്‍ ചില ഭീകരരെ അറസ്റ്റു ചെയ്തപ്പോഴാണ് ജെഎംബിയുടെ സാന്നിധ്യം കണ്ടെത്തിയത്. 

കേരളത്തിലെ ചില പ്രദേശങ്ങളിലും ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൂടാതെ തമിഴ്നാട്ടിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ ക്യാമ്പുകളും യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു.

മാത്രമല്ല സംശയാസ്പദമായ സാഹചര്യത്തില്‍130 പേര്‍ ജെഎംബി നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നതിന്‍റെ തെളിവു ലഭിച്ചിട്ടുണ്ടെന്നും ഐജി അലോക് മിത്തല്‍ പറഞ്ഞു. 

ഇതിനിടയില്‍ ഐഎസ് ബന്ധമുള്ള 127 പേരെ ഇതുവരെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് ഐജി പറഞ്ഞു അതില്‍ 17 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തെ പ്രതിനിധാനം ചെയ്ത് ഡിജിപി ലോക്നാഥ് ബെഹ്‌റയും യോഗത്തില്‍ പങ്കെടുത്തിരുന്നു. 

Trending News